നെഞ്ചിനകത്ത് ലാലേട്ടൻ... നെഞ്ചുവിരിച്ച് ലാലേട്ടൻ!
Mail This Article
മോഹൻലാൽ എന്ന പേരിനൊരു മാജിക്കുണ്ട്. വിമർശനങ്ങളെ അഭിനന്ദനങ്ങളാക്കി മാറ്റാൻ കെൽപ്പുള്ള മാന്ത്രികത. പ്രഗത്ഭരായ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ഭാവനയും തൂലികയും സമന്വയിച്ചപ്പോൾ പിറന്ന കഥാപാത്രങ്ങളെ കാലാനുവർത്തിയാക്കിയതിനു പിന്നിൽ മോഹൻലാൽ എന്ന നടന്റെ അഭിനയസിദ്ധിക്ക് വലിയ പങ്കുണ്ട്. എത്ര അനായാസമായാണ് ഒരു കഥാപാത്രത്തിൽ നിന്നു മറ്റൊരു കഥാപാത്രത്തിലേക്ക് മോഹൻലാൽ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ശരാശരി നിലവാരം പുലർത്തിയ ചിത്രങ്ങൾ പോലും തന്റെ സാന്നിധ്യം കൊണ്ട് മോഹൻലാൽ കാഴ്ചയോഗ്യമാക്കിയിട്ടുണ്ട്. ആരാധകർക്കുവേണ്ടി താരപരിവേഷത്തിന്റെ സമസ്ത ഭാവങ്ങളും ആവാഹിച്ച് ഇഷ്ടപ്പെടുത്തിയിട്ടുമുണ്ട്, ചിലപ്പോഴെങ്കിലും നിരാശരാക്കിയിട്ടുമുണ്ട്. എങ്കിലും, ഒരു പുതിയ മോഹൻലാൽ ചിത്രം വരുന്നെന്ന് അറിയുമ്പോൾ അതു കാണാൻ കൊള്ളാവുന്ന ചിത്രമായിരിക്കുമെന്ന ഒരു പ്രതീക്ഷ നിലനിറുത്താൻ മോഹൻലാലിലെ നടന് ഇപ്പോഴും കെൽപ്പുണ്ട്.
ഓർമയിലേക്കൊരു ക്ലിക്ക്
എൺപതുകളുടെ പകുതിയിൽ ജനിച്ച തലമുറയ്ക്ക് മോഹൻലാലിനെക്കുറിച്ചുള്ള ആദ്യ ചലച്ചിത്ര ഓർമ 'ചിത്രം' എന്ന സിനിമയുടെ കാഴ്ച സമ്മാനിച്ച കൗതുകമായിരിക്കും. ഒരു പക്ഷേ, മലയാളികൾ ഏറ്റവും കൂടുതൽ തവണ കണ്ടിട്ടുള്ള മോഹൻലാൽ സിനിമകളിലൊന്നാണ് 'ചിത്രം'. കയ്യിലെ വിരലുകൾ പ്രത്യേക രീതിയിൽ ചേർത്തു വച്ച് ഫോട്ടോ എടുക്കുന്നതായി അഭിനയിക്കുന്ന മോഹൻലാലിന്റെ കഥാപാത്രം കുട്ടിക്കാലത്ത് പലരെയും ഫോട്ടോഗ്രാഫർമാരാക്കി. സ്കൂളിൽ പോകുന്ന വഴികളിൽ ഒരു ഫിലിം റോൾ പോലുമില്ലാതെ അവർ പരസ്പരം ഫോട്ടോകൾ എടുത്തു. തോളു ചെരിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്ത് ആർത്തു ചിരിച്ചു. ഒരു ശീലമായി മോഹൻലാൽ എന്ന താരവും അദ്ദേഹത്തിന്റെ മാനറിസങ്ങളും എത്രയോ തലമുറകളുടെ ജീവിതത്തിലേക്ക് അങ്ങനെ ചേക്കേറുകയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിൽ നിന്ന് കാലം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കുതിച്ചപ്പോൾ അവയ്ക്കൊപ്പം മോഹൻലാലിന്റെ കഥാപാത്രങ്ങളും അഭിനയത്തിന്റെ പുതിയ ചക്രവാളങ്ങൾ തേടി. തോറ്റുപോയിരുന്ന, നിസഹായനായിരുന്ന, കരഞ്ഞിരുന്ന മോഹൻലാൽ കഥാപാത്രങ്ങൾ മീശ പിരിച്ചും ഗുണ്ടകളെ ഇടിച്ചിട്ടും വമ്പൻ ഡയലോഗുകൾ പറഞ്ഞും സിനിമാകൊട്ടകകൾ പൂരപ്പറമ്പാക്കി. ടൗണിലുള്ള തിയ്യറ്ററിൽ പോയി സിനിമ കണ്ടിട്ട് വരുന്നവരിൽ നിന്ന് സിനിമാക്കഥകൾ കേട്ടിരുന്ന കാലം, ഓഡിയോ കാസറ്റുകൾക്ക് വഴി മാറി. സിനിമാ ശബ്ദരേഖ ഓഡിയോ കാസറ്റുകളായി ലഭിക്കാൻ തുടങ്ങിയതോടെ ഒഴിവു ദിവസങ്ങളിൽ ടേപ്പ് റെക്കോർഡിനു ചുറ്റുമായി ചെവികൂർപ്പിച്ച് മോഹൻലാലിന്റെ ഡയലോഗുകൾ കേട്ട് കണ്ണുമിഴിച്ചിരുന്ന പെൺകൂട്ടങ്ങളുടെ ഓർമ പഴയ ഗ്രാമക്കാഴ്ചകളിൽ അടയാളപ്പെടുത്താം. ഈ കാഴ്ചകളും ശബ്ദങ്ങളുമായിരുന്നു ഒരു തലമുറയുടെ ആൺ–പെൺ കാഴ്ചകളെയും പ്രണയത്തെയും ജീവിതത്തെയും നിർവചിച്ചത്.
എങ്കിലേ എന്നോടു പറ, ‘ഐ ലവ് യൂ’ന്ന്
അനിയത്തിപ്രാവിലെ കുഞ്ചാക്കോ ബോബനേക്കാളും സല്ലാപത്തിലെ ദിലീപിനെക്കാളും പലരുടെയും മനസ്സിൽ കയറിക്കൂടിയത് വന്ദനത്തിലെ ഉണ്ണികൃഷ്ണനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമനുമൊക്കെയായിരുന്നു. ആ പ്രണയ ഓർമകളെ അനിയത്തിപ്രാവിലെ സുധിക്കോ സല്ലാപത്തിലെ ശശികുമാറിനോ എളുപ്പത്തിൽ മായ്ക്കാവുന്നയായിരുന്നില്ല. പ്രണയലേഖനങ്ങളിൽ സോളമനെ കാണാനായിരുന്നു ഇഷ്ടം. 'ഐ ലവ് യു' എന്നൊക്കെ പറയുന്നത് വലിയ പാതകമായി കണക്കാക്കിയിരുന്ന കാലത്ത്, 'എങ്കിലേ എന്നോടു പറ, ഐ ലവ് യൂ' എന്ന് മോഹൻലാലിനെ അനുകരിച്ച് പറഞ്ഞിരുന്ന കാമുകന്മാരെ പെൺകുട്ടികൾ ഇഷ്ടപ്പെട്ടിരുന്നു. അതിലെ പാതി ഇഷ്ടം ഒരു പക്ഷേ, മോഹൻലാലിന് മാത്രം അവകാശപ്പെട്ടതായിരുന്നു.
കാരണം, മലയാള സിനിമയിൽ 'ഐ ലവ് യു' എന്ന് ഇത്രയും പ്രണയാർദ്രമായി കുറുമ്പുകൾ ചേർത്ത് മറ്റേതു താരമാണ് പറഞ്ഞിട്ടുള്ളത്! വർഷങ്ങളിത്ര കഴിഞ്ഞിട്ടും, ഒരു പെൺകുട്ടിയോട് പ്രണയം തുറന്നുപറയാൻ ഒരു ആൺകുട്ടി ആലോചിക്കുമ്പോൾ മനസിൽ തെളിയുന്ന ചിത്രങ്ങളിൽ തീർച്ചയായും മോഹൻലാലിന്റെ ഒരു കഥാപാത്രമുണ്ടായിരിക്കും. നല്ല അച്ഛൻ, ഭർത്താവ്, മകൻ, സുഹൃത്ത്, കാമുകൻ എന്നിങ്ങനെ ഒരു ആൺജീവിതത്തിന്റെ പലവേഷങ്ങളിലും മാതൃകയായി മോഹൻലാലിന്റെ കഥാപാത്രങ്ങൾ മലയാളിയുടെ ബോധമണ്ഡലത്തിലുണ്ട്.
ഡിജിറ്റൽ കാലത്തെ സിനിമയും മോഹൻലാലും
ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപകമായതോടെ സിനിമാക്കാഴ്ചകളും അനുഭവങ്ങളും മാറാൻ തുടങ്ങി. കൂടുതൽ സിനിമകൾ വീടകങ്ങളിലേക്കെത്തി. തിക്കിത്തിരക്കി തിയറ്ററിൽ പോയില്ലെങ്കിലും വീട്ടിലിരുന്ന് സിനിമ കാണാവുന്ന സൗകര്യങ്ങളായി. അപ്പോഴും ടെലിവിഷനു മുന്നിൽ പിടിച്ചിരുത്തുന്ന മുഖങ്ങളിലൊന്നു മോഹൻലാലിന്റേതു തന്നെ. മണിച്ചിത്രത്താഴും മിന്നാരവും കിലുക്കവും എത്രയാവർത്തി മലയാളികൾ കണ്ടിരിക്കുന്നു. ചാനലുകളും കേബിളും സജീവമായതോടെ, ടെലിവിഷൻ അഭിമുഖങ്ങളിലൂടെ സിനിമയിലെ കഥാപാത്രമാകാതെ സംസാരിക്കുന്ന താരത്തെ കണ്ടു.
ഓണത്തിനും വിഷുവിനും മോഹൻലാലിന്റെ അഭിമുഖങ്ങൾ. അതിലൂടെ മോഹൻലാൽ എന്ന വ്യക്തിയെക്കൂടി അറിയുകയായിരുന്നു. മനസ്സിലാക്കുകയായിരുന്നു. അഭിനയകേന്ദ്രീകൃത കഥാപാത്രങ്ങളിൽ നിന്ന് മോഹൻലാൽ എന്ന നടൻ മാസ് മസാല ചിത്രങ്ങളിലേക്ക് അപ്പോഴേക്കും ചുവടു മാറ്റി. സിനിമയുടെ വാണിജ്യ സമവാക്യങ്ങളും അതോടൊപ്പം മാറിയിരുന്നു. വീട്ടിലെ ടെലിവിഷൻ സെറ്റുകൾക്ക് മുന്നിൽ നിന്ന് പ്രേക്ഷകരെ തിയറ്ററിൽ എത്തിക്കണമെങ്കിൽ മാസ് സിനിമ തന്നെ വേണ്ടി വരുമെന്ന അവസ്ഥ. തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാൻ മോഹൻലാൽ പല അവതാരങ്ങളും സ്വീകരിച്ചു. അവയിൽ പലതും മലയാള സിനിമയെ വാണിജ്യവിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു. ഇപ്പോഴും വാണിജ്യവിജയങ്ങളുടെ പട്ടികയിൽ മോഹൻലാൽ ചിത്രങ്ങളാകും മുൻപന്തിയിൽ ഉണ്ടാകുക. അൻപതു കോടി ക്ലബ്, നൂറു കോടി ക്ലബ്, ഇരുന്നൂറു കോടി ക്ലബ് എന്നിങ്ങനെ പുതിയ ശീലങ്ങളിലേക്ക് മലയാളസിനിമയെ വഴിതിരിച്ചു വിട്ടതിലും മോഹൻലാൽ എന്ന താരത്തിന്റെ താരമൂല്യത്തിന് നിർണായക പങ്കുണ്ട്.
സമൂഹമാധ്യമകാലത്തെ മോഹൻലാൽ
സമൂഹമാധ്യമങ്ങളെക്കുറിച്ച് അതിന്റെ സ്രഷ്ടാക്കൾ ആലോചിക്കുന്നതിനും എത്രയോ മുൻപാണ് മോഹൻലാൽ എന്ന താരമുണ്ടാകുന്നത്. എഴുത്തിലൂടെയും സിനിമയിലെ കാഴ്ചകളിലൂടെയും പരുവപ്പെട്ട സൂപ്പർതാര പദവിയുള്ള മോഹൻലാലിനെയാണ് സമൂഹമാധ്യമങ്ങളുടെ പുതിയ കാലം കാണുന്നത്. ഇടനിലക്കാരനായി മറ്റാരുമില്ലാതെ താരം നേരിട്ടു സംവദിച്ചപ്പോൾ ആരാധകർക്കുണ്ടായിരുന്ന പല ധാരണകളും മാറിമറിഞ്ഞു. ഏതൊരു താരനിർമിതിയേയും അപനിർമിക്കുന്ന പുതിയ കാലത്ത് നാലു ദശാബ്ദങ്ങളായി മലയാളിയുടെ ആൺസൗന്ദര്യസങ്കൽപങ്ങളെ നിർമിച്ചുപോന്ന മോഹൻലാലും പുനർവായനയ്ക്ക് വിധേയനാകേണ്ടി വരുന്നത് സ്വാഭാവികം മാത്രം. പക്ഷേ, ആ അപനിർമിതിയിൽ മോഹൻലാലിന്റെ കഥാപാത്രങ്ങളുടെ ഉത്തരവാദിത്തം അവ നിർമിച്ച സംവിധായകനിൽ നിന്നും അവ ഒരുക്കിയ തിരക്കഥാകൃത്തുക്കളിൽ നിന്നും മോഹൻലാൽ എന്ന താരത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. അതിൽ അദ്ഭുതമില്ല. കാരണം, ആ കഥാപാത്രങ്ങളെ കാലാനുവർത്തിതമാക്കിയത് മോഹൻലാൽ എന്ന നടന്റെ അഭിനയമികവ് കൂടിയാണല്ലോ!