ADVERTISEMENT

നിയമവിരുദ്ധമായി നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന കോടതിനിർദേശം ഉണ്ടാക്കിയ ആകുലതകളിലാണ് സംവിധായകൻ ബ്ലെസി ഉൾപ്പടെയുള്ള താമസക്കാർ. കുണ്ടന്നൂർ പാലത്തിനോടു ചേർന്നു കിടക്കുന്ന എച്ച്–ടു–ഒ ഹോളി ഫെയ്ത്തിൽ താമസിക്കുന്ന ബ്ലെസി ഏകദേശം രണ്ടു വർഷം മുൻപാണ് സിനിമാ ആവശ്യങ്ങൾക്കായി ഇവിടെ ഫ്ലാറ്റ് വാങ്ങിയത്. ‘ഞങ്ങൾ നികുതി അടയ്ക്കുന്നതല്ലേ? അപ്പോഴെങ്കിലും അവർക്ക് ഇത്തരം കാര്യങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താമായിരുന്നു’ – ബ്ലെസി മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

വാങ്ങിയത് ബിൽഡറിൽനിന്നു നേരിട്ടല്ല

കൃത്യമായ എല്ലാ രേഖകളോടും കൂടിയാണ് ഫ്ലാറ്റ് വാങ്ങിയത്. രണ്ടു വർഷം മുൻപ് ഞാൻ ഇതു വാങ്ങുമ്പോൾ ഹൈക്കോടതിയിൽനിന്ന് രണ്ടു ഉത്തരവുകൾ ബിൽഡർക്ക് അനുകൂലമായി ലഭിച്ചിട്ടുണ്ട് എന്നതായിരുന്നു അറിഞ്ഞ വിവരം. എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ മേജർ രവി ഇതിന്റെ പ്രസിഡന്റ് ആയിരുന്നതുകൊണ്ട് അദ്ദേഹത്തോടും ചോദിച്ചിട്ടാണ് ഞാൻ വാങ്ങിയത്. ബിൽഡറിൽ നിന്ന്നേരിട്ടല്ല, മറ്റൊരാളിൽ നിന്നാണ് ഫ്ലാറ്റ് വാങ്ങിയത്. ഈ പ്രശ്നം ഉണ്ടായതിനു ശേഷമാണ് ബിൽഡറെ ഞാൻ നേരിട്ടു കാണുന്നത്.

ഞങ്ങളും നികുതി അടയ്ക്കുന്നവരാണ്

ഞാൻ കൃത്യമായി നികുതി അടയ്ക്കുന്നുണ്ട്. ഈ മാസത്തെ കൂടി വൈദ്യുതി ബില്ല് അടച്ചു. ഇത് റജിസ്റ്റർ ഓഫിസിൽനിന്ന് റജിസ്റ്റർ ചെയ്തു തന്നിട്ടുണ്ട്. നിയമലംഘനം നടന്ന പ്ലോട്ടിലാണ് ഫ്ലാറ്റ് എങ്കിൽ അതു റജിസ്റ്റർ ചെയ്യുമ്പോൾ സർക്കാർ തലത്തിലുള്ള ആരെങ്കിലും അക്കാര്യം അതു വാങ്ങാൻ പോകുന്നവരെ രേഖാമൂലം അറിയിക്കേണ്ടതായിരുന്നു. ഫ്ലാറ്റിന് ബാധ്യതാ സർട്ടിഫിക്കറ്റ് വരെ എടുത്തിട്ടുണ്ട്. ഇതൊക്കെ ലഭിക്കുന്നത് മുനിസിപ്പാലിറ്റിയിൽ നിന്നാണ്.

 

അവർക്ക് ഇക്കാര്യങ്ങൾ ‍ഞങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കാമായിരുന്നു. ഞങ്ങൾ നികുതി അടയക്കുന്നതല്ലേ? അതു ചെയ്യുന്ന സമയത്തെങ്കിലും അവർക്ക് ഇത്തരം കാര്യങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താമായിരുന്നു. നിയമപ്രശ്നങ്ങൾ ഉള്ളതുമൂലം താൽക്കാലികമായാണ് നികുതി വാങ്ങുന്നതെന്ന് അവർക്ക് അറിയിക്കാമായിരുന്നു. അങ്ങനെയാണെങ്കിൽ ഈ പ്ലോട്ട് വാങ്ങണോയെന്ന് ഒരിക്കൽ കൂടി ചിന്തിക്കാമായിരുന്നു. നികുതി അടയ്ക്കുന്ന വ്യക്തിയോട് അത്രയെങ്കിലും ചെയ്യേണ്ട ഉത്തരവാദിത്തമില്ലേ?

ആരെ വിശ്വസിക്കണം?

നമ്മളൊന്നും നിയമവിദഗ്ധരല്ലല്ലോ. കോടതികളിലും പോകേണ്ടി വന്നിട്ടില്ല. നമ്മുടെ ജീവിതത്തിൽ ഒരുപാട് അബദ്ധങ്ങൾ പറ്റാറുണ്ട്. ഇതു ഞാൻ ചെയ്തതു ശരിയാണെന്നു വിചാരിക്കുന്നില്ല. ഇതൊക്കെ അന്വേഷിക്കണമെന്നത് ജീവിതത്തിൽ വലിയ പാഠമാണ്. സത്യത്തിൽ ഞാൻ ആരെ വിശ്വസിക്കണം? ഞാൻ നികുതി അടയ്ക്കുന്ന മുനിസിപ്പാലിറ്റിയെ അവിശ്വസിക്കണോ? ഇത് റജിസ്റ്റർ ചെയ്തു തന്ന റജിസ്ട്രാറെ അവിശ്വസിക്കണോ? എനിക്ക് നിയമസഹായം തന്ന അഭിഭാഷകനെ അവിശ്വസിക്കണോ? ഇവരൊക്ക കള്ളന്മാരാണ് എന്നു കരുതിക്കൊണ്ടാകണോ ഞാൻ ഇവിടെയൊക്കെ പോകേണ്ടത്. ഇവരെ അവിശ്വസിച്ചുകൊണ്ട് ഞാൻ എന്റെ അന്വേഷണം തുടരണം എന്നു പറഞ്ഞാൽ എനിക്ക് ഇതു മാത്രമായിരിക്കണം പണി. സിനിമയൊന്നും ചെയ്യാൻ പോകരുത്.

എന്തിന് തെറ്റിദ്ധരിപ്പിച്ചു?

മാറിത്താമസിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. കെട്ടിടം പൊളിക്കാനാണ് കോടതിവിധി. ഒരു തർക്കം നടക്കുമ്പോൾ എല്ലാ ഭാഗവും കോടതി കേൾക്കണം. കെട്ടിടം പൊളിക്കാനേ കോടതി പറഞ്ഞിട്ടുള്ളൂ; ഒഴിപ്പിക്കാൻ പറഞ്ഞിട്ടില്ല. ഞങ്ങളെ വച്ചു തന്നെ കെട്ടിടം പൊളിക്കട്ടെ. ഞങ്ങളെ കൃത്യമായി കാര്യങ്ങൾ ബോധിപ്പിച്ചാൽ മതി. നമ്മൾ കാശു മുടക്കി ചെയ്യുന്ന കാര്യങ്ങൾക്കൊന്നും ഒരു ഉറപ്പുമില്ല. അത് എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടു പോകാമെന്ന സ്ഥിതിയായാൽ ആരെങ്കിലും കേരളത്തിൽ നിക്ഷേപത്തിനു തയാറാകുമോ? ഞങ്ങൾ ഇവിടെനിന്നു മാറണമെങ്കിൽ ഞങ്ങൾക്കു കൃത്യമായ മറുപടി നൽകണം. ഈ ഭൂമിയിൽ തർക്കം ഉണ്ടായിരുന്നെങ്കിൽ എന്തിന് അതു വാങ്ങിയവരെ തെറ്റിദ്ധരിപ്പിച്ചു? ആരാണ് ഇത്തരം കാര്യങ്ങൾ ധരിപ്പിക്കേണ്ടത്?

വേണം, സുതാര്യത

ഞാൻ ഫ്ലാറ്റ് വാങ്ങിയത് മറ്റൊരാളിൽ നിന്നാണ്. അദ്ദേഹം ഒരുപക്ഷേ രക്ഷപ്പെട്ടതായിരിക്കാം.. എന്നാൽ അതു ഞാനെങ്ങനെ അറിയും? നടപടികൾക്ക് ഒരു സുതാര്യത വേണ്ടേ? മറ്റുള്ളവരെ തീരെ മാനിക്കാതെ, ഏതോ വലിയ പാതകം ചെയ്ത ആൾക്കാരോടെന്ന പോലെയാണ് ഈ നടപടി. എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരുടെയും പിന്തുണ ഞങ്ങൾക്കുണ്ട്. സാങ്കേതികമായി സംഭവിച്ച തെറ്റ് ഇനിയെങ്കിലും തിരുത്തിയെങ്കിൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാവുകയുള്ളൂ. അതിനാണ് നിയമ വിദഗ്ധരുടെ പിന്തുണയോടെ ഞങ്ങൾ ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com