അർഹമായ അവസരങ്ങൾ ലഭിക്കാതെ പോയ നടൻ
Mail This Article
രണ്ടാം സിനിമയിൽ തന്നെ നായക വേഷം തേടിയെത്തിയിട്ടും വെള്ളിത്തിരയിലെ താരമായി ഉദിച്ചുയരാൻ അർഹമായ അവസരങ്ങൾ ലഭിക്കാതെ പോയ നടനാണു സത്താർ. ‘അനാവരണം’ എന്ന തന്റെ സിനിമയിൽ പുതുമുഖമായ സത്താറിനെ നായകനാക്കാൻ എ.വിൻസന്റിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിൽ ഒരു മികവ് അറിഞ്ഞിട്ടു തന്നെയാവണം. പക്ഷേ, ആ സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. അതു സത്താറെന്ന നടനും തിരിച്ചടിയായി.
യുസി കോളജിലെ പഠന കാലത്ത് അഭിനയ രംഗത്തേക്കു വന്നത് അപ്രതീക്ഷിതമായിരുന്നെങ്കിലും പിന്നീട് സത്താറിന് അഭിനയവും സിനിമയും വലിയ ഹരമായി. ആലുവയിൽ നല്ല നിലയിലുള്ള കുടുംബത്തിലെ അംഗമായിരുന്ന സത്താർ മികച്ച വിദ്യാഭ്യാസം നേടി, അഭിനയം തന്നെ തന്റെ തൊഴിലായി സ്വീകരിച്ചു. സിനിമയുടെ ലോകത്തായതോടെ ചെറിയ വേഷങ്ങളാണെങ്കിലും മടികൂടാതെ ചെയ്യാനും തയാറായി. വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രവും അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല എന്നതാണു സത്യം. ഇടയ്ക്ക് കുറേക്കാലം സീരിയലിലും സജീവമായിരുന്നെങ്കിലും അർഹമായ ഊഴം കിട്ടും മുൻപ് മുഖ്യധാരയിൽ നിന്ന് വഴുതി പോയതാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം.
പാറപ്പുറത്തിന്റെ തിരക്കഥയിൽ ഐ.വി.ശശി സംവിധാനം ചെയ്ത ‘ഈ മനോഹര തീരം’ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷമായിരുന്നു സത്താറിന്. കലൂർ ഡെന്നീസ് ആയിരുന്നു ആ സിനിമയുടെ ഒരു കോർഡിനേറ്റർ. ആ സെറ്റിൽ വച്ച് കലൂർ ഡെന്നീസാണ് നായികയായ ജയഭാരതിയെ സത്താറിനു പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അന്ന് ആദ്യമായി കൈകൊടുത്തു പിരിഞ്ഞ അവർ പിന്നീട് ജീവിത പങ്കാളികളായി.
തന്റെ ഭാര്യയായ ശേഷവും ജയഭാരതിയെക്കുറിച്ച് അവരുടെ ഉന്നതിയെ അംഗീകരിച്ചുള്ള ആദരം നൽകി മാത്രമേ സത്താർ സംസാരിച്ചിരുന്നുള്ളൂ. ജയഭാരതിയെന്ന അഭിനേത്രിയുടെ മുന്നിൽ താൻ വളരെ താഴെയാണെന്ന് അംഗീകരിക്കാൻ അദ്ദേഹം മടിച്ചിരുന്നില്ല.
കലാകാരി എന്ന നിലയിലുള്ള അവരുടെ സ്വതന്ത്ര്യത്തെയും അംഗീകരിച്ചിരുന്നു; അനാവശ്യമായി ഇടപെടാറുമില്ലായിരുന്നു. ഒരിക്കൽ എന്റെ ഒരു സുഹൃത്ത് തന്റെ സിനിമയിൽ അഭിനയിക്കാനായി ജയഭാരതിയുടെ ഡേറ്റ് സംഘടിപ്പിക്കാൻ സത്താറിനെ സമീപിച്ചു. അവർ വലിയ നടിയാണെന്നും ഏതു സിനിമയിൽ അഭിനയിക്കണമെന്നു പറയാൻ താൻ ആളല്ലെന്നും പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നു.
അങ്ങനെയുള്ള അവർ എങ്ങനെ പിരിഞ്ഞു എന്നത് അവ്യക്തമാണ്. എങ്കിലും അവസാന കാലത്ത് ജയഭാരതി വീണ്ടും സത്താറിന് സാന്ത്വനമായുണ്ടായിരുന്നു. ഞാൻ എഴുതിയ ഒരു സിനിമയിലും ഓർക്കപ്പെടുന്ന ഒരു വേഷം സത്താർ ചെയ്തതായി ഓർമയില്ല. പക്ഷേ, ഒരു സൗഹൃദ നിമിഷങ്ങളിലും അതിന്റെ പേരിൽ ഒരു പരിഭവസ്വരം സത്താറിൽ നിന്നുണ്ടായിട്ടില്ല.