ഈ റെക്കോർഡ് 107 വയസ്സിനു മുമ്പ് തകർക്കും: സത്യൻ അന്തിക്കാടിന് ആദരം അറിയിച്ച് മകൻ
Mail This Article
മലയാളികൾക്ക് എന്നും ഓർത്തു വയ്ക്കാവുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ സംവിധായകനാണ് സത്യൻ അന്തിക്കാട്. നർമത്തിൽ പൊതിഞ്ഞ് സത്യൻ അന്തിക്കാട് പങ്കുവച്ച കുടുംബകഥകളിലൊക്കെയും നർമബോധമുള്ള അച്ഛനുണ്ടാകും. അവർക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന മക്കളും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും നർമബോധമുള്ള കുടുംബത്തിന്റെ നാഥനാണ് താനെന്ന് തെളിയിക്കുന്നതാണ് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ദോഹയിൽ നടന്ന 'സൈമ' (സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ സിനിമ അവാർഡ്സ്) പുരസ്കാരനിശയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത് സത്യൻ അന്തിക്കാട് ആയിരുന്നു. ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഞാൻ പ്രകാശൻ എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ മലയാളചിത്രങ്ങളിലൊന്നായിരുന്നു ഞാൻ പ്രകാശന്‍. ഈ അവസരത്തിൽ സത്യൻ അന്തിക്കാടിനെ അഭിനന്ദിച്ച് മകൻ അനൂപ് സത്യൻ നടത്തിയ പരാമർശം സിനിമാപ്രേമികളിൽ ചിരിയുണർത്തി. "എനിക്ക് 107 വയസ് ആകുന്നതിനു മുൻപെ ഞാൻ ഈ റെക്കോർഡ് തകർക്കാൻ ശ്രമിക്കും," എന്ന അനൂപ് സത്യന്റെ വാക്കുകളാണ് ചിരി പടർത്തിയത്.
അച്ഛന്റെ പ്രതിഭയോടുള്ള ആദരം പ്രതിഫലിക്കുന്നതാണ് അനൂപിന്റെ വാക്കുകൾ എന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തൽ. സത്യൻ അന്തിക്കാടിന്റെ അമ്പത്തി ആറാമത്തെ ചിത്രമാണ് ഞാൻ പ്രകാശൻ. സംവിധായകൻ എന്ന നിലയിൽ അദ്ദേഹം മലയാള സിനിമയിൽ കൈവരിച്ച നേട്ടങ്ങൾക്ക് ഒപ്പമെങ്കിലും എത്താൻ തന്റെ ആയുസ് മുഴുവൻ സമർപ്പിച്ചാലും മതിയാകില്ലെന്ന് അനൂപിന്റെ വാക്കുകൾ ഓർമിപ്പിക്കുന്നു. പ്രതിഭാധനനായ സംവിധായകന്റെ മകൻ എന്നതിലുള്ള അഭിമാനം കൂടി പങ്കുവയ്ക്കുന്നതായിരുന്നു അനൂപ് സത്യന്റെ വാക്കുകൾ.
അച്ഛന്റെ വഴിയെ തന്നെയാണ് അനൂപ് സത്യൻ. ലാൽ ജോസിന്റെ അസോഷ്യേറ്റ് ആയി സിനിമയിൽ തുടക്കമിട്ട അനൂപ് സ്വതന്ത്രമായി സിനിമയെടുക്കാനുള്ള ഒരുക്കത്തിലാണ്. ശോഭന, സുരേഷ് ഗോപി, നസ്രിയ എന്നിവർ ഒരുമിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അനൂപ് സത്യൻ.