ADVERTISEMENT

വിനീത് ശ്രീനിവാസൻ അഭിനയരംഗത്ത് സജീവമായപ്പോൾ സംഭവിച്ച രസകരമായ കാര്യം നടൻ ശ്രീനിവാസന്റെ ചെറുപ്പകാലം അഭിനയിക്കാൻ വേറെ താരങ്ങളെ തിരഞ്ഞുപോകേണ്ട ആവശ്യമില്ലാതായി എന്നതാണ്. അത്തരം പതിവു സമവാക്യങ്ങളെ തിരുത്തിക്കൊണ്ടാണ് വി.എം വിനു സംവിധാനം ചെയ്ത കുട്ടിമാമ പ്രേക്ഷകർക്കു മുൻപിലെത്തിയത്. ആദ്യമായി ശ്രീനിവാസനും മകൻ ധ്യാനും ഒന്നിച്ചെത്തുന്ന സിനിമ എന്നതിലുപരി ശ്രീനിവാസന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് ധ്യാൻ ആണെന്നുള്ളതാണ് ചിത്രത്തിലെ ഒരു കൗതുകം. ശ്രീനിവാസൻ അവതരിപ്പിക്കുന്ന ശേഖരൻകുട്ടിയുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ ക്ഷണിച്ചപ്പോൾ തനിക്കും സംശയം തോന്നിയെന്ന് തുറന്നു പറയുകയാണ് ധ്യാൻ. ദുർഗ കൃഷ്ണയ്ക്കൊപ്പം മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ധ്യാനിന്റെ രസകരമായ തുറന്നു പറച്ചിലുകൾ! 

Dhyan Sreenivasan - Durga Krishna | Chat Show

 

സത്യം പറ, എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ?

 

'എന്നെ കണ്ടാൽ അച്ഛനെ പോലെയുണ്ടെന്നു പറയുമോ?' ഇതേ ചോദ്യമാണ് ഈ വേഷം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനുവേട്ടൻ എന്നെ സമീപിച്ചപ്പോൾ ഞാൻ ചോദിച്ചത്. അപ്പോൾ വിനുവേട്ടൻ എന്നോടു പറഞ്ഞു, എനിക്ക് എവിടെയോ ഒരു ഛായ ഉണ്ടെന്ന്! മുഖഛായയുടെ കാര്യം ഒരിക്കൽ തമാശയായി അച്ഛൻ അമ്മയോടും ചോദിച്ചിട്ടുണ്ട്. (ചിരിക്കുന്നു) ഞാൻ കുറച്ചു വെളുത്തിട്ടല്ലേ.. പിന്നെ ഉയരവുമുണ്ട്. ഞാൻ അമ്മയുടെ പോലെയാണെന്ന് അമ്മയുടെ വീട്ടുകാർ പറയാറുണ്ട്. എന്റെ കുടുംബത്തിൽ ഏറ്റവും പൊക്കമുള്ളത് എനിക്കാണ്. യഥാർഥത്തിൽ എനിക്ക് അച്ഛന്റെ ഒരു കഴിവും കിട്ടിയിട്ടില്ല. എങ്കിലും എനിക്ക് അദ്ദഹത്തിന്റെ ചെറുപ്പകാലം അഭിനയിക്കാൻ കഴിഞ്ഞല്ലോ!

 

തടിയുള്ളവരെ അംഗീകരിക്കില്ലേ?

 

"ഈ ചിത്രത്തിലെ ശേഖരൻകുട്ടി എന്ന കഥാപാത്രം മെലിഞ്ഞിട്ടാണ്. പക്ഷേ, അതിൽ ആ കഥാപാത്രം പഴയ കാലം പറയുമ്പോൾ തനിക്ക് പണ്ട് നല്ല തടിയൊക്കെ ഉണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്നുണ്ട്. പ്രായമായപ്പോൾ ഷുഗർ വന്ന് മെലിഞ്ഞുപോയതാണെന്നാണ് ശേഖരൻ കുട്ടി പറയുന്നത്. അതുകൊണ്ട് ഈ ചിത്രത്തിലെ കഥാപാത്രത്തിന് തടിയുള്ള ഗെറ്റപ്പ് സ്വീകരിച്ചത്," ചെറിയൊരു കള്ളച്ചിരിയോടെ ധ്യാൻ പറഞ്ഞു തുടങ്ങി. 

 

"തടി കുറച്ച് സിക്സ് പാക്ക് ആക്കിക്കഴിഞ്ഞാൽ ആളുകൾ അഭിനന്ദിക്കും. അതുപോലെ മെലിഞ്ഞിരുന്ന ഒരാൾ ഒരു കഥാപാത്രത്തിനു വേണ്ടി തടി വയ്ക്കുമ്പോൾ അതു അഭിനന്ദിക്കാൻ ആരുമില്ല. ദംഗൽ എന്ന സിനിമയ്ക്കു വേണ്ടി ആമിർ ഖാൻ തടിച്ചപ്പോൾ ആരും പ്രശ്നം പറഞ്ഞില്ലല്ലോ! അതൊരു വലിയ കാര്യമായി ആഘോഷിച്ചു,"– സുഹൃത്തും കുട്ടിമാമയിലെ സഹതാരവുമായ ദുർഗ കൃഷ്ണയ്ക്കു മുൻപിൽ ധ്യാൻ ആത്മരോഷം പ്രകടിപ്പിച്ചു. എന്നാൽ ധ്യാനിന്റെ തടിയെക്കുറിച്ച് രസകരമായ മറ്റൊരു കഥയാണ് ദുർഗയ്ക്ക് പറയാനുണ്ടായിരുന്നത്.  

 

ധ്യാനിന്റെ തടിയെക്കുറിച്ച് ദുർഗയ്ക്ക് പറയാനുള്ളത്

 

കുട്ടിമാമയുടെ സെറ്റിൽ ധ്യാനിന്റെ തടി വലിയ ചർച്ചയായിരുന്നെന്നാണ് ധ്യാനിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ട് ദുർഗ പറയുന്നത്. അതിന്റെ പേരിൽ സംവിധായകനിൽ നിന്നും ഡാൻസ് മാസ്റ്റർ പ്രസന്നയിൽ നിന്നും ധ്യാനിന് ചീത്ത കേൾക്കേണ്ടി വന്നു. രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സാമ്യം നിലനിറുത്തുവാൻ വേണ്ടി തടിയെ പരാമർശിക്കുന്ന പ്രത്യേക സംഭാഷണങ്ങൾ വരെ സംവിധായകന് ചേർക്കേണ്ടി വന്നെന്നും ദുർഗ തുറന്നടിച്ചു. പൊട്ടിച്ചിരിയോടെയാണ് ദുർഗയുടെ പരാമർശത്തെ ധ്യാൻ സ്വീകരിച്ചത്. "എന്താ, തടിയ്ക്കൊരു സൗന്ദര്യമില്ലേ?" ധ്യാൻ ചോദിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com