അനിയത്തിയുടെ പ്രതികരണത്തിൽ അസ്വസ്ഥയായി, അന്ന് ആ തീരുമാനമെടുത്തു: സായി പല്ലവി
Mail This Article
ഫെയർനെസ് ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്നു പറഞ്ഞതിനു കാരണം വെളിപ്പെടുത്തി തെന്നിന്ത്യൻ താരം സായി പല്ലവി. സ്വന്തം ജീവിതാനുഭവങ്ങളാണ് സൗന്ദര്യത്തെയും നിറത്തെയും കുറിച്ചുള്ള ഇപ്പോഴത്തെ നിലപാടിലേയ്ക്ക് എത്തിച്ചതെന്നു വ്യക്തമാക്കിയ താരം തനിക്കിപ്പോഴും അത്തരം നിരവധി അരക്ഷിതാവസ്ഥകളുണ്ടെന്നും തുറന്നുപറഞ്ഞു.
സ്വന്തം നിറത്തെക്കുറിച്ചോർത്ത് ഒരാൾ എത്രത്തോളം അരക്ഷിതാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ സന്ദർഭം സായി പല്ലവി ആരാധകരുമായി പങ്കുവച്ചു. "എനിക്ക് ഏറ്റവും അടുപ്പമുള്ളവർ എന്നു പറയുന്നത് എന്റെ അപ്പയും അമ്മയും അനിയത്തി പൂജയുമാണ്. എനിക്ക് അവളെക്കാൾ അൽപം നിറം കൂടുതലല്ലേ എന്നൊരു കോപ്ലക്സ് അവൾക്കുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചു കണ്ണാടിക്കു മുൻപിൽ നിൽക്കുമ്പോൾ അവൾ ഇതു പറയും. അവൾക്ക് ചീസ്, ബർഗർ അതൊക്കെയാണ് ഇഷ്ടം. ഒരിക്കൽ ഞാൻ പറഞ്ഞു, ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചാൽ നിറം വയ്ക്കുമെന്ന്. അതു കേട്ട് അവൾ അതൊക്കെ കഴിക്കാൻ തുടങ്ങി. അവൾക്ക് അതൊന്നും സത്യത്തിൽ ഇഷ്ടമല്ല. പക്ഷേ, അവൾ ഇതൊക്കെ കഴിക്കാൻ തുടങ്ങിയത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നെക്കാൾ അഞ്ചു വയസിന് ഇളയതാണ് അവൾ. ഇങ്ങനെയൊരു പ്രതികരണം അവളിലുണ്ടാക്കാൻ എന്റെ കമന്റിനു കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാനാകെ അസ്വസ്ഥയായി," സായി പല്ലവി പറഞ്ഞു.
ഫെയർനസ് ക്രീം പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം തനിക്ക് ആവശ്യമില്ലെന്ന് ആവർത്തിച്ച താരം തനിക്ക് ചുറ്റുമുള്ളവരുടെ സന്തോഷത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും വ്യക്തമാക്കി. "ഇന്ത്യക്കാരുടെ നിറം ഇതാണ്. വിദേശികളുടെ നിറം അൽപം വെളുത്തതാണ്. അതു അവരുടെ നിറം. ദക്ഷിണാഫ്രിക്കയിലുള്ളവരുടെ നിറം അൽപം ഇരുണ്ടതാണ്. അതൊക്കെ അവരുടെ വംശപാരമ്പര്യത്തിന്റെ ഭാഗമാണ്. അതിനർത്ഥം അവരൊന്നും ഭംഗിയില്ലാത്തവർ എന്നല്ലല്ലോ," സായി പല്ലവി ചോദിക്കുന്നു.
പ്രേമം എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് സൗന്ദര്യത്തെക്കുറിച്ചുള്ള സങ്കൽപങ്ങൾ മാറിമറിഞ്ഞതെന്നും താരം തുറന്നു പറഞ്ഞു. "പ്രേമം ഞാൻ ചെയ്തിരുന്നില്ലെങ്കിൽ ഞാനും എന്റെ മുഖക്കുരു മാറുന്നതിന് പലതരം ക്രീമുകൾ ഉപയോഗിച്ചു നോക്കുമായിരുന്നു. ഞാൻ പുരികം ത്രെഡ് പോലും ചെയ്തിരുന്നില്ല. ഒരു മെയ്ക്കപ്പ് പോലും ഇടാതെ, മുടിയൊന്നും സെറ്റ് ചെയ്യാതെ എങ്ങനെ ഒരു സിനിമയിൽ നായികയായി അഭിനയിക്കാൻ പറയുന്നു എന്ന് ഞാൻ അൽഫോൻസ് പുത്രനോടു ചോദിച്ചിട്ടുണ്ട്. പ്രേക്ഷകർ ഇതൊക്കെ കാണുമോ? അവർ എഴുന്നേറ്റ് പോകില്ലേ എന്നൊക്കെയായിരുന്നു എന്റെ ചോദ്യങ്ങൾ. ആ സിനിമ ആദ്യമായി തിയറ്ററിൽ കാണുമ്പോൾ ഞാൻ എന്റെ അമ്മയുടെ കൈ പിടിച്ച് ഞെരിച്ച് ഓരോന്നു പറയുകയായിരുന്നു, ദാ നോക്ക്, എന്നെ കാണാൻ ആൺകുട്ടികളെപ്പോലെ ഇല്ലേ എന്നൊക്കെ," സായി പല്ലവി ഓർത്തെടുത്തു.
ഒരു പെൺകുട്ടി എന്ന നിലയിൽ പല അരക്ഷിതാവസ്ഥകളും ഇപ്പോഴും തനിക്കുണ്ടെന്നും എന്നാൽ ചിലതൊക്കെ ചെറിയ രീതിയിൽ എങ്കിലും മാറ്റാൻ കഴിയുമെങ്കിൽ അതിനു വേണ്ടിയാണ് തന്റെ ശ്രമമെന്നും സായി പല്ലവി കൂട്ടിച്ചേർത്തു.