ADVERTISEMENT

വ്യക്തിജീവിതത്തിലും അഭിനയത്തിലും വാർപ്പുമാതൃകകളെ നിരന്തരം തകർക്കുന്ന അഭിനേതാവാണ് വിനായകൻ. ഉയിരും ഉടലും നൽകിയുള്ള വേഷപ്പകർച്ചകൾ മാത്രമല്ല വിനായകനെ മലയാളികളുടെ ഇഷ്ടതാരമാക്കുന്നത്. പറയാനുള്ളതു മുഖം നോക്കാതെ പറയാൻ വിനായകൻ കാണിക്കുന്ന ചങ്കൂറ്റം മലയാളികൾക്ക് ഇഷ്ടമാണ്. കാരണം, കൈയടി വാങ്ങാൻ വേണ്ടി വിനായകൻ ഒന്നും പറയാറില്ല. 

 

തമ്പി കണ്ണന്താനത്തിന്റെ ‘മാന്ത്രിക’ത്തിലെ ഡാൻസർ മുതൽ ‘കമലിന്റെ പ്രണയമീനുകളുടെ കടലി’ലെ ഷുറാവ് ഹൈദ്രു വരെ എത്തി നിൽക്കുന്ന വിനായകൻ അഭിനയത്തിന്റെ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുന്നു. ‘ഇങ്ങനെ ഒരു ഹൈദ്രു വരുമെന്നോ അല്ലെങ്കിൽ ഒരു കമ്മട്ടിപ്പാടം വന്നു പെടുമെന്നോ എനിക്കൊരിക്കലും പറയാൻ പറ്റിയിട്ടില്ല. ഞാൻ അങ്ങനെയൊന്നും വിശ്വസിച്ചിട്ടില്ല. ചെയ്യും... ചെയ്തുകൊണ്ടിരിക്കുന്നു,’ അഭിനയത്തിന്റെ 25 വർഷങ്ങളെക്കുറിച്ച് വിനായകൻ പറയുന്നു.

 

പത്രത്തിലെ ആ തലക്കെട്ട് ഞാൻ മറന്നിട്ടില്ല

 

ഞാൻ എന്ന ആർട്ടിസ്റ്റിനെ ആദ്യം കണ്ടത് മനോരമ പത്രമാണെന്നാണ് എന്റെ വിശ്വാസം. ജേക്കബ് സർ എന്നാണെന്നു തോന്നുന്നു അദ്ദേഹത്തിന്റെ പേര്. ആദ്യമായി എന്റെ വലിയൊരു ചിത്രം – ഹാഫ് പേജോ ക്വാർട്ടർ പേജോ ആണ്,  ഞാൻ മനോരമ ഓഫിസിന്റെ മുകളിൽക്കയറി ഡാൻസ് ചെയ്യുന്ന  ഫോട്ടോഗ്രാഫ് – സൺഡേ സപ്ളിമെന്റിൽ അദ്ദേഹം ഇട്ടു. അതിന്റെ തലക്കെട്ട് എനിക്കിപ്പോഴും ഓർമയുണ്ട് – ‘കേരളത്തിന്റെ മൈക്കിൾ ജാക്സൻ ആകാൻ വിനായകൻ’. ഞാൻ ഇപ്പോഴും അദ്ദേഹത്തെ അന്വേഷിക്കുകയാണ്. മറ്റൊന്നിനുമല്ല, ഒരു ഷെയ്ക്ക് ഹാൻഡ് കൊടുക്കാൻ! 

 

vinayakan-kamal

അഭിനയത്തിന്റെ കാൽനൂറ്റാണ്ട്

 

അങ്ങനെ പറയാൻ പറ്റുന്ന ഒരു ഉത്തരമല്ല. എന്നെങ്കിലും നല്ല ഒരു കഥാപാത്രം വരുമെന്നു മാത്രമായിരുന്നു എന്റെ ചിന്ത. കമ്മട്ടിപ്പാടത്തിൽ അതു വർക്കൗട്ട് ആയി. അതങ്ങനെ ഇപ്പോൾ ഹൈദ്രു എന്ന കഥാപാത്രം വരെയെത്തി. എന്നെ വച്ചു സിനിമ ചെയ്യാൻ ഒരു നിർമാതാവ് വന്നു എന്നതാണ് കാര്യം. അതിനു ഞാൻ ദൈവത്തോടു നന്ദി പറയുന്നു. 

 

എന്നെ ഷുറാവ് ഹൈദ്രു ആക്കിയത് കമൽ സർ

 

കടലിലെ സ്രാവ് വേട്ടക്കാരനാണ് ഷുറാവ് ഹൈദ്രു. ജനനം തന്നെ കടലിലാണ്. കഥാപാത്രമാകുന്നത് ഞാനാണ്. പക്ഷെ, ഈ സിനിമയുടെ നെടുംതൂൺ കമൽ സർ തന്നെയാണ്. അദ്ദേഹത്തിന്റെ പേരുള്ളതുകൊണ്ടാണ് ഞാൻ ഈ സിനിമയിൽ അഭിനയിക്കാൻ തയാറായത്. മറ്റൊരു പ്രധാന കാരണം ജോൺപോൾ സർ ഈ പ്രോജക്ടിൽ ഉണ്ട് എന്നതാണ്. മറ്റൊന്നും ഞാൻ അന്വേഷിച്ചിട്ടില്ല. 

 

കമൽ സർ വിളിച്ചു, ഞാൻ സമ്മതിച്ചു

 

കമൽ സാറിന്റെ പടമാണ്. അങ്ങനെ തന്നെ ചിന്തിക്കേണ്ടതുണ്ട്. പുതിയ ഒരാൾ വന്നിട്ട് – അതായത് എനിക്കിതു വരെ അറിയാത്ത ഒരാളാണ് പടം ചെയ്യുന്നതെങ്കിൽ പെട്ടെന്നു ഡേറ്റ് കൊടുക്കാൻ കഴിയില്ല. അദ്ദേഹം ആരാണെന്നും എങ്ങനെയാണ് ഒരു സിനിമ ചെയ്തിരിക്കുന്നതെന്നും അറിയണം. അതൊന്നും അറിയാതെ സമ്മതം മൂളാൻ കഴിയില്ല. സംവിധായകന്റെ ഔട്ടിനെക്കുറിച്ച് മനസ്സിലാക്കിയിട്ടേ ഞാൻ ഒരു പ്രോജക്ടിലേക്കു വരൂ. ഈ പടത്തിൽ എനിക്ക് അങ്ങനെയുള്ള ചിന്തയില്ല. ഇത്രയും അനുഭവസമ്പത്തുള്ള കമൽ സർ തന്നെയാണ് ഞാനീ പടത്തിലേക്കു വരാനുള്ള കാര്യം. 

 

കഥ പോലും ഞാൻ മുഴുവനായി കേട്ടില്ല

 

ഞാൻ തിരക്കഥ കേട്ടില്ല. കഥ പോലും മുഴുവനായി കേട്ടിട്ടില്ല. അതിന്റെ ആവശ്യമില്ല. കമൽ സാറിന്റെ അടുത്തു പോയി, ‘ഈ ഷോട്ട് എങ്ങനെയായിരിക്കും’, ‘ആ ഡയലോഗ് എങ്ങനെ’ എന്നൊക്കെ ചോദിക്കേണ്ട കാര്യമില്ല. അതൊരു അധികപ്രസംഗമായി എനിക്ക് തോന്നും. ഇതിൽ നൂറു ശതമാനവും കമൽ എന്ന സംവിധായകനെ വിശ്വസിച്ചിട്ടാണ് ഞാൻ വന്നത്. എനിക്ക് വ്യക്തിപരമായി ഇഷ്ടം തോന്നാനുള്ള മറ്റൊരു കാരണം ജോൺപോൾ സർ എന്ന പേരാണ്. കടുത്ത ഭാഷാപ്രയോഗമാണ് എനിക്കുള്ളത്. ഞാൻ മിക്ക ദിവസവും ജോൺപോൾ സർ അറിയാതെ അദ്ദേഹത്തെ നിരീക്ഷിക്കാറുണ്ട്. ഈ രണ്ടു വ്യക്തികളും ഇതിലുണ്ട് എന്നതാണ് എന്നെ ഈ സിനിമയിലേക്കു കൊണ്ടു വന്നത്. 

 

ആ രംഗം കട്ട് ആകുന്നത് നമ്മൾ ‘കട്ട്’ ആകുമ്പോൾ

 

എനിക്കു നീന്താൻ അറിയില്ല. ഈ പടത്തിലാണ് നീന്തൽ പഠിച്ചത്. നീന്തൽ അറിയാതെ കടലിലേക്ക് എടുത്തു ചാടുകയായിരുന്നു. അതു തന്നെയായിരുന്നു അതിന്റെയൊരു രസം. അതു ഷൂട്ട് ചെയ്തിട്ട് ഇങ്ങനെയൊരു ഔട്ട് വന്നപ്പോൾ വലിയ സന്തോഷം. സിനിമയിൽ യുദ്ധത്തിലെപ്പോലെയുള്ള വാക്കുകളാണ് ഉപയോഗിക്കുക. ‘ആക്‌ഷൻ’ എന്ന വാക്കു പറഞ്ഞാൽ പിന്നെ ‘കട്ട്’ എന്ന വാക്കു കേൾക്കണം. അല്ലാതെ അതിൽനിന്നു പെട്ടെന്നു തിരിയാൻ കഴിയില്ല. അതിനു മുൻപ് തിരിയാറുണ്ട്. എന്നാലും ‘കട്ട്’ എന്ന വാക്കു കേൾക്കുന്നതു വരെ അഭിനയിച്ചുകൊണ്ടേയിരിക്കും. ഇതിൽ വെള്ളത്തിനടിയിൽ ചിത്രീകരിച്ച എന്റെ കുറച്ചു രംഗങ്ങളുണ്ട്. അവിടെ കട്ട് ഇല്ല. ആ രംഗം കട്ട് ആകുന്നത് നമ്മൾ ‘കട്ട്’ ആകുമ്പോഴാണ്. അതായത്, ശ്വാസം കിട്ടാതെ വരുമ്പോൾ നമ്മൾ തന്നെ വെള്ളം കുടിച്ച് മുകളിലേക്ക് പൊന്തും, അപ്പോൾ! ആറു മീറ്റർ ആഴത്തിലാണ് അതു ഷൂട്ട് ചെയ്തത്. 

 

അറിയാത്ത ഭാഷയാണ് ചെയ്യാൻ എളുപ്പം

 

ഞാൻ ദ്വീപിൽ ചെന്ന് സംസാരിച്ചപ്പോൾ തോന്നിയത് തമിഴും മലയാളവും കൂടിയിട്ടുള്ള ഒരു ഭാഷയാണത് എന്നാണ്. എനിക്കതു പ്രശ്നമായി തോന്നാറില്ല. അറിയാത്ത ഭാഷ ചിലപ്പോൾ കുറച്ചു കൂടി എളുപ്പമായി തോന്നും. തമിഴിലും തെലുങ്കിലും അഭിനയിക്കുമ്പോൾ ഭാഷ എനിക്കൊരു പ്രശ്നമാകാറില്ല. 

 

ഓരോ കഥാപാത്രത്തിനും ഓരോ ഭൂമിശാസ്ത്രം

 

നമ്മൾ കല്ലിലൂടെ നടക്കുമ്പോൾ ശരീരത്തിന് കല്ലിൽ നടക്കുന്ന താളം വരും. മണ്ണിലൂടെ നടക്കുമ്പോൾ അതിന്റെ താളമാകും വരിക. കടൽത്തീരത്തു  നടക്കുമ്പോൾ, നിരപ്പായ സ്ഥലത്തു നടക്കുന്ന താളമാകില്ല ഉണ്ടാകുക. ചവിട്ടുമ്പോൾ നമ്മൾ മുന്നോട്ടേക്ക് ഒന്ന് ആയും! ഓരോ കഥാപാത്രത്തിനും ഒരു ഭൂമിശാസ്ത്രമുണ്ട്. അതാണ് ഏതു കഥാപാത്രത്തിലേക്കു വരുമ്പോഴും ഞാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നതും! എനിക്ക് അങ്ങനെ ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം. അതായത് ശരീരം വച്ച് ചെയ്യാനാണ് ഇഷ്ടം. 

 

ജീവിതത്തിൽ സങ്കടം ഇഷ്ടമല്ല

 

സങ്കടം ഇഷ്ടമല്ല എന്നു പറയുന്നത് ജീവിതത്തിൽ അങ്ങനെ ആയിരുന്നതു കൊണ്ടാണ്. എല്ലാം ഭയങ്കര ഇരുട്ടും ഡാർക്കും ഒക്കെയായിരുന്നു. സിനിമയിലും അതുതന്നെ ചെയ്യുമ്പോൾ ശരീരത്തിലേക്ക് അതങ്ങു കേറും. എനിക്കു വ്യക്തിപരമായി സങ്കടം ചെയ്യുന്നത് ഇഷ്ടമല്ല. അങ്ങനെയുള്ള കഥാപാത്രങ്ങൾ ഇഷ്ടമല്ല. അങ്ങനെയുള്ള പടങ്ങൾ ചെയ്യും. അഭിനയിക്കുമ്പോൾ അങ്ങനെയുള്ള കഥാപാത്രങ്ങൾ ഉള്ളിലേക്ക് വല്ലാതെ കേറും. പക്ഷേ വ്യക്തിപരമായി വിനായകൻ എന്ന മനുഷ്യന് സങ്കടം ഇഷ്ടമല്ല.

 

കടലിന്റെ സന്തോഷമാണ് ഈ സിനിമ

 

കടൽ, തിരയടിക്കുന്ന തീരങ്ങൾ ഇതൊക്കെ എന്റെ ജീവിതവുമായി വളരെ ബന്ധപ്പെട്ടതാണ്. എന്റെ ചിന്തകളും കടൽത്തീരങ്ങളും തമ്മിൽ ഭയങ്കര ബന്ധമുണ്ട്. എന്റെ ജീവിതത്തിലെ സന്തോഷങ്ങളുമായിട്ടും കടൽത്തീരങ്ങൾക്കു ഭയങ്കര ബന്ധമുണ്ട്. അതുതന്നെയാണ് ഇതിലും വന്നത്. പിന്നെ ഭാഷ മാറ്റി പ്രയോഗിക്കുക, കടലിന്റെ ഒരു സന്തോഷം, അതിന്റെയൊരു സൗന്ദര്യഭംഗി, അതൊക്കെയായിരുന്നു ഈ പടം. വീണ്ടും പറയാം, നൂറു ശതമാനവും കമൽ സർ തന്നെയാണ് ഇതിൽ! 

 

എനിക്ക് അവരോടൊക്കെ വലിയ ബഹുമാനമാണ്

 

ഹനീഫ് ഇക്ക എന്റെ അച്ഛന്റെ സുഹൃത്താണ്. അദ്ദേഹം മാത്രമല്ല, അദ്ദേഹത്തിന്റെ അനുജനും കുടുംബവുമൊക്കെ പുല്ലേപ്പടിക്കാരാണ്. ഞാനും അയൽവാസിയാണ്. അച്ഛൻ എപ്പോഴും ഹനീഫ് ഇക്കയുമായി സംസാരിക്കാറുണ്ട്. ഇന്നും എല്ലാ ദിവസവും ഞാൻ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ചില പ്രയോഗങ്ങളാണ്. ഒരു അമ്പതു തവണയെങ്കിലും ഞാൻ ഉപയോഗിക്കാറുണ്ട്. അതു തമാശയായി ഉപയോഗിക്കുന്നതാണ്. ആരെയും കുത്തികൊല്ലാനല്ല. ഹനീഫ് ഇക്കയുമായി ഞാൻ ഒരുമിച്ച് അഭിനയിച്ചത് ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലാണ്. അതിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്നാണ് തോന്നുന്നത്. പക്ഷേ ഒരു അഭിനേതാവ് എന്ന രീതിയിലല്ല, നമ്മുടെ ഒരു നാട്ടുകാരൻ, ഒരു പുല്ലേപ്പടിക്കാരൻ എന്ന നിലയിലാണ് എനിക്ക് അദ്ദേഹത്തെ പരിചയം; ഒരു ചേട്ടനെപ്പോലെ. ഞാൻ പുള്ളിയുടെ മുൻപിലൊന്നും പോയി നിൽക്കാറില്ല. ഞാൻ ഇങ്ങനെയൊക്കെയാണെങ്കിലും കുറെ ആളുകളോട് ബഹുമാനമൊക്കെയുണ്ട്. അതുപോലെ ഒരാളാണ് സിദ്ദീഖ്–ലാലിലെ ലാൽ! ഒരു മൂത്ത ജ്യേഷ്ഠനോടുള്ള ബഹുമാനമാണ് എനിക്ക് അദ്ദേഹത്തോടുള്ളത്. 

 

എന്റെ നായകൻ ഞാൻ തന്നെ

 

എന്റെ നായകൻ ഞാൻ തന്നെ ആയിരിക്കും. പിന്നെ എല്ലാ ആണുങ്ങളുടെയും ഹീറോ എന്നു പറയുന്നതുപോലെ അച്ഛൻ! പുള്ളീടെ ഒന്നു രണ്ടു വാക്കുകൾ. പിന്നെ എന്റെ ഗുരുക്കൻമാർ എന്നു പറയാവുന്ന രണ്ടുപേരുണ്ട്. അവരുടെ വാക്കുകൾ. ഒന്ന്– ആരെന്തു ചോദിച്ചാലും നമുക്കെന്താ ഗുണം എന്നു ചോദിക്കാൻ എന്റെ അച്ഛൻ പഠിപ്പിച്ചിട്ടുണ്ട്. നീയിവിടെ വരണം എന്നു പറയുമ്പോൾ, അവിടെ വന്നാൽ എനിക്കെന്താണ് ഗുണം എന്നു ചിന്തിക്കണം. ചോദിച്ചില്ലെങ്കിലും അതു ചിന്തിക്കണം എന്ന് അച്ഛൻ പറയാറുണ്ട്. ഗുരുക്കന്മാർ പറയും– കാത്തിരിക്കുക, ആവശ്യമുള്ളപ്പോൾ മാത്രം പരിപാടി ചെയ്യുക. ഓടി നടന്നൊന്നും ചെയ്യണ്ടാന്ന് പറയും. ഞാൻ ഇപ്പോഴും ഇതു പിന്തുടരുന്നു. ഞാൻ എന്നെത്തന്നെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. ഞാൻ എന്തു കുറ്റം ചെയ്താലും, ഞാൻ എന്നു പറയുന്ന അകത്തുള്ള ആളെ ഒരിക്കലും കുറ്റം പറയാറില്ല. അതു കുറച്ച് ആധ്യാത്മികമാണ്. ‘ഞാൻ’ അല്ല അത്.

 

സിനിമയെക്കുറിച്ച് 

 

ഒന്നും പറയാനില്ല, പറ്റിയാൽ കാണുക. അത്ര തന്നെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com