ചരിത്രമാകാൻ മാമാങ്കം; ഹിന്ദി ടീസർ എത്തി
Mail This Article
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം ഹിന്ദി ടീസർ റിലീസ് ചെയ്തു. ചിത്രത്തിന്റെ നിർമാതാക്കളായ കാവ്യ ഫിലിം കമ്പനിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഹിന്ദിക്കു പുറമെ തമിഴിലും തെലുങ്കിലും ചിത്രം മൊഴിമാറ്റി റിലീസിനെത്തുന്നുണ്ട്. തമിഴ്, തെലുങ്ക് ടീസറുകളും ഉടൻ റിലീസിനെത്തും.
മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണ് മെഗാ സ്റ്റാര്‍ നായക വേഷത്തിലെത്തുന്ന മാമാങ്കം. സിനിമയുടെ മലയാളം ടീസർ ഇതിനോടകം 26 ലക്ഷം ആളുകളാണ് കണ്ടുകഴിഞ്ഞത്. ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ എന്നിവരാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. ടീസറിന്റെ ഒടുവിൽ രാജകീയമായാണ് മമ്മൂട്ടി എത്തുന്നത്.
എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കണ്ണൂര്‍,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നിട്ടുള്ളത്. ചിത്രം നവംബർ 21ന് തിയറ്ററുകളിലെത്തും.