സ്റ്റൈലിഷ് മാസ് അവതാരം: ജാക്ക് ഡാനിയൽ റിവ്യൂ
Mail This Article
‘മാധവൻ കള്ളനാ, ചേക്കിന്റെ സ്വന്തം കള്ളൻ പക്ഷേ, മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ടു പുറത്തുപോയിട്ടില്ല...’ ചേക്കിലെ ആ പാവം കള്ളനെപ്പോലെയല്ല ജാക്ക്. കക്ഷി ഹൈടെക് ആണ്. മോഷണത്തിൽ വിരലടയാളം പോലും ബാക്കിവയ്ക്കാതെയാകും ജാക്കിന്റെ നീക്കം. മോഷ്ടിക്കുന്നത് കിണ്ടിയും മൊന്തയുമൊന്നുമല്ല, കോടികളാണ്. അളവില്ലാത്ത കള്ളപ്പണം. ജാക്ക് എന്ന കള്ളന്റെയും ജാക്കിനെ കീഴടക്കാൻ നടക്കുന്ന ഡാനിയൽ അലക്സാണ്ടർ എന്ന സിബിഐ ഓഫിസറുടെയും കഥയാണ് ജാക്ക് ആൻഡ് ഡാനിയൽ.
കേരളത്തിൽ കുറച്ചു നാളുകളായി വലിയ തോതിലുള്ള മോഷണങ്ങൾ നടക്കുന്നു. പരാതിക്കാരില്ലാത്തതും പൊലീസ് അന്വേഷിച്ചിട്ട് ഒരുപിടിയും കിട്ടാത്തതുമായ ഏഴോളം വൻ കവർച്ചകൾ. മോഷ്ടിക്കുന്നതൊക്കെ കള്ളപ്പണമായതിനാൽ പുറംലോകവും ഇതു കാര്യമായി ചർച്ച ചെയ്യുന്നില്ല. എന്നാൽ ഭരണകക്ഷിക്ക് ഈ കേസ് ഒരു തലവേദനയായതോടെ മുംബൈയിൽനിന്നു ഡാനിയൽ അലക്സാണ്ടർ എന്ന സിബിഐ ഓഫിസറെ കേസ്വനേഷണം ഏൽപിക്കുന്നു.
പിന്നീടങ്ങോട്ട് പൊലീസും കള്ളനും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ്. സാധാരണ കള്ളന്മാരിൽനിന്നു വ്യത്യസ്തമായി ഹൈടെക് രീതിയിലാണ് ഈ കള്ളന്റെ മോഷണം. ഇതുവരെ മോഷ്ടാവ് ആരാണെന്നോ അയാളുടെ ഐഡന്റിറ്റി എന്തെന്നോ വ്യക്തമല്ല. എന്നാൽ കള്ളൻ ജാക്ക് ആണെന്ന് ഡാനിയൽ കണ്ടുപിടിക്കുന്നതോടെ ചിത്രം ആവേശഭരിതമാകുന്നു.
പതിവു ദിലീപ് ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായ അവതരണ ശൈലിയാണ് ജാക്ക് ആൻഡ് ഡാനിയലിനെ വേറിട്ടുനിർത്തുന്നത്. നായകകഥാപാത്രത്തിന്റെ സ്റ്റൈലിഷ് ഗെറ്റപ്പ്, ഡാനിയല്‍ എന്ന കഥാപാത്രത്തിന്റെ എനർജി ഇതൊക്കെ സിനിമയുടെ പ്രത്യേകതയാണ്. ഇടവേളയ്ക്കു മുമ്പുള്ള ട്വിസ്റ്റും സിനിമയെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു. പ്രമേയത്തെ പുതിയകാലത്തെ രീതികള്‍ ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ എസ്.എല്‍.പുരം ജയസൂര്യ വിജയിച്ചിട്ടുണ്ട്.
പ്രവൃത്തിയിലും വസ്ത്രധാരണത്തിലും സ്റ്റൈലിഷ് ആയി പ്രത്യക്ഷപ്പെടുന്ന ജാക്ക് എന്ന കഥാപാത്രത്തെ ദിലീപ് മികച്ചതാക്കി. ആക്‌ഷൻ രംഗങ്ങളിൽ അർജുന്റെ പ്രകടനം ഗംഭീരം. നായികയായെത്തിയ അഞ്ജു കുര്യനും പക്വതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. ജനാർദനൻ, ഇന്നസന്റ്, സുരേഷ് കുമാർ, സൈജു കുറുപ്പ്, അശോകൻ, പൊന്നമ്മ ബാബു, ദേവൻ, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തിലുണ്ട്. ആക്‌ഷന്‍ ഡയറക്ടർക്കു പുറമെ, പ്രേക്ഷകർക്ക് ഒരു സർപ്രൈസ് നൽകി പീറ്റർ ഹെയ്നും അതിഥിവേഷത്തിലെത്തുന്നുണ്ട്.
സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. പീറ്റർ ഹെയ്ൻ, സുപ്രീം സുന്ദർ, കനൽ കണ്ണൻ, അനൽ അരസ്, മാഫിയ ശശി എന്നിങ്ങനെ 5 ആക്‌ഷൻ കൊറിയോഗ്രാഫർമാർ ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട്. അതിന്റെ ഗുണം സംഘട്ടനരംഗങ്ങളിൽ വ്യക്തമാണ്. ‘എന്‍ജികെ’ എന്ന സൂര്യ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ശിവകുമാര്‍ വിജയന്‍ ആണ് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോണ്‍കുട്ടിയാണ് എഡിറ്റിങ്. ഷാൻ റഹ്മാൻ ആണ് സംഗീതം. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ കരുത്താണ്.
തമാശയും ആക്‌ഷനുമൊക്കെ ആസ്വദിക്കാനുള്ള വക ജാക്ക് ആൻഡ് ഡാനിയൽ പ്രേക്ഷകന് തരുന്നു. ദിലീപ് പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും ഉൾപ്പെടുത്തിയാണ് ഇൗ ചിത്രം ഒരുക്കിയിരിക്കുന്നത്. അന്നും ഇന്നും എന്നും കച്ചവടമൂല്യമുള്ള പൊലീസ്–കള്ളൻ കഥയും ഒപ്പം ദിലീപിന്റെയും അർജുന്റെയും മാസ്മരിക പ്രകടനം കൂടി ചേരുമ്പോൾ പണം മുടക്കുന്ന പ്രേക്ഷകന് നിരാശനാവേണ്ടി വരില്ല.