ADVERTISEMENT

കൊച്ചി ∙  മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയെ വേദികളിൽ അനുകരിച്ചു പ്രശസ്തനായ മിമിക്രി കലാകാരനും നടനുമായ രാജീവ് കളമശേരിയെ എ.കെ. ആന്റണി ഇന്നലെ ഫോണിൽ വിളിച്ചു. ഓർമകൾ അൽപം മങ്ങി വീട്ടിൽ കഴിയുന്ന രാജീവിന്റെ നില അറിയാനായിരുന്നു ആന്റണിയുടെ വിളി. 

 

പക്ഷേ, മറുപടി പറയാൻ വാക്കുകൾ വന്നില്ല. സംസാരിക്കാൻ മടിച്ച രാജീവിനെ കൂടെയുണ്ടായിരുന്നവർ പ്രോൽസാഹിപ്പിച്ചു. അങ്ങനെ ഏതാനും വാക്കുകൾ... ഈ അവസ്ഥ മാറുമെന്നും പഴയ നിലയിലേക്ക് എത്തുമെന്നും ആശംസിച്ച ആന്റണിയുടെ വാക്കുകൾ രാജീവിനെ ഏറെ സന്തോഷിപ്പിച്ചു. 

 

അവതരിപ്പിക്കാനിരുന്ന ടെലിവിഷൻ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലെത്തിയ രാജീവിന് ജൂലൈ 12നു നേരിട്ട ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു തുടക്കം. ആൻജിയോപ്ലാസ്റ്റി ചെയ്തു വിശ്രമത്തിലിരിക്കെ രാജീവ് കുഴഞ്ഞുവീണതിനെത്തുടർന്നു വീണ്ടും ആശുപത്രിയിലെത്തിച്ചു. 30നു നടത്തിയ പരിശോധനയിൽ, അസുഖമെല്ലാം മാറിയെന്നും പരിപാടികൾ അവതരിപ്പിക്കാമെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി. വീട്ടിലെത്തിയ രാജീവിന് അര മണിക്കൂറിനകം വീണ്ടും അസ്വസ്ഥത തോന്നി. ഹൃദയത്തിനു കുഴപ്പമില്ലെങ്കിലും കടുത്ത തലവേദന സഹിക്കാനാവാത്ത അവസ്ഥയായി. വാക്കുകൾ ശരിയാംവണ്ണം പറയാനാവില്ലെന്നതായിരുന്നു പ്രകടമായ തകരാർ. 

 

തുടർന്നു നടത്തിയ പരിശോധനയിൽ രാജീവിന് ഓർമകൾ നഷ്ടപ്പെടുന്നതായി കണ്ടെത്തി. രാജീവിനോടു കൂടുതൽ സംസാരിച്ചും ഓർമകൾ പങ്കുവച്ചും അദ്ദേഹത്തെ പഴയ നിലയിലേക്കു കൊണ്ടുവരാനാകുമെന്നു ഡോക്ടർമാർ നിർദേശിച്ചതായി സഹോദരി സാജിത പറഞ്ഞു. ആയിരങ്ങളെ പൊട്ടിച്ചിരിപ്പിച്ച മിമിക്രി വിഡിയോകൾ കളമശേരിയിലെ വീട്ടിൽ ഇപ്പോൾ രാജീവിനു മുൻപിൽ  പ്രദർശിപ്പിക്കുകയാണ്. 

 

കൂട്ടുകാരെത്തി അദ്ദേഹത്തെ പഴയ കാലത്തേക്ക് നയിക്കുന്നു. ഒ. രാജഗോപാൽ, വെള്ളാപ്പള്ളി നടേശൻ, എ.കെ. ആന്റണി തുടങ്ങിയവരെ അനുകരിച്ചു രാജീവ് അവതരിപ്പിച്ച മിമിക്രി പരിപാടികൾ തുടർച്ചയായി ടിവിയിൽ കാണിക്കുന്നുണ്ട്. ശാരീരികമായി മറ്റൊരു തകരാറുമില്ലാതെ കളമശേരിയിലെ വീട്ടിൽ കഴിയുന്ന രാജീവിനെ പഴയ നിലയിലെത്തിക്കാൻ വീട്ടുകാരും കൂട്ടുകാരും ഒന്നിച്ചു ശ്രമിക്കുന്നു. ഭാര്യ സൈനബയും 4 മക്കളുമടങ്ങുന്നതാണു രാജീവിന്റെ കുടുംബം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com