ADVERTISEMENT

ആകാശഗംഗയുടെ ആദ്യ ഭാഗത്തിൽ യക്ഷിയായി എത്തിയ മയൂരിയെ ആരും മറക്കാനിടയില്ല. ഭയപ്പെടുത്തുന്നതോടൊപ്പം മയൂരിയുടെ സൗന്ദര്യവും ശ്രദ്ധയാകർഷിച്ചു. എന്നാൽ ആകാശഗംഗ 2വിലെത്തുമ്പോൾ കാണുന്നത് യക്ഷിയുടെ ഭയാനകമായ രൂപമാണ്. മയൂരിയുടെ ഗംഗ എന്ന കഥാപാത്രം കത്തിക്കരിഞ്ഞ യക്ഷിയുടെ രൂപത്തിലാണ് എത്തുന്നത്. ഭയനാകമായ ഈ രൂപം ഗ്രാഫിക്സ് വിസ്മയമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ആ രൂപത്തിന് പിന്നിൽ സുന്ദരമായ മറ്റൊരു രൂപവും ശബ്ദവുമുണ്ട്. നടി ശരണ്യയാണ് ആകാശഗംഗ 2വിൽ ഭയപ്പെടുത്താൻ എത്തിയിരിക്കുന്നത്.

 

മുഖം പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലുള്ള പേടിപ്പെടുത്തുന്ന കഥാപാത്രം സ്വീകരിക്കാനുള്ള കാരണത്തെക്കുറിച്ചും അതിന് വേണ്ടി സഹിച്ച ത്യാഗത്തെക്കുറിച്ചും ശരണ്യ ആനന്ദ് മനോരമന്യൂസ് ഡോട്ട്കോമിനോട് പറയുന്നു. ചങ്ക്സ്, 1972 ബിയോണ്ട് ദ് ബോർഡേഴ്സ്, ആകാശ മിഠായി, ചാണക്യതന്ത്രം, തൻഹ, ലാഫിങ് അപ്പാർട്ട്മെന്റ്സ് ഇൻ ഗിരിനഗർ എന്നീ ചിത്രങ്ങളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. 

 

'It was challenging to play the Nude Ghost in Akashaganga 2' - Saranya Anand | Vinayan

എന്തുകൊണ്ടാണ് മുഖം പോലും പുറത്ത് കാണിക്കാത്ത ഒരു കഥാപാത്രം സ്വീകരിച്ചത്

 

saranya-anand-121

20 വർഷത്തിന് ശേഷമാണ് ആകാശഗംഗ 2 പുറത്തിറങ്ങുന്നത്. ആകാശഗംഗയുടെ ആദ്യ ഭാഗത്തിൽ മയൂരിയുടെ ഗംഗ അതിലെ കേന്ദ്രകഥാപാത്രമായിരുന്നു. ആളുകൾ ഇരുകയ്യും നീട്ടിയാണ് ആ കഥാപാത്രത്തെ സ്വീകരിച്ചത്. സ്വാഭാവികമായും രണ്ടാം ഭാഗത്തിൽ ഗംഗയുടെ പുതിയ രൂപത്തിലേക്ക് അഭിനയിക്കാൻ ആളെ അന്വേഷിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ താൽപര്യം തോന്നി. വിനയൻ സാറിനെ ഞാൻ കാണുമ്പോൾ അവിടെ മറ്റൊരു ആർട്ടിസ്റ്റുണ്ടായിരുന്നു. 

 

അവർ ഈ കഥാപാത്രം വേണ്ടെന്ന് പറഞ്ഞ് മടങ്ങിപോകുകയായിരുന്നു. എനിക്ക് പക്ഷെ ഈ ആകാശഗംഗ 2വിന്റെ ഭാഗമാകണമെന്ന് വലിയ ആഗ്രഹമായിരുന്നു. വിനയൻ സാർ അപ്പോൾ തന്നെ പറഞ്ഞിരുന്നു ഗംഗ കത്തിക്കരിഞ്ഞ രീതിയിൽ എത്തുന്നത് പോലെയാണ് പുതിയ ഭാഗത്തിലെന്ന്്. അപ്പോഴും മുഖം ഒട്ടും കാണിക്കില്ലെന്ന് ഞാൻ കരുതിയില്ല. എന്ത് തന്നെയായാലും ചെയ്യാം എന്നു പറഞ്ഞാണ് കഥാപാത്രം സ്വീകരിക്കുന്നത്. ഈ കഥാപാത്രത്തോട് 101 ശതമാനം ആത്മാർഥത പുലർത്തുമെന്നും ഞാൻ സാറിന് വാക്ക് നൽകി.

 

പിന്നെ വീണ്ടും ഞങ്ങൾ കാണുന്നത് ലൊക്കേഷനിലാണ്. വന്നപ്പോൾ തന്നെ മേക്കപ്പിന് കയറിക്കോളാൻ പറഞ്ഞു. മേക്കപ്പ് ചെയ്യുന്നത് സ്പെഷൽ മേക്കപ്പ് ചെയ്യുന്ന റോഷൻ സാറാണെന്നും പറഞ്ഞു. അദ്ദേഹം ചലഞ്ചിങ്ങ് റോളുകൾക്കാണ് പൊതുവേ മേക്കപ്പിടുന്നത്. അതൂടെ കണ്ടപ്പോൾ ഞാൻ ആകെ ത്രില്ലിലായി. മേക്കപ്പ് തുടങ്ങുന്നതിന് മുൻപ് റോഷൻ സാറും ഈ രൂപത്തിലേക്ക് എത്തിക്കാൻ കുറച്ച് സമയം എടുക്കുമെന്ന് പറഞ്ഞു. അതൊന്നും സാരമില്ല എന്നു പറഞ്ഞ് ഞാൻ മേക്കപ്പ് ചെയ്യാനായി കിടന്നു. ഒരു മണിക്കൂറായി, രണ്ട് മണിക്കൂറായി.... ഒടുവിൽ എട്ട് മണിക്കൂറെടുത്താണ് മേക്കപ്പ് തീർത്തത്.

 

മേക്കപ്പ് തീരുന്നിടം വരെ എന്നെ മുഖം കാണിച്ചിരുന്നില്ല. എല്ലാം ചെയ്ത് കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയ നിമിഷം ഞാൻ കരഞ്ഞുപോയി. കണ്ണാടിയിൽ കണ്ട രൂപം എന്റേതാണെന്ന് എനിക്ക് പോലും മനസിലായില്ല. മേക്കപ്പിന്റെ ഉള്ളിലുള്ളത് ഞാനാണെന്ന് എനിക്ക് മാത്രമേ അറിയൂ. കാണുന്നവർക്ക് ആരാണ് മുൻപിലെന്ന് പോലും മനസിലാകാത്ത വിധം രൂപം മാറിയിരുന്നു. മയൂരിയുടെ പുതിയ മുഖമായിരിക്കുമെന്ന് പ്രതീക്ഷിച്ച് ചെന്നിട്ട് എനിക്ക് പോലും എന്നെ മനസിലാകാത്ത അവസ്ഥയായിപ്പോയി. 

 

saranya-anand-11

എനിക്ക് വേണമെങ്കിൽ ആ നിമിഷം ഇത് ചെയ്യാൻ പറ്റില്ലെന്ന് പറയാമായിരുന്നു. പക്ഷെ സാറിന് നൽകിയ വാക്ക് തെറ്റിക്കാൻ തോന്നിയില്ല. മുഖമില്ലെങ്കിലും ഒരു ആർട്ടിസ്റ്റെന്ന നിലയിൽ കിട്ടിയ കഥാപാത്രം മികച്ചതാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് മനസിൽ പറ‍ഞ്ഞുറപ്പിച്ചു. ഇത് ഞാൻ അല്ലല്ലോ എന്ന് ആവലാതിപ്പെട്ട ഞാൻ, സാരമില്ല ഇത് ഗംഗയുടെ കത്തിക്കരിഞ്ഞ രൂപമാണെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടാണ് ഈ കഥാപാത്രം സ്വീകരിച്ചത്.

 

കുറച്ച് ദിവസം കഴിഞ്ഞതോടെ ഞാൻ ഇതുമായി പൊരുത്തപ്പെട്ടു. റോഷൻ ചേട്ടനോട് എത്രയും പേടി തോന്നിപ്പിക്കാമോ ആ രീതിയിൽ മേക്കപ്പ് ചെയ്തോളൂ എന്ന് പറയാൻ തുടങ്ങി. എന്റെ കഥാപാത്രത്തിന്റെ ആത്യന്തികമായ ലക്ഷ്യം ഭയപ്പെടുത്തുന്നതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പൊതുവേ ഹൊറർ സിനിമകൾ പേടിയുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ ഈ രൂപത്തിൽ ആളുകളെ മാക്സിമം ഭയപ്പെടുത്താനായി കോൺജൂറിങ് പോലെയുള്ള ചിത്രങ്ങളും അതിലെ ഗോസ്റ്റിന്റെ നടക്കുന്ന രീതികളുമൊക്കെ നിരീക്ഷിച്ചിട്ടുണ്ട്. 

akashaganga-2

 

ഈ മേക്കപ്പിന് വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾ?

 

ഏകദേശം എട്ട് മണിക്കൂറോളം ചെലവഴിച്ചാണ് മേക്കപ്പ് പൂർത്തിയാക്കുന്നത്. 40 ദിവസത്തെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ഓരോ ദിവസവും കടുത്ത പശയും കെമിക്കൽസുമെല്ലാം മുഖത്തും ദേഹത്തും തേയ്ക്കും. മുഖം പലപ്പോഴും നീറി പുകഞ്ഞിട്ടുണ്ട്. കണ്ണിന്റെയുള്ളിൽ ഭയപ്പെടുത്താൻ വേണ്ടിയുള്ള ലെൻസുണ്ടായിരുന്നു. അതിനാൽ കണ്ണ് അടയ്ക്കാൻ സാധിച്ചിരുന്നില്ല. കണ്ണ് അടയ്ക്കാൻ നോക്കിയാൽ ലെൻസ് കൺപോളയിൽ ഉരസി മുറിവുണ്ടാകും. 

 

ഉച്ചയ്ക്ക് ഒരു മണി മുതൽ പിറ്റേന്ന് പകൽ ആറുമണിവരെ ഇതേ മേക്കപ്പിൽ ഇരിക്കേണ്ടി വന്നു. ഒരു നേരത്തെ ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. മേക്കപ്പ് അഴിക്കുവോളം വെള്ളം പോലും കുടിക്കാൻ സാധിച്ചിരുന്നില്ല. എനിക്ക് തളർച്ച തോന്നുമ്പോൾ സ്ട്രോയൊക്കെ ഇട്ട് കഷ്ടപ്പെട്ടാണ് അൽപ്പം വെള്ളം കുടിച്ചത്. ഉറങ്ങാതെ െവള്ളം പോലും കുടിക്കാൻ സാധിക്കാതെയുള്ള ഷൂട്ടിങ് ആരോഗ്യപരമായി എന്നെ തളർത്തിയിരുന്നു. 

 

മേക്കപ്പ് കണ്ട മറ്റുള്ളവരുടെ പ്രതികരണം?

 

പലർക്കും മുഖത്തേക്ക് നോക്കാൻ പേടിയായിരുന്നു. രാത്രി കാട്ടിലും ആളൊഴിഞ്ഞ വഴിയിലുമൊക്കെ എന്നെക്കൊണ്ട് പോയി നിർത്തിയിട്ട്, അവിടെ നിന്ന് അലറാൻ പറയുന്ന സീനൊക്കെയുണ്ട്. അത്തരം പേടിപ്പെടുത്തുന്ന സീനുകളിൽ എനിക്ക് സ്വയം പേടി തോന്നിയിരുന്നു. പ്രേതത്തിന്റെ മേക്കപ്പിലാണെങ്കിലും അതിന്റെയുള്ളിൽ പേടിയുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. ക്യാമറ ചേട്ടൻമാരോടൊക്കെ നിങ്ങളൊക്കെ അവിടെയുണ്ടോയെന്ന് ചോദിക്കുമ്പോൾ മുഖത്ത് നോക്കാതെയാണ് അവരൊക്കെ ഇവിടുണ്ട് ധൈര്യമായിട്ട് ചെയ്തോ എന്ന് പറയുന്നത്.

 

കരിഞ്ഞ രൂപത്തിലാകുമ്പോൾ കോസ്റ്റ്യൂം പ്രശ്നമായിരുന്നില്ലേ? ന്യൂഡ് ഗെറ്റപ്പിലുള്ള കഥാപാത്രം സ്വീകരിക്കാൻ മടി തോന്നിയോ?

 

ആദ്യം തന്നെ വിനയൻ സാർ ഈ കാര്യവും പറഞ്ഞിരുന്നു. കത്തി കരിഞ്ഞ ജഡത്തിന്റെ രൂപത്തിലാണ് എത്തുന്നത്, അതിനാൽ കോസ്റ്റ്യൂസ് ഉപയോഗിക്കാൻ പരിമിതിയുണ്ട്. അൽപ്പം ഗ്ലാമറസായിട്ട് തന്നെ അഭിനയിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ അതൊരിക്കലും എന്നെ മോശമായി ബാധിക്കുന്ന രീതിയിലായിരിക്കില്ലെന്നും ഉറപ്പ് തന്നു. സാർ ആ വാക്ക് പാലിച്ചിട്ടുണ്ട്. എന്റെ മേക്കോവർ ഒരിക്കലും വൾഗർ ആയിട്ടുള്ള രീതിയിലായിരുന്നില്ല. 

 

മേക്കപ്പിനൊപ്പം കുറച്ച് ഗ്രാഫിക്സും ചേർത്താണ് കഥാപാത്രം സ്ക്രീനിലെത്തുന്നത്. സിനിമ കണ്ട ഒരാൾക്ക് പോലും ആ ന്യൂഡിറ്റി മോശമായി തോന്നിയിട്ടില്ല. കുടുംബപ്രേക്ഷകരാണ് കൂടുതലായും സിനിമ കാണാൻ എത്തുന്നത്. ന്യൂഡിറ്റി വൾഗർ രീതിയിലായിരുന്നെങ്കിൽ അവർ സ്വീകരിക്കില്ലല്ലോ. കഥാപാത്രത്തിന്റെ സന്ദർഭത്തിന് ന്യൂഡിറ്റി അത്യാവശ്യമാണെന്നുണ്ടെങ്കിലും ഇനിയും ചെയ്യാൻ മടിയില്ല.

 

സിനിമ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ രണ്ടാം ഭാഗത്തിലെത്തുന്ന യക്ഷി ഗ്രാഫിക്സാണെന്നാണ് പലരുടെയും ധാരണ. ഇതിനെക്കുറിച്ച്

 

യക്ഷി ഗ്രാഫിക്സല്ലേ എന്നുള്ള ചോദ്യം കേട്ട് എന്റെ ഹൃദയംതകർന്നിട്ടുണ്ട്. എനിക്ക് അടുപ്പമുള്ള ഏതാനുംപേർക്ക് മാത്രമാണ് ആകാശഗംഗയിൽ ഞാൻ ചെയ്ത വേഷം ഏതാണെന്ന് അറിയാമായിരുന്നു. മറ്റുപലർക്കും സിനിമയിലുണ്ടെന്ന് അറിയാമെങ്കിലും ഏത് കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു. അവരൊക്കെ സിനിമ കണ്ടിട്ട് വന്നിട്ട് മോൾ ഒരു പ്രഫസറുടെ വേഷമാണോ ചെയ്തത്? കുറച്ചുസമയമേ സ്ക്രീനിൽ കണ്ടിരുന്നുള്ളൂ.. എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി. 

 

ഇത്രയും കഷ്ടപ്പെട്ടിട്ട് ആരും തിരിച്ചറിഞ്ഞില്ലല്ലോയെന്ന് സങ്കടം തോന്നി. മയൂരിയുടെ മുഖം എനിക്കുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. വന്ന് ചോദിച്ച ആളുകളോട് അതിലെ ആ യക്ഷി ഞാനാണെന്ന് പറഞ്ഞുകൊടുക്കേണ്ടി വന്നു. 'മൈഡിയർ കരടി'യിൽ കരടിയുടെ ഉള്ളിലുള്ളത് ഷാജോൺ ചേട്ടനായിരുന്നുവെന്ന് പലരും ഏറെ വൈകിയാണ് അറിഞ്ഞത്. എന്നെയും അതുപോലെ എന്നെങ്കിലും തിരിച്ചറിയുമെന്ന് സമാധാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com