ADVERTISEMENT

മലയാളികളോട് ഹൃദയം നിറ‍ഞ്ഞ് നന്ദി പറയുകയാണ് സിനിമാ–സീരിയൽ താരമായ സേതുലക്ഷ്മി അമ്മ. മലയാളിയുടെ നല്ല മനസ്സുകൊണ്ട് മാത്രം മകൻ കിഷോർ ജീവിതത്തിലേക്ക് തിരികെ വരികയാണ്. മകന്റെ ജീവിതാവസ്ഥ കണ്ണീരോടെ വിവരിച്ച് സോഷ്യൽമീഡിയയിൽ പങ്കുവച്ച വിഡിയോ വഴിയാണ് മിമിക്രി കലാകാരൻ കൂടിയായ കിഷോർ ജീവിതത്തിലേക്ക് തിരികെ എത്തുന്നത്. ഇതേക്കുറിച്ച് സേതുലക്ഷ്മിഅമ്മ മനോരമന്യൂസ് ഡോട്ട്കോമിനോട്  സംസാരിക്കുന്നു. 

 

കിഷോറിന്റെ ആരോഗ്യ സ്ഥിതി എങ്ങനെ?

 

കിഡ്നി മാറ്റിവച്ചിട്ട് ഇന്നലത്തേക്ക് മൂന്ന് മാസം തികഞ്ഞു. 14 വർഷം മുമ്പ് തുടങ്ങിയ അസുഖമാണ്. കണ്ടെത്തിയത് നാലുവർഷം മുമ്പ് മാത്രം. അതുകൊണ്ട് തന്നെ കിഡ്നി മാറ്റിവയ്ക്കാതെ തരമില്ലായിരുന്നു. അത് ഉടൻ വേണമെന്നും ഡോക്ടർ പറഞ്ഞു. ഞാൻ ആകെ തകർന്നുപോയി. വീട്ടുവാടകയും ഡയാലിസിലും മരുന്നിന്റെ കാശും കുട്ടികളുടെ പഠനച്ചിലവുമൊക്കെ ഞാൻ ജോലിചെയ്ത് കണ്ടെത്തുമായിരുന്നു പക്ഷെ കിഡ്നി മാറ്റിവയ്ക്കാനുള്ള തുകയൊന്നും എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ലായിരുന്നു.

 

ഭാര്യയാണ് കിഷോറിന് കിഡ്നി നൽകിയത്. ആറുമാസത്തേക്ക് വിശ്രമം പറഞ്ഞിരിക്കുന്നു. തിരുവനന്തപുരം പിവിആറിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇപ്പോൾ ആശുപത്രിക്കടുത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് തമാസിക്കുകയാണ്. ഒരു ഹോം നഴ്സിനെ വച്ചിട്ടുണ്ട്. മൂന്നു മാസം കൂടി കഴിഞ്ഞാലേ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയൂ. 25,000 രൂപയാണ് വാടക. ഹോം നഴ്സിന് 18000 രൂപകൊടുക്കണം, പിന്നെ മരുന്നും യാത്രാ ചെലവും ഭക്ഷണവും എല്ലാം കണ്ടെത്തണം. ആറുമാസത്തേക്ക് അണുബാധ ഏൽക്കാതെ നോക്കണം, അതുകൊണ്ടാണ് ഫ്ലാറ്റിൽ താമസിപ്പിച്ചിരിക്കുന്നത്. 

 

സഹായം ലഭിച്ചത് സമൂഹമാധ്യമങ്ങൾ വഴി

 

അങ്ങനെ ഒരു ദിവസം വിവരമെല്ലാം കേട്ട് ഷൂട്ടിങ് സെറ്റിൽ ആരോടും ഒന്നും മിണ്ടാനാകാതെ വിഷമിച്ചിരുന്നപ്പോഴാണ് തെസ്നിഖാനും അമ്മയും കൂടി വന്ന് എന്തുപറ്റി എന്ന് ചോദിക്കുന്നത്. ഞാൻ വിഷമമെല്ലാം അവരോട് പറഞ്ഞു. അപ്പോഴാണ് മിഥുൻ എന്നൊരു പയ്യനുണ്ടെന്നും അവനോട് പറഞ്ഞ് ഫെയ്സ്ബുക്കിൽ വിഡിയോ ചെയ്യാമെന്നും പറയുന്നത്. അങ്ങനെ വിഡിയോ കണ്ട് ലോകത്തിന്റെ പലഭാഗത്തുള്ള മലയാളികൾ ഒന്നടങ്കം സഹായിക്കുകയായിരുന്നു.

 

നൂറുരൂപ മുതൽ ലക്ഷം രൂപ തന്നവർ വരെ ഉണ്ട്. എല്ലാവരും എന്റെ സങ്കടം കണ്ട് വിളിക്കുമായിരുന്നു. 100 രൂപ തന്നവർ വിളിച്ചു പറയും അമ്മ, എന്റെ കയ്യിൽ ഇതേ ഉള്ളൂ. സ്വീകരിക്കണം എന്ന് .അപ്പോൾ ഞാൻ അവരോട് പറയും ഇത്ര വിഷമിച്ച് നിങ്ങൾ പണം തരേണ്ടെന്ന്, ഞാന്‍ നല്ല രീതിയിലാണ് പറയുന്നതെങ്കിലും അവർക്കത് വിഷമമാകും. എല്ലാ പണത്തിനും എനിക്ക് വിലയുണ്ട്. നൂറുരൂപ ഉണ്ടാക്കാനുള്ള കഷ്ടപ്പാടൊക്കെ എനിക്ക് നല്ലവണ്ണം അറിയാം. ചിലർ വിളിച്ച് എന്റെ വിഷമം മാറാൻ പ്രാ‍ർഥിക്കുന്നുണ്ടെന്ന് പറയും.

 

ഇനിയും ഒന്നരമാസം മകന്റെ വാടക കൊടുക്കാനും മരുന്നിനുമുള്ള തുക കൈവശമുണ്ട്. അത്രയേറെ എന്നെ മലയാളികൾ സഹായിച്ചു. ഇനി ആരോടും സഹായം ചോദിക്കാന്‍ ഇടവരുത്തരുതേ എന്നാണ് പ്രാർഥിക്കുന്നത്. ഇപ്പോൾ കിഷോർ മിടുക്കനായി. ക്ഷീണമൊക്കെ മാറി, ആരോഗ്യം വീണ്ടെടുത്ത് വരുന്നു. ആറുമാസം കഴിഞ്ഞാലേ ജോലിക്കുപോയി തുടങ്ങാനാകൂ.

 

താമസം വാടക വീട്ടിൽ

 

മൂന്ന് സെന്റ് സ്ഥലം കണ്ടെത്തി തന്നാൽ വീട് വച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞിട്ടുണ്ട്. മകന്റെ കാര്യത്തിൽ സംഘടനയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. അവൻ അമ്മയിൽ അംഗമല്ല, എനിക്കെന്തെങ്കിലും വന്നാൽ ‌‍‘അമ്മ’ നോക്കും. പക്ഷേ അംഗങ്ങളിൽ പലരും വ്യക്തിപരമായി സഹായിച്ചിട്ടുണ്ട്. പേര് പറയാനൊക്കില്ല, അത് മറ്റുള്ളവർക്ക് വിഷമമുണ്ടാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com