ADVERTISEMENT

കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേഗത്തില്‍ സഹായം ലഭിച്ചില്ലെന്ന നടന്‍ ധര്‍മജന്റെ പ്രതികരണം വലിയ വിമർശനങ്ങള്‍ക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. ധർമജനെ അനുകൂലിച്ച് രംഗത്തുവന്ന ടിനു ടോമിനു നേരെയും സൈബർ ആക്രമണം ഉണ്ടായി. താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതെന്നും എന്നാല്‍ പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം അഭിപ്രായപ്പെട്ടത്. വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി ടിനി ടോം. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

 

വയനാട്ടിലെ പ്രളയബാധിത സ്ഥലത്തേയ്ക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന കലക്‌ഷന്‌ സെന്ററിൽ നിന്നുമായിരുന്നു ടിനി ടോമിന്റെ ലൈവ്.

 

‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും. കണക്കു പറഞ്ഞതല്ല, പ്രളയം അനുഭവിച്ച ആളാണ് ഞാൻ. വീടില്ലാത്തവർക്ക് വീട് ലഭിക്കണം. പല രീതിയിൽ ആളുകൾ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു. എന്റെ പ്രവർത്തനം ഇനിയും തുടരും.’–ടിനി ടോം പറഞ്ഞു.

 

അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായിക്കാനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു.  തിരുവനന്തപുരം മുതൽ എറണാകുളം വരെ സ്വന്തം കാറിൽ സഞ്ചരിച്ചു പ്രളയബാധിതർക്കായി സാമഗ്രികൾ സ്വരൂപിച്ച് ടിനി ടോമും ഇതിൽ മാതൃകയായിരുന്നു. തിരുവനന്തപുരം പട്ടത്ത് നിന്ന് ശശി തരൂർ എംപി തുടക്കം കുറിച്ച ടിനിയുടെ യാത്ര രാത്രി എറണാകുളത്തെത്തിയപ്പോൾ സ്വന്തം എസ്‌യുവി നിറഞ്ഞതിനാൽ മറ്റ് രണ്ട് മിനി ലോറികൾ കൂടി പിടിച്ചാണ് സാമഗ്രികൾ കലക്‌ഷൻ െസന്ററിൽ എത്തിച്ചത്. ദുരിതാശ്വാസ യജ്ഞത്തിനിറങ്ങുന്ന കാര്യം ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചാണ് ടിനി യാത്ര തുടങ്ങിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com