‘ക്ലാസ്മേറ്റ്സിന്റെ വിജയത്തിനു പിന്നിൽ ലാൽ’
Mail This Article
ഇപ്പോൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന ‘41’ എന്ന സിനിമ എന്റെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. മറവത്തൂർ കനവ് ആണ് എന്റെ ആദ്യ സിനിമ. ഞാൻ സംവിധാനം ചെയ്ത പല സിനികളോടും ഇഷ്ടമുണ്ടെങ്കിലും ഒന്നിനെപ്പറ്റിയായതു കൊണ്ട് ക്ലാസ്മേറ്റ്സിനെപ്പറ്റി പറയാം. ക്ലാസ്മേറ്റ്സ് റിലീസ് ചെയ്തിട്ട് ഇപ്പോൾ പതിമൂന്നുവർഷമാകുന്നു. കോളജുകളിൽ ഇപ്പോൾ ധാരാളമായി പഴയ കൂട്ടുകാ രുടെ ഒത്തുചേരലുകൾ ഉണ്ടാകുന്നു.
ഇപ്പോഴും ട്രോളുകളിലും മറ്റും ക്ലാസ്മേറ്റ്സിലെ ഡയലോഗുകളും വിഷ്വലുകളും ധാരാളമായി കാണാറുണ്ട്. ഇത് ന്യൂജനറേഷന്റെ കാലമാണല്ലോ. അതിനിടയിലും കൊണ്ടുപോയി കാണിക്കാവുന്ന സിനിമയാണ് ക്ലാസ്മേറ്റ്സ്. അതിന്റെ ചിത്രീകരണത്തിലായാലും തിരക്കഥയിലായാലും അതു കൈകാര്യം ചെയ്ത വിഷയത്തിലാണെങ്കിലും കാലത്തെ അതിജീവിക്കുന്ന പുതുമ ആ സിനിമയ്ക്കുണ്ട്. ഇപ്പോഴും അത് ടിവിയിൽ വരു മ്പോൾ ധാരാളം മെസേജുകൾ കിട്ടാറുണ്ട്.
രസികൻ എന്ന സിനിമയുടെ പരാജയത്തെ തുടർന്ന് ആരെയും കാണാൻ ഇഷ്ടമില്ലാതെ എറണാകുളത്ത് ഒരു ഫ്ലാറ്റ് എടുത്തു ചുരുണ്ടു കൂടിയിരിക്കുന്ന സമയത്ത് നടൻ സാദിഖ് വിളിച്ചു പറഞ്ഞു. ജെയിംസ് ആൽബർട്ട് എന്ന ഒരാളുണ്ട്, സീരിയലുകൾക്കൊക്കെ സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. അയാൾക്ക് ഒരു കഥ പറയാനുണ്ട്. പറഞ്ഞു വിട്ടേക്കട്ടേ?
ഞാൻ പരമാവധി ഒഴിവാക്കാൻ നോക്കി. പക്ഷേ, സാദിഖ് സുഹൃത്തായതുകൊണ്ട് ഒടുവിൽ എനിക്കു സമ്മതിക്കേണ്ടി വന്നു. പത്തു പതിനഞ്ചു മിനിറ്റ് കൊണ്ട് കഥ കേട്ടിട്ട് ആളെ ഒഴിവാക്കാം എന്നു വിചാരിച്ചു. പക്ഷേ, ആൽബർട്ട് മുഴുവൻ കഥയും പറഞ്ഞു. ഞാൻ കേട്ടിരുന്നു. ആദ്യം തന്നെ എനിക്കു ക്ലാസ്മേറ്റ്സ് എന്ന പേര് ഇഷ്ടമായി. ക്ലാസ്മേറ്റ്സ് എന്നത് ഇംഗ്ലിഷ് പേരാണെങ്കിലും മലയാളം പോലെ എല്ലാവരും ഉപയോഗിക്കുന്ന ഒരു പദമാണത്.
പൂർണമായി സ്ക്രിപ്റ്റ് തയാറാക്കാൻ ഞാൻ പറഞ്ഞു. അതിനുശേഷം ഒരു വർഷം കഴിഞ്ഞാണ് ആ സിനിമ ചെയ്യുന്നത്. അതിനിടയിൽ ചെയ്തതാണ് ചാന്തു പൊട്ട്. അതിനു ശേഷം ചെയ്യാൻ വിചാരിച്ചിരുന്നത് അച്ഛനുറങ്ങാത്ത വീടായിരുന്നു. നിർമാതാക്കളായ ശാന്ത മുരളിയും പ്രകാശ് ദാമോദരനും സമീപിച്ചപ്പോൾ ക്ലാസ്മേറ്റ്സിന്റെ കഥ കേട്ടു നോക്കാൻ പറഞ്ഞു. അവർക്ക് കഥ ഇഷ്ടമായി. അങ്ങനെയാണ് ആ സിനിമ ഉണ്ടാകുന്നത്.
പക്ഷേ ഇന്നു കാണുന്ന ക്ലാസ്മേറ്റ്സ് അല്ല. ആദ്യം എഴുതിയ തിരക്കഥയിൽ ബാംഗ്ലൂരിലെ ഒരു എൻജിനീയറിങ് കോളജിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു. അതിനെ കേരളത്തിലെ ഒരു കോളജിലേക്കു പറിച്ചു നട്ടു. അപ്പോൾ കഥ പൂർണമായി മാറി. കോളജിൽ ഒരുമിച്ചു പഠിച്ചിരുന്നവർ വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന തീം മാത്രം എടുത്തു. ജെയിംസ് പഠിച്ചത് കൊല്ലം ഫാത്തിമ കോളജിലും ഞാൻ ഒറ്റപ്പാലം എൻഎസ്എസ് കോളജിലുമായിരുന്നു. ഞങ്ങൾ രണ്ടുപേരും ഇരുന്ന് പഴയ സംഭവങ്ങളൊക്കെ പറഞ്ഞു പറഞ്ഞാണ് ഇന്നു കാണുന്ന ക്ലാസ്മേറ്റ്സ് എന്ന കഥയിലേക്ക് എത്തിച്ചേർന്നത്.
അതിൽ അഭിനയിച്ചതിൽ പലരും അതിനു മുൻപു ചെയ്ത സിനിമകളൊക്കെ കാര്യമായി ശ്രദ്ധിക്കാതിരുന്ന സമയമായിരുന്നു. അവരുടെ കരിയറും പുഷ്ടിച്ചത് ഈ സിനിമയോടു കൂടിയാണ്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്. നരേൻ മാത്രം അച്ചുവിന്റെ അമ്മ എന്ന ഹിറ്റ് സിനിമകളിലൂടെ വന്ന ആൾ.
റിലീസ് ദിവസം ഞാൻ ന്യൂൺഷോയ്ക്ക് എറണാകുളം സരിതയിൽ പോകുമ്പോൾ നാൽപതു ശതമാനം ആൾക്കാരെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, സെക്കൻഡ്ഷോയ്ക്ക് എത്തുമ്പോഴേക്കും ടിക്കറ്റ് കിട്ടാതെ ആൾക്കാർ മടങ്ങിപ്പോകേണ്ടിവന്നു.
ക്ലാസ്മേറ്റ്സിലെ വിജയത്തിനു പിന്നിലുള്ള മറ്റൊരാൾ ലാലാണ്. അദ്ദേഹത്തിന്റെ കമ്പനി ലാൽ റിലീസാണ് ഈ ചിത്രം റിലീസ് ചെയ്തത്. ഇതിന്റെ കാര്യങ്ങൾ സംസാരിക്കാനായി ലാലിനെ കാണാൻ പോയി. കഥ കേട്ടിട്ട് അദ്ദേഹം പറഞ്ഞു, പടം ഞങ്ങൾ എടുക്കാം പടം ഓടുകയും ചെയ്യും. തുടക്കവും അവസാനവുമൊക്കെ ഗംഭീരമാണ്. പക്ഷേ ഇടയ്ക്കുള്ള കഥ ഞാനും സിദ്ദിഖും ചേർന്നു ചെയ്ത സിനിമകളുടെ കഥയായിപ്പോയി. ലാൽ ജോസ് ചെയ്യുമ്പോൾ മറ്റൊന്നാണു ഞാൻ പ്രതീക്ഷിച്ചത്. അതു കേട്ടിട്ടു വന്ന് ഞങ്ങൾ ഒന്നു കൂടി കഥയെപ്പറ്റി ആലോചിച്ചു. ആ രാത്രിയാണ് ഒന്നൊന്നര വർഷം കൊണ്ട് എഴുതി പൂർത്തിയാക്കിയ തിരക്കഥയെ നമുക്കു പരിചിതമായ ക്യാംപസിന്റെ കഥയാക്കി മാറ്റിയത്. ലാൽ പറഞ്ഞതു സ്വീകരിക്കാൻ തോന്നിയത് വലിയ ഗുണം ചെയ്തു.
അലക്സ്പോളും വയലാർ ശരത്ചന്ദ്രവർമയും ചേർന്നാണ് പാട്ടുകൾ ഉണ്ടാക്കിയത്. ഒരു മുസ്‍ലിം പെൺകുട്ടി നോട്ട്ബുക്കിൽ കുറിച്ചിട്ട വരികൾ ഒരു ക്ലാസ്മേറ്റ് അവളുടെ മുന്നിൽ പാടുന്നു. ഇതിനുവേണ്ടി ‘ചില്ലുജാല വാതിൽ’ എന്നു തുടങ്ങുന്ന മഞ്ജരി പാടി ഒരു പാട്ടാണ് ആദ്യം ട്യൂൺ ചെയ്തത്. നല്ല പാട്ടായിരുന്നു. പക്ഷേ, എനിക്കു തോന്നിയത് സ്റ്റേജിൽ ഒരാൾ ഗിത്താർ മാത്രം വായിച്ചിട്ടു പാടുന്ന ഒരു പാട്ടാ ണത്. അതുകൊണ്ടു പാട്ടു കേട്ടു കുട്ടികൾക്കു താളമടിച്ചു കൂടെ പാടാൻ പറ്റുന്ന ട്യൂണിൽ മറ്റൊന്നു ചെയ്യാൻ പറഞ്ഞു. അങ്ങനെ രണ്ടാമതു ചെയ്തതാണ് ‘എന്റെ ഖൽബിലെ വെണ്ണിലാവു നീ’ എന്ന പാട്ട്.
അതുപോലെ അതിൽ ഒരു എസ്കർഷൻ സോങ് ഉണ്ട് ഫ്രാങ്കോ പാടിയത്. അതിൽ എന്തോ ഒരു കുറവുണ്ടെന്നു ലാലാണു പറഞ്ഞത്. അവർ റിക്കോർഡ് ചെയ്തു കേൾപ്പിച്ചപ്പോൾ മാറ്റാൻ പറയാനുള്ള ബുദ്ധിമുട്ടുമായി ഇരിക്കുമ്പോൾ ലാൽ എന്നോടു ചോദിച്ചു. ആ പാട്ട് കേട്ടിട്ട് തനിക്ക് ഇഷ്ടമായോ എന്ന് ഞാൻ പറഞ്ഞു എനിക്കു പൂർണ തൃപ്തിയൊന്നുമായില്ല. ഇനി എന്തു ചെയ്യാ നാണ്. ലാൽ പറഞ്ഞു. മാറ്റുന്നതിൽ തെറ്റൊന്നുമില്ല. അവനോ ടു മാറ്റാൻ പറ. അവർ പണിയെടുക്കട്ടേ എന്ന്. സംഗീത സംവിധായകൻ അലക്സ് പോൾ ലാലിന്റെ അനുജനാണ്. അങ്ങനെ പുതിയ പാട്ട് എഴുതി ട്യൂൺ ചെയ്തതാണ്. ‘കാറ്റാടി ത്തണലും’ എന്ന പാട്ട്. രാജീവ് രവിയാണ് ആ ചിത്രത്തിന്റെ ക്യാമറ ചെയ്തത്. അതും സിനിമയുടെ വിജയഘടകങ്ങളിൽ പ്രധാനമാണ്.
തയാറാക്കിയത്: എം.എസ്. ദിലീപ്
മനോരമ ആഴ്ചപതിപ്പ് ഓൺലൈനിൽ വായിക്കാം–