ADVERTISEMENT

എറണാകുളം സിറ്റി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്പെക്ടർ വി.എസ്. നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന സിറ്റി അസി.പൊലീസ് കമ്മിഷണർ പി.എസ്. സുരേഷിനെതിരെ ലൈംഗിക ആരോപണം. മേജർ രവിയുടെ സഹോദരനും നടനുമായ കണ്ണൻ പട്ടാമ്പിയുടെ ഭാര്യയാണ് സുരേഷിനെതിരെ രംഗത്തു വന്നത്. 2017ൽ നൽകിയ പരാതിയിൽ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് നീതി തേടി ഡിജിപിയെ സമീപിച്ചിരുന്നു. അതിനിടെയാണ് സുരേഷിനെതിരെ പൊലീസിൽനിന്നു തന്നെ പരാതി ഉയർന്നത്.

സുരേഷിനെതിരെ നിരവധി പരാതികൾ വന്നിട്ടും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കണ്ണൻ പട്ടാമ്പി മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി.

പരാതിക്ക് ആസ്പദമായ സംഭവത്തെക്കുറിച്ച് കണ്ണൻ പട്ടാമ്പി പറയുന്നത് ഇങ്ങനെ: "സുരേഷ് പട്ടാമ്പി സിഐ ആയിരുന്ന സമയത്ത് ഞാനും അയാളും നല്ല സുഹൃത്തുക്കളായിരുന്നു. ജനമൈത്രി പൊലീസിനെ പല രീതിയിലും ഞാൻ സഹായിക്കാറുണ്ടായിരുന്നു. ഞങ്ങളുടേത് സിനിമയുമായി അടുപ്പമുള്ള കുടുംബമായതുകൊണ്ട് അവിടെ വരുന്ന ഒരു വിധം എല്ലാ പൊലീസ് ഉദ്യോഗസ്ഥരുമായും എനിക്ക് നല്ല ബന്ധമാണ്. സുരേഷ് പലപ്പോഴും വീട്ടിൽ വരികയും ഒരുമിച്ചു മദ്യപിക്കുകയും ചെയ്യാറുണ്ടായിരുന്നു.

2016 ജൂൺ ഏഴിന് ഞങ്ങളുടെ വീടിനടുത്ത് ഒരു പൊലീസുകാരന്റെ ഗൃഹപ്രവേശം ഉണ്ടായിരുന്നു. അന്നു രാത്രി സുരേഷ് വിളിച്ച്, എന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്നു പറഞ്ഞു. ഞാൻ അപ്പോൾ പുറത്തായിരുന്നു. ഇയാളുടെ ഫോൺ വന്നതിനെ തുടർന്ന് വീട്ടിൽ എത്തിയപ്പോഴേക്കും അയാൾ പോകുകയാണ് എന്നു പറഞ്ഞ് തിടുക്കത്തിൽ ഇറങ്ങി. വീട്ടിൽ എന്താണു സംഭവിച്ചതെന്ന് ഭാര്യ എന്നോട് അപ്പോൾ പറഞ്ഞില്ല.

പക്ഷേ ആ ദിവസത്തിനു ശേഷം എന്റെ ഭാര്യ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു. മകളുടെ പിറന്നാളിന് സിഐ സുരേഷിനെ ക്ഷണിക്കാമെന്നു പറഞ്ഞപ്പോൾ അവർ എതിർത്തു. ഒരുമിച്ച് മദ്യപിക്കുന്നതിലുള്ള നീരസമായിരിക്കും ഭാര്യയുടെ അത്തരം പ്രതികരണത്തിന് പിന്നിലെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, ആ സംഭവത്തിനു ശേഷം സുരേഷ് എന്നെ ദ്രോഹിക്കാൻ തുടങ്ങി. എന്താണ് അതിനു കാരണമെന്ന് എനിക്കു മനസ്സിലായിരുന്നില്ല. 2017ലാണ് ഭാര്യ എന്നോട് കാര്യങ്ങൾ തുറന്നു പറഞ്ഞത്. അന്നു രാത്രി സുരേഷ് വീട്ടിൽ വന്നപ്പോൾ വെള്ളമെടുക്കാൻ പോയ എന്റെ ഭാര്യയെ അയാൾ കടന്നുപിടിക്കാൻ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ഭാര്യ എന്നോടു വെളിപ്പെടുത്തി.

 

ഭാര്യയുടെ പരാതി 2017ൽ തന്നെ പൊലീസ് കംപ്ലെയ്ന്റ് സെല്ലിൽ നൽകി. രഹസ്യ സ്വഭാവം നിലനിർത്തിയാകും കംപ്ലെയ്ന്റ് സെല്ലിലെ പരാതികൾ കൈകാര്യം ചെയ്യുന്നതെന്ന് അറിഞ്ഞതുകൊണ്ടാണ് അവിടെ പരാതി നൽകിയത്. എന്നാൽ ആ പരാതിയിൽ നടപടികൾ ഒന്നും ഉണ്ടായില്ല. അതിനെത്തുടർന്ന്, ഈ വർഷം മാർച്ച് ആറിന് തൃത്താല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി രസീത് കൈപ്പറ്റി. പരാതി എസ്പിയുടെ മുന്നിലെത്തി. ആലത്തൂർ ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതലയും നൽകി. പക്ഷേ, അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. പൊലീസുകാർ ഒത്തുകളിച്ച് കേസ് ഇല്ലാതാക്കി. നീതി നടപ്പാകണം എന്ന് ആവശ്യപ്പെട്ട് ജൂൺ 14ന് ഞാൻ ഡിജിപിയെ സമീപിച്ചു. അതോടൊപ്പം ഹൈക്കോടതിയിൽ കേസ് കൊടുത്തു. ഡിജിപി, എസ്പി, എസ്ഐ എന്നിവരെയൊക്കെ കക്ഷി ചേർത്താണ് ഞാൻ വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്," –കണ്ണൻ പട്ടാമ്പി പറഞ്ഞു.

‘ഇത് സുരേഷിന്റെ സ്ഥിരം പരിപാടിയാണ്. ഇയാൾ കീഴുദ്യോഗസ്ഥരെ ചീത്ത പറയുന്ന ഓഡിയോ ക്ലിപ് എന്റെ കയ്യിലുണ്ട്. ഇയാൾക്കെതിരെ എസ്പിക്ക് നിരവധി തവണ പരാതി പോയിട്ടുണ്ട്. സുരേഷ് പലപ്പോഴും കീഴുദ്യോഗസ്ഥരുടെ ഭാര്യമാരോട് ലൈംഗിക ഒത്താശ ചെയ്തു തരണമെന്ന് ആവശ്യപ്പെടാറുണ്ട്. മദ്യപിച്ചാൽ വളരെ മോശമായാണ് ഇയാൾ പെരുമാറുക. എറണാകുളം സിറ്റി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന നവാസിന്റെ തിരോധാനം ചർച്ചയാകുന്നതിന് മുൻപു തന്നെ ഹൈക്കോടതിയിൽ കേസുമായി ഞങ്ങൾ പോയിരുന്നു’– കണ്ണൻ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സുരേഷ് സ്ഥാനമാനങ്ങൾ തരപ്പെടുത്തിയതെന്നും കണ്ണൻ പട്ടാമ്പി ആരോപിച്ചു. ‘മാർക്സിസ്റ്റ് പാർട്ടിയിലെ സ്വാധീനം ഉപയോഗിച്ചാണ് സുരേഷ് പൊലീസിൽ ഉന്നത സ്ഥാനങ്ങളിലെത്തിയത്. നിരവധി കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. എൽഡിഎഫ് സർക്കാർ വരുന്നതിനു മുൻപ് ഇയാൾ കോൺഗ്രസ് യൂണിയനിലായിരുന്നു. മന്ത്രി എ.സി. മൊയ്തീന്റെ രണ്ട് അനുജന്മാരാണ് ഇയാളെ സഹായിക്കുന്നത്. അങ്ങനെയാണ് സുരേഷ് പൊലീസ് ഉന്നത സ്ഥാനങ്ങളിലെത്തിയത്’– കണ്ണൻ ആരോപിക്കുന്നു.

 "കേസിൽ എന്റെ ഭാര്യയുടെ നിലപാടു തന്നെയാണ് എനിക്കുമുള്ളത്. അവർക്കൊപ്പം ഞാൻ നിൽക്കും," – കണ്ണൻ നിലപാട് വ്യക്തമാക്കി.

അതേസമയം, ജനങ്ങളെ സംരക്ഷിക്കണ്ട പൊലീസുകാരിൽ ചിലരിൽനിന്ന് അവർക്കു നേരിടേണ്ടിവരുന്നത് ഞെട്ടിക്കുന്ന അനുഭവങ്ങളാണെന്ന് സംവിധായകൻ മേജർ രവി പറഞ്ഞു. മേജർ രവിയുടെ പ്രതികരണം:

‘ജനങ്ങളുടെ സേവകരാണ് പൊലീസ് ഉദ്യോഗസ്ഥർ. അവരെ കരുതേണ്ടവർ, സംരക്ഷകർ. എന്നാൽ അവരിൽ നിന്നും ജനങ്ങൾക്കു നേരിടേണ്ടി വരുന്നതോ ഞെട്ടിക്കുന്ന ഇത്തരം അനുഭവങ്ങളും. ഇങ്ങനെയൊരു പരാതി കിട്ടിയിട്ടുണ്ടെങ്കിൽ അപ്പോൾത്തന്നെ അയാളെ സര്‍വീസിൽ നിന്നു നീക്കം ചെയ്യണം. അല്ലെങ്കിൽ സസ്പെന്‍ഷൻ നൽകി മാറ്റി നിർത്തണം. നവാസിന്റെ സംഭവത്തിൽത്തന്നെ സുരേഷിനെതിരെ കേസെടുക്കുന്നില്ല. ഇതുവരെ ഒരു രീതിയിലുള്ള നടപടിയും അയാൾക്കു നേരെ ഉണ്ടായിട്ടില്ല. സിസ്റ്റം ഈസ് കറപ്റ്റഡ്.

നിയമം അതിന്റെ വഴിക്കു പോകട്ടെ എന്നുവിചാരിച്ചാണ് ഒന്നും തുറന്നു പറയാതിരുന്നത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോടും കാര്യം പറഞ്ഞു. ഒന്നും ഉണ്ടായില്ല. അവസാനം ഡിജിപിക്ക് പരാതി നൽകി. അവിടെനിന്നു നീതി ലഭിച്ചില്ലെങ്കിൽ കോടതിയിൽത്തന്നെ പോകും. ജനങ്ങളോട് കുറച്ചെങ്കിലും നീതി കാണിക്കൂ.

പൊലീസുകാർ എല്ലാം മോശക്കാരാണെന്നല്ല ഞാൻ പറയുന്നത്. 40 ശതമാനം ആളുകൾ മതി പൊലീസ് സേനയുടെ മുഴുവൻ പേരും കളയാൻ. ചിലരുടെ അഹങ്കാരം കാണുമ്പോൾത്തന്നെ അവരുടെ സ്വഭാവം അറിയാം. പൊലീസിലെ രാഷ്ട്രീയം ഒരിക്കലും നന്നല്ല. പൊളിറ്റിക്സ് തന്നെയാണ് സേനയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com