ADVERTISEMENT

ഇന്നസന്റിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. തൃശൂർ കലക്ടറെ കാണാൻ വന്നതാണെന്നു പറഞ്ഞു. എന്തിനാണെന്നു പറഞ്ഞില്ല. വൈകിട്ടു പത്രക്കുറിപ്പു കണ്ടപ്പോഴാണു ഒരു വർഷത്തെ പെൻഷൻ മുഴുവൻ ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കാൻ വന്നതാണെന്ന് അറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ പറഞ്ഞു, ‘എല്ലാം കൂട്ടിവച്ചിരുന്നോട്ടോ, വെള്ളം പടിക്കൽ വന്നു നിൽപ്പുണ്ട്.’ ഇവിടെയാണു ഇന്നസന്റിനെ തിരിച്ചറിയേണ്ടത്. 

 

സിനിമയിൽനിന്നു കോടികൾ സമ്പാദിച്ച ഒരാളല്ല ഇന്നസന്റ്. അത്യാവശ്യം ജീവിക്കാൻ പണമുണ്ടാക്കിയെന്നു മാത്രം. സിനിമ നിലച്ചാൽ വരുമാനവും നിലച്ചു. രാഷ്ട്രീയവും രോഗവുമെല്ലാമുള്ളതുകൊണ്ടു അടുത്ത കാലത്തായി വളരെ തിരഞ്ഞെടുത്ത സിനിമയിൽ മാത്രമേ അഭിനയിക്കുന്നുമുള്ളു. പണ്ടത്തെപ്പോലെ വരുമാനമില്ല.  അഭിനയിച്ച സിനിമകളിൽനിന്നുതന്നെ നിർമാതാവ് പ്രസായത്തിലാണെന്നു പറയുമ്പോൾ ബാക്കിയുള്ള പ്രതിഫലം വേണ്ടെന്നു പറഞ്ഞു പോരുന്നതും കണ്ടിട്ടുണ്ട്. 

 

എത്രയോ എംപിമാരുണ്ട്, എംഎൽഎമാരുമുണ്ട്. ഓരോ തവണ ജയിക്കുമ്പോഴും അവർക്കു പെൻഷൻ കൂടിക്കൊണ്ടിരിക്കും. പലരും മക്കളെ കെട്ടിച്ചിരിക്കുന്നതു വൻ മുതലാളിമാർക്കാണ്. പലർക്കും പുറം വരായ്കളുണ്ട്. പലരുടെയും മക്കൾ വിദേശത്തു അദ്ഭുതപ്പെടുത്തുന്ന വിധം സമ്പാദിച്ചുകൊണ്ടിരിക്കുന്നു. ഡിഗ്രി പാസാവർക്കെല്ലാം ഇത്രയും വലിയ എന്തു ജോലിയാണു വിദേശത്തു കാത്തുവച്ചിരിക്കുന്നതെന്നു നമുക്ക് അദ്ഭുതംതോന്നും. പലരുടെയും മക്കൾ ലക്ഷക്കണക്കിനു രൂപ കെട്ടിവച്ചാണു വിദേശത്തു പഠിക്കുന്നത്. 

 

ഇവരിൽ പലർക്കും  ഒന്നോ രണ്ടോ  വർഷത്തെ പെൻഷൻ പോകുന്നതു ഒരില കൊഴിയുന്നതുപോലെ മാത്രമാണ്. എന്നിട്ടും അവരിൽ പലരും  സ്വന്തം പെൻഷൻ ദുരിതാശ്വാസത്തിനു എഴുതി നൽകുന്നതായി കേട്ടിട്ടില്ല.  ഇന്നസന്റ് എന്ന മനുഷ്യനെ അറിയേണ്ടത് ഇവിടെവച്ചാണ്. അദ്ദേഹം നയിച്ച അമ്മയെന്ന സംഘനടയിൽ സ്ത്രീ സംരക്ഷണം നൽകിയില്ലെന്ന പേരിൽ പലരും ഒളിഞ്ഞും തെളിഞ്ഞും ഈ മനുഷ്യനെ ചീത്ത വിളിച്ചു. വൈകിട്ടു പ്രത്യക്ഷപ്പെടുന്ന ചാനൽ ജഡ്ജിമാർ പലരും കഴിവുകെട്ടവനെന്നു വിളിച്ചു. 

 

ഇവരുടെ ആക്ഷേപത്തിനു ഇന്നസന്റ് ഒരക്ഷരം തിരിച്ചു പറഞ്ഞില്ല. ഈ ആദർശക്കാരെല്ലാം ഇപ്പോഴും ഇവിടെയുണ്ട്. അവരിൽ എത്ര പേർക്കു ഈ ദുരിതാശ്വാസത്തിനു എന്തെങ്കിലും നൽകിയതിന്റെ റസീറ്റ് ഉയർത്തി കാട്ടാനാകും.  അമ്മ എന്ന സംഘടനയിൽ എത്രയോ പേർ മരുന്നുവാങ്ങുന്നതും കഞ്ഞി കുടിക്കുന്നതും ഈ മനുഷ്യൻ ആസൂത്രണം ചെയ്ത്, അമ്മയ്ക്കു വേണ്ടി സമ്പാദിച്ച തുക കൊണ്ടാണ്. പല ആശുപത്രികളും അവർക്കു സൗജന്യ ചികിത്സ നൽകുന്നതു, ഈ മനുഷ്യന്‍ ആശുപത്രി ഉടമകളെ നേരി‍ൽ പോയി കണ്ടതുകൊണ്ടാണ്. മണ്ഡലത്തിലെ ഏതു സ്ത്രീക്കും പണം മുടക്കാതെ കാൻസർ നിർണയ മാമോഗ്രാം ചികിത്സ ഏർപ്പെടുത്തുമെന്നു ഇന്നസന്റ് പറഞ്ഞപ്പോൾ പലരും ചിരിച്ചു. പല താലൂക്ക് ആശുപത്രികളിലൂടെയും ഇന്നസന്റ് അതു ചെയ്തു. സൗജന്യ ഡയാലിസിസു പാവപ്പെട്ടവർക്ക് ഉറപ്പാക്കാനായി ഈ മനുഷ്യൻ ഓടി നടന്നു. 

 

ഇന്നസന്റ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോറ്റതു നല്ലതോ ചീത്തയോ എന്നതു വേറെക്കാര്യം. ജനങ്ങൾ ഇന്നസന്റ് വേണ്ട എന്നു തീരുമാനിച്ചുവെന്നു മാത്രം. പക്ഷേ ഒരു ദുരന്തം വരുമ്പോൾ ഇത്രയും വലിയൊരു തുകയുടെ ചെക്കുമായി കലക്ടറേറ്റിലേക്കു പോകാൻ എത്ര നേതാക്കൾക്കു കഴിഞ്ഞുവെന്നാലോചിക്കുമ്പോഴാണു ഇന്നസന്റിനെ അറിയുന്നത്. 

 

ഇവർക്കു പലർക്കും പിരിച്ചേ പരിചയമുള്ളു. തിരിച്ചുകൊടുത്തു പരിചയമില്ല. എത്ര പേർക്കു പറയാനാകും ‘എന്റെ പെൻഷൻ തുക മുഴുവൻ നൽകുമെന്ന്’.  ഈ പ്രളയ തിരക്കിനിടയിലും തിരഞ്ഞെടുപ്പിൽ തോറ്റ പലരും  പിൻവാതിലിലൂടെ മതിൽ ചാടിക്കടന്നു പുതിയ കസേരകളിൽ കയറി ലക്ഷങ്ങൾ ശമ്പളം വാങ്ങുകയാണ്. കിട്ടുന്നതെല്ലാം സമ്പാദിച്ചുകൊണ്ടുപോകുന്നവർക്കിടയിൽ ഇന്നസന്റ് എന്ന രാഷ്ട്രീയക്കാരൻ ബാക്കിയാകുന്നു. ആദർശ ധീരരെന്നു പറയുന്ന പലരും ഇതിലും എത്രയോ ഇരട്ടി പെൻഷൻ വാങ്ങുന്നു. എന്നിട്ടും അവരാരും അതു കൊടുത്തതായി കേട്ടിട്ടില്ല. 

 

ഈ മനുഷ്യനെ സ്നേഹിച്ചുപോകുന്നത് ഇത്തരം വെളിച്ചം കാണുമ്പോഴാണ്. ഇന്നസന്റ് ഇല്ലായിരുന്നുവെങ്കിൽ കഞ്ഞി കുടിച്ചു കിടക്കാല്ലായിരുന്നുവെന്നു കോഴിക്കോട്ടെ പഴയ കാല നടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തന്നെ പല തവണ ദൈവം  വിളിച്ചിട്ടും പോകാതിരിക്കുന്നതു, കുറച്ചുകൂടി ജോലി ബാക്കിയുള്ളതുകൊണ്ടാണെന്നു ഇന്നസന്റ് പറഞ്ഞിരുന്നു. അതു ശരിയാണെന്നിപ്പോൾ തോന്നുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com