ADVERTISEMENT

ഒരു മിനിറ്റിനുള്ളിൽ പാടിത്തീർക്കാം ഭാരതത്തിന്റെ ദേശീയഗാനം. പക്ഷേ, എത്ര നേരം കഴിഞ്ഞാലും സിന്ധുവും ഗംഗയും യമുനയും ഓരോ ഭാരതീയനിലും പിന്നെയും പിന്നെയും തിരയിളക്കും. 

 

പത്തുമിനിറ്റ് വീതമുള്ള ആയിരം സിനിമകളിലൂടെ ഭാരതത്തെ മനോഹരമായി കണ്ടാലോ..? അതും, ഭാരതത്തിന്റെ തനതു പൈതൃകങ്ങളും ദൃശ്യങ്ങളും കാണിച്ചു വിദേശികളെ കൊണ്ടുപോലും സല്യൂട്ട് അടിപ്പിച്ച വിഖ്യാത സംവിധായകൻ ഭരത് ബാലയുടെ മാജിക്കിൽ! ‘മാ തുഛെ സലാം’ എന്ന എ.ആർ. റഹ്മാന്റെ സൂപ്പർഹിറ്റ് വന്ദേമാതരത്തിന് ദൃശ്യമൊരുക്കിയ അതേ ഭരത് ബാല തന്നെ.  

 

പത്തുമിനിറ്റ് വീതമുള്ള ആയിരം സിനിമകൾ. കന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്ന ലൊക്കേഷൻ. മനുഷ്യരും മൃഗങ്ങളും പുഴകളും പുൽക്കൊടിയുമെല്ലാം അഭിനേതാക്കൾ. ഒരു മിനിറ്റല്ല, ഒരു ആയുഷ്കാലമല്ല, ചരിത്രത്തിനു കണ്ണെടുക്കാതെ എന്നും കാണാവുന്ന ‘ഭരത് വിസ്മയം’.

 

‘വെർച്വൽ ഭാരത്’ എന്നാണു ഭരത് ബാല തന്റെ സ്വപ്‌ന പദ്ധതിക്കിട്ട പേര്. ഭാരതത്തിന്റെ സംഗീതം, ഭക്ഷണം, സംസ്‌കാരം, ആയോധനകല, ഐതിഹ്യം, ഭൂപ്രകൃതി... വൈവിധ്യമാർന്ന വിഷയങ്ങളാണു സിനിമയാകുന്നത്. എന്തിനാണ് ഇങ്ങനെയൊരു സാഹസമെന്നു ചോദിച്ചാൽ ഉത്തരം ലളിതം. ഭാരതത്തിന്റെ തനതുസംസ്‌കാരം പകർത്തുക, സംരക്ഷിക്കുക..!

 

ആദ്യം ചുണ്ടൻ...

 

ആയിരത്തിലെ ഒന്നാമൻ കേരളത്തിൽ നിന്നാണ്.  ചുണ്ടൻവള്ളംകളി. ‘താളം’ എന്നു പേരിട്ട സിനിമ റിലീസിനു തയാർ. ചുണ്ടൻവള്ളത്തിൽ തുഴക്കാരായി നൂറുപേർ വരെയുണ്ടാകും. ഒരുപക്ഷേ, ജീവിതത്തിൽ മുൻപൊരിക്കൽപോലും തമ്മിൽ കണ്ടിട്ടില്ലാത്തവർ. പല പ്രദേശങ്ങളിൽ പല തൊഴിൽ ചെയ്തു ജീവിക്കുന്ന ഇവർ വള്ളംകളി സീസണിൽ ഒരുമിക്കും. പിന്നീട് ഒരു പാട്ടിൽ, ഒരേ താളത്തിൽ ഒരേ വേഗത്തിൽ തുഴയെറിയും.  ഇൗ കുതിപ്പിന്റെ ഉൗർജം, ഇൗ തുഴക്കാരെ ചേർത്തിണക്കുന്ന അദ്ഭുതം– താളമാണ്. ഇൗ താളത്തെ കുറിച്ചാണു ‘വെർച്വൽ ഭാരത്’ പറയുന്ന ആദ്യസിനിമ. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തഭാഷക്കാർ ഒരുമിച്ചു തുഴയുന്ന, കന്യാകുമാരി മുതൽ കശ്മീർ വരെ നീണ്ട മറ്റൊരു ചുണ്ടൻവള്ളമാണല്ലോ ഭാരതം..! 

 

റഹ്മാൻ സംഗീതം

 

ബാല്യകാല സുഹൃത്ത് എ.ആർ.റഹ്മാൻ പതിവുപോലെ വെർച്വൽ ഭാരതിലും ബാലയ്ക്ക് ഒപ്പമുണ്ട്. നടൻ ദുൽഖർ സൽമാൻ, ശശി തരൂർ എംപി, ഗുൽസാർ എന്നിങ്ങനെ ഒപ്പംചേരുന്ന സമാനമനസ്കർ ഒട്ടേറെയെന്നും ബാല. അഞ്ചുവർഷത്തിനുള്ളിൽ ആയിരം സിനിമയും പൂർത്തിയാക്കും. വെർച്വൽ ഭാരതിലെ സിനിമകൾ ആദ്യം യൂ ട്യൂബിലും ഇൻസ്റ്റഗ്രാമിലുമാണു വരിക. സെപ്റ്റംബർ മുതൽ www.virtualbharat.in. എന്ന വെബ്സൈറ്റിലുമുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com