ADVERTISEMENT

കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് സംവിധായകന്‍ അരുണ്‍ ഗോപിയും സൗമ്യയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇപ്പോള്‍ ആദ്യമായി തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും.

 

‘''ലോകം അവസാനിക്കുമെന്ന് പറഞ്ഞ 2012ലാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. എല്ലാത്തിനും കാരണമായത് ഒരു വാഹനാപകടമാണ്. എന്റെ അടുത്ത സുഹൃത്തുണ്ട്, മനു. ഒരിക്കല്‍ എന്നെ കലൂരുള്ള ഫ്ലാറ്റില്‍ വിട്ട ശേഷം മനു തിരികെ പോകുമ്പോള്‍ സമീപത്ത് ഒരപകടം ഉണ്ടായി. അപകടത്തില്‍പ്പെട്ട സൈക്കിള്‍ യാത്രക്കാരനെ മനു അതുവഴി വന്ന കാറില്‍ ആശുപത്രിയിലെത്തിച്ചു. ആ കാറിലുണ്ടായിരുന്ന ജോണിയങ്കിളുമായി മനു പരിചയപ്പെട്ടു. ജോണിയങ്കിളിന്റെ മകള്‍ ഗീതുവും സൗമ്യയും അടുത്ത സുഹൃത്തുക്കളാണ്. സെന്റ് തെരേസാസില്‍ അധ്യാപികയാണ് സൗമ്യ.’

 

‘അങ്ങനെയിരിക്കെ സെന്റ് തെരേസാസ് കോളജില്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കായി ഗീതു മനുവിനെ വിളിച്ചു. മനു എന്നെ വിളിച്ചു. അങ്ങനെ കോളജിലെത്തിയപ്പോള്‍ ഗീതുവിനൊപ്പം സൗമ്യയുമുണ്ടായിരുന്നു. അന്നാണ് ആദ്യമായി കാണുന്നത്''- അരുണ്‍ പറഞ്ഞു.

 

പരിചയപ്പെട്ട അധികം വൈകാതെ സുഹൃത്തുക്കളായെന്ന് സൗമ്യ പറയുന്നു. ‘പിന്നീട് ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായി. അങ്ങനെ ഔദ്യോഗികമായ ഒരു പ്രണയം തുറന്നുപറച്ചിലോ ഒന്നും ഉണ്ടായിട്ടില്ല.’–സൗമ്യ പറഞ്ഞു.

 

''തുറന്ന മനസ്സോടെ എല്ലാത്തിനെയും സമീപിക്കുന്ന ആളാണ് അരുണ്‍. അതുതന്നെയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടതും. കല്യാണം കഴിഞ്ഞും അങ്ങനെ തന്നെയാണ്. എനിക്ക് മതപരമായ കാര്യങ്ങളിലുള്ള വിശ്വാസത്തെക്കുറിച്ച് അരുണിന് നന്നായി അറിയാം. അതെല്ലാം മനസ്സിലാക്കിക്കൊണ്ടാണ് അരുണ്‍ ഇഷ്ടമാണെന്ന് പറഞ്ഞത്.'' 

 

''വീട്ടുകാരെ പറഞ്ഞുമനസ്സിലാക്കാന്‍ സമയമെടുത്തു. എല്ലാം ഭംഗിയായിത്തന്നെ വന്നു. അവിടെയും ദൈവത്തിന്റെ അനുഗ്രഹമുണ്ടെന്ന് തോന്നുന്നു. കാരണം, ഞങ്ങള്‍ അങ്ങനെ പരിചയപ്പെടേണ്ട ആളുകളേയല്ല. ഞാന്‍ എറണാകുളത്ത്. അരുണ്‍ തിരുവനന്തപുരത്ത്. എനിക്ക് സിനിമാ മേഖലയുമായി യാതൊരു പരിചയവുമില്ല. ഞാന്‍ അധ്യാപികയാണ്. അരുണിന്റെ ചേച്ചിമാർ ഇപ്പോഴും ചോദിക്കും, ഇതെങ്ങനെ നടന്നു എന്ന്. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ''- ചിരിച്ചുകൊണ്ട് സൗമ്യ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com