ഐസിയുവിലിരുന്നും അച്ഛന്‍ കഥ പറഞ്ഞു: വിനീത് ശ്രീനിവാസൻ
Mail This Article
നവാഗതനായ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'തണ്ണീർമത്തൻ ദിനങ്ങൾ' തിയറ്ററിലെത്തുകയാണ്. കുമ്പളങ്ങി നൈറ്റ്സിലൂടെ അരങ്ങേറ്റം കുറിച്ച മാത്യു മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അധ്യാപകനായ രവി പത്മനാഭൻ ആയി വിനീത് എത്തുന്നു. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും വൻ ഹിറ്റായതിനു പിന്നാലെ തണ്ണീർ മത്തൻ ഓർമകളെക്കുറിച്ച് വിനീത് സംസാരിക്കുന്നു..
തണ്ണീർമത്തൻ ദിനങ്ങൾ
''തണ്ണിമത്തൻ ജ്യൂസ് കുടിച്ചുകൊണ്ടാണ് സിനിമയിൽ കുട്ടികൾ അവരുടെ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യുന്നത്. ഞാൻ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 10 പൈസയുടെ സ്ട്രോങ്ങ് എന്നു പറയുന്ന മിഠായി ഉണ്ടായിരുന്നു, വെള്ളിനിറത്തിലുള്ളത്. എല്ലാ സ്കൂളിനു മുന്നിലും അങ്ങനെയൊരു കടയുണ്ടാകും. തണ്ണീർമത്തൻ ദിനങ്ങൾ എന്നു കേൾക്കുമ്പോൾ ആ ദിവസങ്ങള്‍ എല്ലാവർക്കും ഓര്‍മ വരും. മാത്യുവും കൂട്ടരും അഭിനയിക്കുന്നത് കണ്ട് ഞാന്‍ തന്നെ അതിശയിച്ചിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്''.
ബുള്ളറ്റോടിച്ചത് ജീവതത്തിലാദ്യം
''ആകെ ലൈസൻസ് എടുക്കാൻ വേണ്ടിയാണ് ടു വീലർ ഓടിച്ചിട്ടുള്ളത്, പിന്നെ സിനിമക്കു വേണ്ടിയും. എനിക്ക് ബുള്ളറ്റ് ഓടിക്കാൻ അറിയില്ല. മുത്തശ്ശിക്കഥയിൽ ജൂഡ് ഒരു എസ്ഡി തന്ന് എന്നോട് ഓടിക്കാൻ പറഞ്ഞു. അപർണ ബാലമുരളിയുമൊത്തുള്ള ഒരു പാട്ടാണ്. ചിരിച്ചോണ്ടാണ് ഓടിക്കേണ്ടത്. പക്ഷേ, ഉള്ളിൽ പേടിയായിരുന്നു. പിന്നെ ഒരു സിനിമാക്കാരനിലും അരവിന്ദന്റെ അതിഥികളിലും ടു വീലർ ഓടിച്ചു. ബുള്ളറ്റ് ഓടിക്കുന്നത് ആദ്യമായാണ്. ഇടക്ക് വീഴുകയും ചെയ്തു. വേദനയുണ്ടായിരുന്നു. ഞാൻ ആരോടും പറഞ്ഞില്ല. ചിരിച്ചോണ്ടിരുന്നു. ഇപ്പോൾ ടൂവിലർ ഓടിക്കാൻ പഠിച്ചുവരികയാണ്.
ഐസിയുവിലിരുന്നും അച്ഛന്‍ കഥ പറഞ്ഞു
'അരവിന്ദന്റെ അതിഥികൾ കഴിഞ്ഞ സമയത്ത് അച്ഛന്‍ അഡ്മിറ്റ് ആയിരുന്നു. സത്യൻ അങ്കിൾ കാണാൻ വന്നിരുന്നു. അന്ന് ഞാൻ പ്രകാശന്റെ ചർച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. അച്ഛൻ ഇനി റെസ്റ്റ് എടുക്കുന്നതാണ് നല്ലതെന്ന് ഞാൻ പറഞ്ഞപ്പോൾ അങ്കിൾ പറഞ്ഞത് മറിച്ചായിരുന്നു. അച്ഛൻ വീണ്ടും സിഗരറ്റ് വലി തുടങ്ങുമോ, എഴുത്തിന്റെ സമ്മർദം അച്ഛന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്നൊക്കെയുള്ള ടെൻഷനായിരുന്നു ഉള്ളിൽ. പക്ഷേ, അച്ഛന് ഏറ്റവും സന്തോഷം നൽകുന്ന കാര്യം സിനിമയാണെന്ന് അങ്കിൾ പറഞ്ഞു, എനിക്കും അത് ബോധ്യമായി. രോഗാവസ്ഥയിൽ ഐസിയുവിൽ കഴിയുമ്പോഴും അച്ഛന്റെ ഉള്ളിൽ സിനിമയായിരുന്നു. എന്നോട് ഒരു സിനിമയുടെ കഥ പറഞ്ഞിട്ടുമുണ്ട്''.
അവാര്‍ഡ് നിശകൾ ഇപ്പോഴും ടെൻഷൻ
''അവാർഡ് ഷോകൾക്കൊക്കെ പോകുമ്പോൾ ഇപ്പോഴും മുട്ടിടിക്കും. എങ്ങനെയെങ്കിലും അവാർഡ് ഒന്നു കിട്ടിയിരുന്നെങ്കിൽ പോകാമായിരുന്നു എന്നു വിചാരിക്കും. അഭിനയിച്ചുകൊണ്ടിരിക്കുന്നത് മറ്റേതെങ്കിലും അഭിനേതാവോ സിനിമാക്കാരനോ നിരീക്ഷിക്കുന്നത് കണ്ടാലും നെഞ്ചിടിക്കും''.
വിമർശനങ്ങൾ
''ഒരു പ്രായമെത്തുമ്പോൾ ജീവിതത്തിൽ സമാധാനം മതി എന്ന് തോന്നും. ആരോടും വഴക്കിനില്ല. നമുക്ക് ദേഷ്യം വന്നാല്‍ പോലും അത് പ്രകടിപ്പിക്കേണ്ടതില്ല. അത് വേറെന്തെങ്കിലും രീതിയിൽ അവരെ ബാധിക്കും. ഇപ്പോ സമാധാനമുള്ള ഒരു കുടുംബജീവിതമുണ്ട്. ആഗ്രഹിച്ച സിനിമകൾ ചെയ്യാൻ പറ്റുന്നുണ്ട്. ഒരുപാട് ആളുകൾ വരണമെന്ന് ആഗ്രഹിക്കുന്ന മേഖലയിൽ ജോലി ചെയ്യാൻ പറ്റുന്നുണ്ട്. വിചാരിച്ചതിലധികം കാര്യങ്ങള്‍ കിട്ടിയിട്ടുണ്ട്, മതി'', വിനീത് പറഞ്ഞുനിർത്തി.
സന്ദേശം സിനിമ എന്തു രാഷ്ട്രീയമാണ് പറയുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്ന പറഞ്ഞ ശ്യാം പുഷ്കരനെയും വിനീത് വാഴ്ത്തി. ''സിനിമ മാറി. കുമ്പളങ്ങിയുടെ കാര്യമെടുത്താല്‍, എന്തൊരു ക്രാഫ്റ്റ് ആണ് ശ്യാം പുഷ്കരന്റേത്. ശ്യാം ഓരോ സിനിമകൾ കഴിയുംതോറും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓഡിയന്‍സും മാറി. വളരെ നന്നായി നിരീക്ഷിക്കുന്നവരാണ് എല്ലാവരും''.