ജയസൂര്യയുടെ ‘തൃശൂർ പൂര’ത്തിനു കൊടിയേറ്റ്; അണിയറയിൽ വമ്പൻ ടീം
Mail This Article
ആട് 2 എന്ന സൂപ്പർഹിറ്റിനു ശേഷം ജയസൂര്യ–വിജയ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തൃശൂർ പൂരം’ എന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. ജയസൂര്യ, സരിത ജയസൂര്യ, വിജയ് ബാബു, രതീഷ് വേഗ, ഛായാഗ്രാഹകൻ ആർ.ഡി. രാജശേഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂർ പൂരം എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കാക്ക കാക്ക, ഗജിനി, ഇരുമുഖൻ, ഇമൈയ്ക്ക നൊടികൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആർ.ഡി. രാജശേഖർ ആണ് ഛായാഗ്രാഹകൻ. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂർ പൂരം. പുണ്യാളൻ അഗർബത്തീസിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.