കെവിന്‍ വധക്കേസ് സിനിമയാകുന്നു
Mail This Article
കെവിന്‍ വധക്കേസ് സിനിമയാകുന്നു. കേരളം ഞെട്ടലോടെ കേട്ട കൊലപാതകവും അതിനു പിന്നിലെ സംഭവങ്ങളുമാണ് സിനിമയായി ദൃശ്യവത്കരിക്കുന്നത്. ‘ഒരു ദുരഭിമാനക്കൊല’ എന്നാണ് ചിത്രത്തിന്‍റെ പേര്. സിനിമയുടെ ടൈറ്റില്‍, കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു.
പ്രണയവിവാഹം ചെയ്തതിന്റെ പേരില്‍ കെവിന്‍ എന്ന ചെറുപ്പക്കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ വിചാരണ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മജോ മാത്യുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഇന്‍സ്‌പയര്‍ സിനിമ കമ്പനിയുടെ ബാനറില്‍ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറി ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികമോഹന്‍, സബിത എന്നിവരാണ് അഭിനേതാക്കള്‍. രാജേഷ് കളത്തിപ്പടിയാണ് ക്യാമറ.
ഉഷ മേനോന്‍, സുമേഷ് കുട്ടിക്കല്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. യേശുദാസ്, യുവഗായകനായ മനോജ് തിരുമംഗലം എന്നിവര്‍ ആലപിക്കും. സംഗീതസംവിധായകനായി നടന്‍ അശോകന്‍ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.