‘അച്ഛന്‍ ചെയ്ത ദ്രോഹമേ’; നെപ്പോളിയന്റെ ഹോളിവുഡ് ചിത്രവും ഷമ്മി തിലകന്റെ പ്രതികരണവും
Mail This Article
നടന്‍ നെപ്പോളിയന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രം റിലീസിനൊരുങ്ങുകയാണ്. ക്രിസ്മസ് കൂപ്പണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് നെപ്പോളിയന്‍ അഭിനയിക്കുന്നത്. മുണ്ടക്കൽ ശേഖരനായി മലയാളികൾക്കും പ്രിയങ്കരനാണ് നെപ്പോളിയൻ. അതുകൊണ്ട് തന്നെ ഈ വാർത്ത വലിയ പ്രാധാന്യത്തോടെയാണ് മലയാളമാധ്യമങ്ങളും ഏറ്റെടുത്തത്. നെപ്പോളിയന് അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷമ്മി തിലകന്‍. വളരെ രസകരമായായിരുന്നു ഈ വാർത്തയിൽ അദ്ദേഹത്തിന്റെ പ്രതികരണം.
സ്‌കൂളില്‍ പോയിരുന്ന കാലത്ത് മര്യാദയ്ക്ക് ഇംഗ്ലിഷ് പഠിച്ചിരുന്നുവെങ്കില്‍ ഹോളിവുഡില്‍ പോയി രക്ഷപ്പെടാമായിരുന്നുവെന്ന് ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം–‘പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലിഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..! അച്ഛന്‍ ചെയ്ത ദ്രോഹമേ..! ഇനി പറഞ്ഞിട്ടെന്താ കാര്യം.’–ഷമ്മി പറഞ്ഞു.
ഡാനിയല്‍ നഡ്സെൻ ആണ് ക്രിസ്മസ് കൂപ്പണ്‍ സംവിധാനം ചെയ്യുന്നത്. മോഡല്‍ ഷീന മോന്നിൻ ആണ് ചിത്രത്തിൽ നെപ്പോളിയന്റെ നായിക. ഡെവിൾസ് നൈറ്റ്; ഡോൺ ഓഫ് ദ് നെയ്ൻ റോഗ് ആണ് നെപ്പോളിയന്റെ ആദ്യ ഹോളിവുഡ് ചിത്രം.