ADVERTISEMENT

കേട്ടറിവിനേക്കാൾ വലുതാണ് മുരുകൻ എന്ന സത്യം....പുലിമുരുകൻ സിനിമയിൽ സൂപ്പർഹിറ്റായി മാറിയ ഡയലോഗ് ആണിത്. ഇപ്പോഴിതാ അതേ ഡയലോഗ് ഏറ്റെടുത്ത് ദിലീപ്. ‘കേട്ടറിവിനേക്കാൾ വലുതാണ് പീറ്റർ ഹെയ്ൻ എന്ന സത്യം’, എന്നായിരുന്നു ദിലീപിന്റെ ഡയലോഗ്.

 

പീറ്റർ ഹെയ്നൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ദിലീപിന്റെ വാക്കുകൾ. പുലിമുരുകന് സംഘട്ടനമൊരുക്കിയ പീറ്റർ ഹെയ്ൻ തന്നെയാണ് ദിലീപിന്റെ പുതിയ ചിത്രമായ ജാക്ക് ആൻഡ് ഡാനിയലിന്റെ ആക്​ഷനും പിന്നിലും. അതിഗംഭീര ഫൈറ്റ് സീക്വൻസുകളാണ് ചിത്രത്തിനായി പീറ്റർ തയ്യാറാക്കിയിരിക്കുന്നത്. ദിലീപിന്റെ ഈ വാക്കുകളോടെ ആരാധകരുടെ പ്രതീക്ഷയും ഇരട്ടിയായി കഴിഞ്ഞു.

 

ദിലീപും തമിഴകത്തിന്റെ ആക്‌ഷൻ കിങ് അർജുനും ഒന്നിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സ്റ്റൈലിഷ് ഫാമിലി എന്റർടെയ്നർ ഗണത്തിൽപെടുന്നു. സിനിമയുടെ ടീസറിലും മറ്റും ആക്‌ഷൻ രംഗങ്ങൾക്കാണ് പ്രാധാന്യം നൽകിയതെങ്കിലും ഇതൊരു മുഴുനീള ആക്‌ഷൻ സിനിമയല്ലെന്ന് ചിത്രത്തോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

 

ഹ്യൂമറിനും ആക്‌ഷനും സെന്റിമെന്റ്സിനും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാണ് ജാക്ക് ആൻഡ് ഡാനിയൽ. കുടുംബപ്രേക്ഷകരെയും ലക്ഷ്യം വയ്ക്കുന്ന സിനിമയിൽ കഥയ്ക്കാണ് കൂടുതൽ പരിഗണന നൽകിയിരിക്കുന്നത്. ദിലീപിന്റെ പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ത്രില്ലർ സ്വഭാവവമുണ്ട്, അതിനനുസരിച്ച് ട്വിസ്റ്റുകളും. പ്രേക്ഷകരെ ഹരംപിടിപ്പിക്കുന്ന നർമനിമിഷങ്ങളും കോർത്തിണക്കിയ പാക്ക്ഡ് എന്റർടെയ്നറാകും ജാക്ക് ആൻഡ് ഡാനിയൽ. ജാക്ക്, ഡാനിയൽ എന്നീ കഥാപാത്രങ്ങൾക്കു പിൻബലം കൊടുക്കാൻ മാത്രമാണ് ആക്‌ഷൻ ഉപയോഗിച്ചിരിക്കുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നു.എസ്‍.എൽ.പുരം ജയസൂര്യയാണു ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. സ്പീഡ് ട്രാക്ക് എന്ന സിനിമയ്ക്കു ശേഷം ദിലീപും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അഞ്ജു കുര്യൻ ആണ് നായിക.

 

എന്‍ജികെ എന്ന സൂര്യ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ശിവകുമാര്‍ വിജയന്‍ ആണ് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ജോണ്‍ കുട്ടി. ആക്‌ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. കോടികൾ മുടക്കി ഒരുങ്ങുന്ന ചിത്രം ഷിബു തമീൻസ് നിർമിക്കുന്നു. ചിത്രം നവംബർ രണ്ടാം വാരം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com