നിര്‍മാണം ഷാരൂഖ് ഖാൻ; നായകൻ ഇമ്രാൻ ഹാഷ്മി; ‘ബാർഡ് ഓഫ് ബ്ലഡ്’ ട്രെയിലർ
Mail This Article
ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ഷാരൂഖ് ഖാൻ നിർമിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘ബാർഡ് ഓഫ് ബ്ലഡ്’ ട്രെയിലർ റിലീസ് ചെയ്തു. ബിലാൽ സിദ്ദീഖിയുടെ ‘ബാർഡ് ഓഫ് ബ്ലഡ്’ എന്ന പേരിൽ തന്നെയുള്ള നോവലിനെ ആസ്പദമാക്കിയാണ് നെറ്റ്ഫ്ലിക്സ് ചിത്രം ഒരുക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലെ വിവിധ സ്ഥലങ്ങളിലായാണ് ഈ ബഹുഭാഷാ സീരീസ് ചിത്രീകരിച്ചത്.
ഇമ്രാനൊപ്പം വിനീത് കുമാർ, ശശാങ്ക് അരോറ, ഏക്ത കപൂർ എന്നിവരും വേഷമിടുന്നു. സീരീസ് സെപ്റ്റംബർ 27 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ബിലാല്‍ സിദ്ദിഖി ഇരുപതാം വയസ്സില്‍ രചിച്ച നോവൽ ആണ് ‘ബാർഡ് ഓഫ് ബ്ലഡ്.
ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിലെ ഉദ്യോഗസ്ഥനായ കബീർ ആനന്ദിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.ചാരനായിരുന്ന കബീര്‍ ആനന്ദ്, റോയില്‍ നിന്നുള്ള തന്റെ പുറത്താക്കലിന് ശേഷം, പഞ്ചഗണിയില്‍ ഷേക്‌സ്പിയര്‍ കൃതികളുടെ അധ്യാപകനായി തുടരുകയാണ്.
പക്ഷേ, പുറത്തായ കബീറിന്റെ സേവനങ്ങൾ വീണ്ടും ആവശ്യമായി വരുകയും അത് കബീറിന് തന്റെ മികവ് തെളിയിക്കാനുള്ള അവസാന അവസരമായി മാറുകയും ചെയ്യുന്നു. ഇതിനെ തുടർന്ന് പാക്കിസ്ഥാനിൽ ദൗത്യത്തിനു വേണ്ടി പോകുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് സീരീസിലൂടെ ദൃശ്യവത്കരിക്കുന്നത്.