മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ ഫ്ലാറ്റുകാരോട് വേണോ: ഷമ്മി തിലകൻ
Mail This Article
നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി നടൻ ഷമ്മി തിലകൻ. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ ഫ്‌ളാറ്റുകാരോട് എന്തിനാണെന്ന് ഷമ്മി തിലകന്‍ ചോദിക്കുന്നു. തീരദേശ നിയമലംഘനം നടത്തിയവര്‍ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം–
‘മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..? തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..!
‘സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വയ്ക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?
ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമനിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..?ഒന്നും ചെയ്യാനാവില്ലെന്നറിയാം..!
കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു.
‘പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാവരും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.’