ഒരു വീട്ടിൽനിന്നു മൂന്നു സംവിധായകർ; അന്തിക്കാട്ടെ സിനിമാകുടുംബം
Mail This Article
ഒരച്ഛന് ഇതിലധികം സന്തോഷമുള്ള ദിവസമുണ്ടായിക്കാണുമോ? രണ്ടാമത്തെ മകനും ജീവിതത്തിലെ ആദ്യത്തെ സിനിമ സംവിധാനം ചെയ്യുന്ന വിവരം പുറത്തുവിടുന്നു. ഇരട്ടകളിൽ ആദ്യ മകൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ഈ മാസം തുടങ്ങുകയാണെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. അച്ഛനാകട്ടെ പുതിയ സിനിമയ്ക്കുള്ള കഥ കണ്ടെത്താനായി തിരക്കഥാകൃത്തിനു കൂട്ടിരിക്കുന്നു. ഒരു വീട്ടിൽനിന്നു മൂന്നു സിനിമകൾ.
സത്യൻ അന്തിക്കാട് എന്ന മനുഷ്യൻ സംവിധാനം ചെയ്ത പട്ടണ പ്രവേശം, സന്ദേശം പോലുള്ള സിനിമകൾ 30 വർഷത്തിനു ശേഷവും ചാനലുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമയെ സത്യൻ ഉത്തുംഗശൃംഗങ്ങളിലേക്കു കൊണ്ടുപോയി എന്നൊന്നും പറയാനാകില്ല. പക്ഷേ, ചായക്കടയിലും ബാറിലും വീട്ടിലെ സ്വീകരണമുറിയിലും ഭക്ഷണമേശയിലും ജോലിസ്ഥലങ്ങളിലും ഓട്ടോ സ്റ്റാൻഡുകളിലുമെല്ലാം സ്വന്തം സിനിമയെ മൂന്നരപ്പതിറ്റാണ്ടായി നിലനിർത്താൻ ഈ മനുഷ്യനു കഴിഞ്ഞിരിക്കുന്നു.
സത്യൻ സിനിമ ചെയ്യുമ്പോൾ വിമർശകരെന്നു തോന്നിപ്പിക്കുന്നവർ മിക്കപ്പോഴും പറയും, ‘പഴയ കുപ്പിയിൽ പുതിയ വീഞ്ഞ്’ എന്ന്. പക്ഷേ മിക്കപ്പോഴും സത്യനുണ്ടാക്കിയ വീഞ്ഞു വിറ്റുപോകും. കച്ചവടക്കാരൻ സന്തോഷത്തോടെ അടുത്ത കുപ്പിക്കായി കാത്തിരിക്കുകയും ചെയ്യും. കഴിച്ചവരിൽ കുറെപ്പേരെങ്കിലും ആ രുചി പതിറ്റാണ്ടുകൾക്കു ശേഷവും ഓർത്തിരിക്കുകയും ഇടയ്ക്കിടെ വീണ്ടും വീണ്ടും എടുത്തടിക്കുകയും ചെയ്യുന്നു.
സ്വന്തം തട്ടകത്തിലേക്കു മക്കൾ വരുന്നതിൽ മിക്ക അച്ഛന്മാർക്കും സന്തോഷമുണ്ടാകും. കെ.കരുണാകരനായാലും സത്യൻ അന്തിക്കാടായാലും അതിന് ഒരേ മനോഭാവമാണ്. നല്ല ജോലിയുണ്ടായിരുന്ന എൻജിനീയർമാരായ രണ്ടു കുട്ടികളും ജോലി രാജിവച്ചു സിനിമയെ സ്നേഹിക്കാൻ വീട്ടിലെത്തി. ഒരാളെ സത്യൻ കൂടെ നിർത്തി പണി പഠിപ്പിച്ചു. രണ്ടാമനെ ലാൽ ജോസിന്റെ അടുത്തേക്കു വിട്ടു.
അനൂപ് സത്യനും അഖിൽ സത്യനും അവർ തനിയെ സംവിധാനം ചെയ്യുന്ന സിനിമകൾ പ്രഖ്യാപിച്ചിരിക്കുന്നു. അനൂപിന്റെ സിനിമ ദുൽഖർ സൽമാൻ നിർമിക്കുന്നു. ദുൽഖറും സുരേഷ് ഗോപിയും ശോഭനയും പ്രിയദർശന്റെ മകൾ കല്യാണിയും അഭിനയിക്കുന്നു. അഖിലിന്റ സിനിമയിൽ നായകൻ ഫഹദ് ഫാസിലാണ്. ഈ താരനിരയിൽ ആരും അവസരത്തിനുവേണ്ടി ചൂണ്ടയിട്ടു കാത്തിരിക്കുന്നവരല്ല. ഇവർ പറഞ്ഞ കഥയുടെ ബലംതന്നെയാകണം താരങ്ങളെ ഇവരിലേക്ക് എത്തിച്ചത്. സത്യൻ അന്തിക്കാടിന്റെ മകൻ എന്നതുകൊണ്ടു മാത്രം ഇവർക്കാരും അവസരം നൽകാൻ ഇടയില്ല. ഒരുപക്ഷേ മോഹൻലാലും മമ്മൂട്ടിയും നൽകിയേക്കും. അവർക്കു സത്യനുമായി അത്തരമൊരു ബന്ധമുണ്ട്. വേണമെങ്കിൽ സുരേഷ് ഗോപിയെക്കൂടി പട്ടികയിൽപെടുത്താം. പക്ഷേ പുതുതലമുറ അങ്ങനെയല്ല.
മൂന്നു പേർ ഒരേ വീട്ടിൽനിന്നുതന്നെ സംവിധായകരാകുന്നതു രാജ്യത്തെ സിനിമയുടെ ചരിത്രത്തിൽത്തന്നെ അപൂർവമാണ്. പ്രത്യേകിച്ച്, മൂന്നുപേരും സജീവമായി ഒരേ സമയത്തു രംഗത്തുണ്ടാകുക എന്നത്. അവരുടെയെല്ലാം സിനിമയിൽ ഈ ഭാഷയിലെ മികച്ച അഭിനേതാക്കൾ അഭിനയിക്കുന്നു എന്നതും വലിയ കാര്യം. സത്യൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് ദുൽഖർ സൽമാനാണെന്ന്. സത്യനും അതുതന്നെ സ്വയം പറയാൻ പറ്റുമായിരിക്കും.
സത്യൻ അന്തിക്കാട് എന്ന സംവിധായകൻ ഓർമിക്കപ്പെടാവുന്ന സിനിമ ചെയ്തുവെന്നു പറഞ്ഞാലും ഇല്ലെങ്കിലും ഒരു കാര്യത്തിൽ ഓർമിക്കപ്പെടുകതന്നെ ചെയ്യും; സുരക്ഷിതമായൊരു ജോലി രാജിവച്ചു വന്ന മക്കളെ സ്വന്തം ജോലിയിലേക്ക് അഭിമാനപൂർവം കൈ പിടിച്ചുകൊണ്ടുവന്ന ഒരച്ഛൻ എന്ന നിലയിൽ, സ്വന്തം മനസ്സും വീടും നിറയെ സിനിമ നിറച്ച ഒരാൾ എന്ന നിലയിൽ. എല്ലാ ഉത്സവങ്ങൾക്കും അപ്പുറം ബാക്കിയാകുന്നതു സ്വന്തം വീട്ടിലെ ഉത്സവം മാത്രമായിരിക്കുമെന്ന് ആർക്കാണ് അറിയാത്തത്.
ഒരാൾകൂടി ബാക്കിയുണ്ട്. സത്യൻ സിനിമയെത്തേടി നടക്കുമ്പോഴും മക്കൾ രാജിവച്ചു വന്നപ്പോഴും അതിനു ശേഷം സിനിമയുടെ പുറകെ പോയപ്പോഴും ഈ വഴിയിൽനിന്നെല്ലാം ഒഴിഞ്ഞുനിന്ന നിമ്മി എന്ന വീട്ടമ്മ. വിതയ്ക്കാനും കൊയ്യാനും ഇന്നും പാടത്തിറങ്ങുന്നൊരു വീട്ടമ്മ. സ്വന്തം പറമ്പിലെ കായ വെട്ടിപ്പഴുപ്പിച്ചും മാങ്ങ പെറുക്കി ഉപ്പിലിട്ടും തേങ്ങയും മടലും പെറുക്കി കൂട്ടിയും സന്ധ്യയ്ക്കു വിളക്കുവച്ചും ജീവിക്കുന്നൊരു സ്ത്രീ. അവർ അവിടെ ചിരിച്ചുകൊണ്ടു കാത്തിരിപ്പില്ലായിരുന്നുവെങ്കിൽ ഈ മൂന്നു പേരും പേരും നമുക്ക് ഇതുപോലെ സിനിമ കാണിച്ചു തരുമായിരുന്നില്ല.