‘മഹാനടി’യോട് മഹാനടൻ; തുളളിച്ചാടി കീർത്തി സുരേഷ്
Mail This Article
തിരുവനന്തപുരം ∙ വഴുതക്കാട് വിമൻസ് കോളജ് ജംക്‌ഷനിൽ ചലച്ചിത്രനിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ ഫ്ലാറ്റിൽ ആഹ്ലാദം തിരതല്ലുകയാണ്. സുരേഷ്കുമാറിന്റെയും ഭാര്യ മേനക സുരേഷിന്റെയും രണ്ടാമത്തെ മകൾ കീർത്തി രാജ്യത്തെ മികച്ച അഭിനേത്രിയായി രാജ്യമാകെ കീർത്തി നേടിയിരിക്കുകയാണ്.
അവാർഡ് വാർത്ത യൂ ട്യൂബ് ലൈവിലാണു എല്ലാവരുമിരുന്നു കണ്ടത്. ഫ്ലാറ്റിലെ പൂജാമുറിയിൽ നിലവിളക്കു കൊളുത്തി വച്ചിരിക്കുന്നു. ഭാഗ്യവും ഐശ്വര്യവും വേണ്ടുവോളമുള്ള വീട്ടിലേക്കു കീർത്തിയും കടന്നുവന്നിരിക്കുന്നു. പ്രതിഭയ്ക്കും പരിശ്രമത്തിനുമുള്ള അംഗീകാരമാണ് കീർത്തിയെ തേടിയെത്തിരിക്കുന്നതെന്നു മാത്രം. സുരേഷ്കുമാറിന്റെയും മേനകയുടെയും ഫോണുകളിലേക്കു നിർത്താതെ അഭിനന്ദനം വരുന്നു. കീർത്തിയുടെ ഫോണിലേക്ക് തമിഴകത്തെ നടീനടന്മാരുടെ വിളികൾ. ഓരോരുത്തരോടും സന്തോഷവും വിനയവും കലർന്ന മറുപടി.
അതിനിടെ കീർത്തിയുടെ ഫോണിലേക്ക് മോഹൻലാലിന്റെ വിളിവന്നു. ‘ലാലങ്കിൾ.. ലാലങ്കിൾ..!’ സന്തോഷം അടക്കാനാവാതെ കീർത്തി തുള്ളിച്ചാടി. ലാലിന്റെ അഭിനന്ദനത്തിനു നന്ദി പറഞ്ഞശേഷം ഫോൺ അച്ഛനു കൈമാറി. സന്തോഷം ലാൽ പങ്കുവച്ചപ്പോൾ ‘അടുത്ത തവണ ഞാൻ വാങ്ങിക്കും ലാലു നോക്കിക്കോളൂ’ എന്ന സുരേഷ് കുമാറിന്റെ മറുപടി മുറിയിൽ പൊട്ടിച്ചിരി പടർത്തി.
സ്വീകരണ മുറി തിങ്ങിനിറഞ്ഞ മാധ്യമപ്രവർത്തകർക്കെല്ലാം മേനക മധുരവും ചായയും കൈമാറുന്ന തിരക്കിലാണ്. ഇതിനിടയിൽ ‘ഒന്നൊരുങ്ങി വരാമേ’ എന്നു പറഞ്ഞ് കീർത്തി അകത്തേക്കോടി. തെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേത്രിമാരിലൊരാളാണെന്ന മട്ടൊന്നും കീർത്തിയ്ക്കില്ല. ‘ഈ കുട്ടിയുടെ ഒരു കാര്യം. അവരെ കാത്തുനിർത്താതെ പെട്ടന്ന് ഒരുങ്ങിവരൂ’യെന്നു മുത്തശ്ശിയുടെ നിർദേശം. മേനകയുടെ അമ്മ സരോജയെ സുരേഷ് കുമാർ എല്ലാവർക്കും പരിചയപ്പെടുത്തി. ഇതിനിടയിൽ ബെംഗളൂരുവിൽ നിന്നു മൂത്ത മകൾ വാട്സ് ആപിൽ വിഡിയോകോളിലെത്തി. അവാർഡുസന്തോഷം പങ്കുവയ്ക്കാനിരുന്നപ്പോൾ അടുത്ത് അഛ്ഛനെയും അമ്മയെയും മുത്തശ്ശിയെയും പിടിച്ചിരുത്തി.
കീർത്തി പണ്ടേ പറഞ്ഞു; ‘ഞാൻ അവാർഡ് വാങ്ങും’
മക്കളെ സിനിമാക്കാരാക്കാനല്ല അവർക്കു നല്ല വിദ്യാഭ്യാസം നൽകണമെന്നു മാത്രമാണ് താൻ ആഗ്രഹിച്ചതെന്നു സുരേഷ്കുമാർ പറഞ്ഞു. കീർത്തിക്കു സിനിമയിൽ അഭിനയിക്കാൻ താൽപര്യമായിരുന്നു. പക്ഷേ ഞാനായിട്ട് ഒന്നും ചെയ്തില്ല. അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ അതിന്റെ സമയത്ത് അവസരം കിട്ടുമെന്നു ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ അവൾ തന്റെ കരിയർ ഭംഗിയായി ചെയ്യുന്നു എന്നുകാണുന്നതിൽ സന്തോഷമുണ്ട് അച്ഛനെന്ന നിലയിൽ ഒരുപാടു സന്തോഷം’ സുരേഷ് കുമാർ പറഞ്ഞു.
‘മഹാനടി’യുടെ പ്രിവ്യൂ കണ്ടപ്പോൾ തന്നെ മോൾക്കു പുരസ്കാരം ലഭിക്കുമെന്നു എല്ലാവരും പറഞ്ഞിരുന്നതായി മേനക സുരേഷ് പറഞ്ഞു. ഒരു നാഷനൽ അവാർഡ് ഞാൻ മേടിക്കും അമ്മാ എന്നവൾ പണ്ടുമുതലേ പറയുമായിരുന്നു. സാവിത്രിയമ്മയുടെ വേഷം ചെയ്തത് ഒരു നിയോഗമാണ്. അവാർഡിന്റെ മുഴുവൻ ക്രെഡിറ്റും അവൾക്കു മാത്രമാണുള്ളത്’ മേനക പറഞ്ഞു.
പുരസ്കാരം അമ്മയ്ക്ക് സമർപ്പിക്കുന്നു: കീർത്തി
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അമ്മ മേനക സുരേഷ് കുമാറിനു സമർപ്പിക്കുന്നതായി കീർത്തി സുരേഷ്. ഏറെ ശ്രമപ്പെട്ടു ചെയ്ത വേഷമാണ് ‘മഹാനടി’യിലെ സാവിത്രിയുടേത്. അതിനു ഫലം ലഭിച്ചതിൽ സന്തോഷമുണ്ട്– കീർത്തി പറഞ്ഞു.
‘ഞാൻ സിനിമയിൽ എത്താൻ കാരണം അമ്മയാണ്. നന്നായി അഭിനയിച്ച ഒരു സിനിമയ്ക്ക് അമ്മയ്ക്കു ദേശീയ പുരസ്കാരം ലഭിക്കാതിരുന്ന കഥ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. അന്നൊരു തീരുമാനമെടുത്തിരുന്നു: അമ്മയ്ക്കു ലഭിക്കാത്തത് എന്നെക്കൊണ്ടു സാധിക്കുമെങ്കിൽ അത് അമ്മയ്ക്കായി വാങ്ങിക്കൊടുക്കുമെന്ന്. അതിനാൽത്തന്നെ ആഗ്രഹിച്ച അവാർഡാണ് ഇത്’–കീര്‍ത്തി പറയുന്നു.
സാവിത്രിയമ്മയുടെ ജീവിതം പറയുന്ന സിനിമയുടെ ആഴവും പരപ്പും കണ്ട് ഒരു ഘട്ടത്തിൽ ഈ സിനിമ വേണോയെന്നു ചിന്തിച്ചിരുന്നെന്നും കീർത്തി പറഞ്ഞു. സാവിത്രിയുടെ കുട്ടിക്കാലം മുതൽ മരണം വരെ വിവിധ കാലഘട്ടങ്ങൾ ചെയ്യുക എന്നതു വെല്ലുവിളിയായിരുന്നു. അമ്മ മേനകയാണ് ആത്മവിശ്വാസം പകർന്നത്. സാവിത്രിയുടെ മകൾ വിജയ് ചാമുണ്ഡേശ്വരിയും പ്രോത്സാഹിപ്പിച്ചു. നായികാ പ്രാധാന്യമുള്ള മഹാനടിയിൽ വേഷമിട്ടതിൽ ദുൽഖർ സൽമാനും കീർത്തി നന്ദി പറഞ്ഞു.