തോൽക്കാൻ മനസ്സില്ല; വര്‍മയിൽ നിന്ന് ‘ആദിത്യ വർമ’യായി ധ്രുവ് വിക്രം; ടീസർ
Mail This Article
ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിത്യ വർമ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ.
ഗിരീസായ ആണ് സംവിധാനം. തമിഴകത്തെ മുൻനിര സംവിധായകനായ ബാലയെ ഈ പ്രോജക്ടിൽ നിന്നും നീക്കിയാണ് ചിത്രം ഗിരീസായയെ ഏൽപിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രത്തെ കുറിച്ചുള്ള അതൃപ്തി ബാലയെ അറിയിക്കുന്നതും പിന്നീട് അദ്ദേഹം സ്വയം പിന്മാറുന്നതും.
മികച്ച പ്രതികരണമാണ് പുതിയ ടീസറിന് ലഭിക്കുന്നത് . ആദ്യത്തേക്കാള്‍ ഏറെ മികച്ച ടീസര്‍ ആണ് ആദിത്യര്‍ വര്‍മയുടേതെന്നും അര്‍ജുന്‍ റെഡ്ഡിയോട് ചിത്രം നീതി പുലര്‍ത്തുന്നുവെന്നും ആരാധകർ പറയുന്നു. ധ്രുവിന്റെ പ്രകടനവും ഗംഭീരമായെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഗിരീശായയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ബാലയ്ക്കു പുറമെ നായികയായി എത്തിയ മേഘ ചൗധരിയെയും നീക്കിയിരുന്നു. ഈ സിനിമയിൽ പ്രധാന നായികയായി ബനിത സന്ധു എത്തുന്നു. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. റെയ്‌സ അവതരിപ്പിച്ച കഥാപാത്രമായി തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുക.
അര്‍ജുന്‍ റെഡ്ഢിയുടെ സംഗീത സംവിധായകന്‍ രഥന്‍ തന്നെ ആദിത്യവര്‍മയിലെ ഗാനങ്ങള്‍ക്ക് ഈണം പകരും. രവി കെ ചന്ദ്രന്‍ ഛായാഗ്രഹകന്‍. 2011ല്‍ പുറത്തിറങ്ങിയ ഏഴാം അറിവു റിലീസായി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബാല സംവിധാനം ചെയ്ത വർമയുടെ ചിത്രീകരണം ഏകദേശം പൂർത്തിയാക്കി റിലീസിനൊരുങ്ങുമ്പോഴായിരുന്നു ചിത്രം ഉപേക്ഷിക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. സിനിമയുടെ പ്രിവ്യു കണ്ടതിനു ശേഷമായിരുന്നു നിർമാതാക്കളുടെ നടപടി. ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ബാലയെ പിന്തുണച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങൾ വന്നിരുന്നു. എന്നാൽ ധ്രുവിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബാല ട്വീറ്റ് ചെയ്തതോടെ വിവാദങ്ങൾ അടങ്ങി.
മേഘ ചൗധരി, ഈശ്വരി റാവു, റെയ്‌സാ വില്‍സണ്‍, ആകാശ് പ്രേം കുമാര്‍ എന്നിവരായിരുന്നു വര്‍മയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് രാധന്‍ ആയിരുന്നു. എം.സുകുമാര്‍ ആയിരുന്നു ഛായാഗ്രാഹകന്‍. ഇവരെയൊക്കെ നീക്കം ചെയ്താണ് പുതിയ ചിത്രം ആരംഭിച്ചത്.
സമ്മർദം ഏറെ ധ്രുവിന്റെ ചുമലുകളിലായിരുന്നു. നേരത്തെ വർമയുടെ ആദ്യ ടീസർ റിലീസ് ചെയ്തപ്പോൾ ധ്രുവിന്റെ അഭിനയത്തെ പരിസഹിച്ച് വിമർശകർ എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ ടീസറിലൂടെ വിമർശനങ്ങൾക്കെല്ലാം ധ്രുവ് മറുപടി നൽകുകയും ചെയ്തു
സന്ദീപ് റെഡ്ഡി ആദ്യമായി സംവിധാനം ചെയ്ത അർജുൻ റെഡ്ഡി തെലുങ്കിലെ സ്ഥിരം ക്ലീഷെ സിനിമകൾക്കുള്ള മറുപടി കൂടിയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രകടനവും ചിത്രത്തിനു മുതൽക്കൂട്ടായി. അഞ്ചു കോടി രൂപ മുതല്‍മുടക്കിലെടുത്ത ചിത്രം ബോക്സ് ഓഫിസില്‍ അറുപത്തിയഞ്ചു കോടി ലാഭം കൊയ്തിരുന്നു
ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. സന്ദീപ് റെഡ്ഡി തന്നെ സംവിധായകനാകുന്ന സിനിമയിൽ ഷാഹിദ് കപൂർ ആണ് നായകൻ. കബീർ സിങ് എന്നാണ് ഹിന്ദിയിൽ സിനിമയുടെ പേര്. കിയാര അഡ്വാനി നായികയാകുന്നു.