‘കുഞ്ഞപ്പൻ റോബട്ട്’ പിറന്ന കഥ
Mail This Article
എവിടെ കിട്ടും ഇങ്ങനെയൊരു കുഞ്ഞപ്പനെ? എത്ര രൂപ കൊടുത്താലും തരക്കേടില്ല! ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25’ കണ്ട പലരുടെയും അന്വേഷണം ഇതാണ്. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനെ വിളിച്ച് അഭിനന്ദിച്ചവരിൽ ചിലരും ഈ ചോദ്യം ചോദിച്ചു. കുഞ്ഞപ്പൻ എന്ന റോബട്ടിനെ അവർ അത്രയേറെ ഇഷ്ടപ്പെട്ടുപോയി. പക്ഷേ, ഇങ്ങനെയൊരെണ്ണം തൽക്കാലം എവിടെയും വാങ്ങാൻ കിട്ടില്ല എന്നാണ് സംവിധായകൻ പറയുന്നത്. കാരണം ഈ റോബട്ടിനെ സംവിധായകൻ തന്നെ എഴുതിയുണ്ടാക്കിയതാണ്.
കുഞ്ഞപ്പനെ ഉണ്ടാക്കിയതെങ്ങനെ?
മൂന്നു തരം സാങ്കേതികവിദ്യ കുഞ്ഞപ്പനുവേണ്ടി ഉപയോഗിച്ചു. ഒന്ന്: റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഒരു റോബട്ടിനെ പ്രത്യേകം തയാറാക്കി. പക്ഷേ, സിനിമയിൽ കാണിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ആ റോബട്ടിന് ചെയ്യാനാവില്ല. രണ്ട്: യഥാർഥ റോബട്ടിന്റെ മാതൃകയിലുള്ള മറ്റൊരു ഡമ്മികൂടിയുണ്ടാക്കി. ഡമ്മിക്കുള്ളിൽ ഒരാൾ കയറി നിന്നാണ് പല സീനുകളും ചിത്രീകരിച്ചത്. മൂന്ന്: വിഎഫ്എക്സ്. അതു വളരെ കുറച്ചുമാത്രമേ ഉപയോഗിച്ചിട്ടുള്ളു.
ഭാസ്കര പൊതുവാൾ?
എനിക്കറിയാവുന്ന ചിലർ ഒരുമിച്ചു ചേർന്നപ്പോഴാണു ഭാസ്കര പൊതുവാൾ ജനിക്കുന്നത്. ആധുനിക സമൂഹമാണെന്ന് നമ്മൾ അവകാശപ്പെടുമ്പോൾ പോലും ജാതിചിന്തയുടെ മോശം അടയാളങ്ങൾ ഇപ്പോഴും നമുക്കിടയിൽ ഉണ്ട്. മറ്റൊരാൾ കുടിച്ച ഗ്ലാസിൽ വെള്ളം കുടിക്കാത്തവരെ ഞാൻ വളരെ അടുത്തു കണ്ടിട്ടുണ്ട്. അത്തരം ഞാൻ അറിയുന്ന ആളുകളുടെയെല്ലാം അംശങ്ങൾ ഭാസ്കര പൊതുവാളിലുണ്ട്.
സുരാജിന്റെ വിളയാട്ടമാണല്ലോ?
ഒന്നാന്തരമായി അഭിനയിച്ചു. ചെറുപ്പക്കാരായ നടന്മാരെ മേക്കപ്പിട്ട് വൃദ്ധരാക്കുന്നതിനോട് തീരെ യോജിപ്പില്ലായിരുന്നു. പ്രായമായ നടന്മാരെത്തന്നെയാണ് ആദ്യം പരിഗണിച്ചത്. പക്ഷേ, അതു ശരിയാകാതെ വന്നപ്പോൾ സുരാജിൽ എത്തുകയായിരുന്നു. സുരാജ്, സൗബിൻ, സൈജു കുറുപ്പ് അങ്ങനെ കുറച്ചുപേർ മാത്രമേ ഇതിൽ അഭിനയിച്ചു പരിചയമുള്ളവരുള്ളൂ. ബാക്കിയുള്ളവർ പുതുമുഖങ്ങളും നാട്ടുകാരുമാണ്. അവരെ പഠിപ്പിച്ചെടുത്തതു സുരാജും സൗബിനുമൊക്കെയാണ്.
തമാശ വന്നതെങ്ങനെ?
ഇതൊരു പറഞ്ഞു പഴകിയ സബ്ജക്ടാണ്. അതിലേക്കാണ് പുതിയൊരു റോബട്ടിനെ കൊണ്ടുവരുന്നത്. സയൻസ് ഫിക്ഷൻ എന്ന രീതിയിൽ ചെയ്താൽ അത്ര രസിക്കില്ല. ലളിതമായി കഥപറയാൻ തമാശ സഹായിക്കും എന്നു തോന്നി. തമാശ ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ലല്ലോ.
മലയാള സിനിമയിൽ രതീഷിന്റെ പരിചയം?
സിഐഡി മൂസ എന്ന ചിത്രത്തിലെ ആർട്ട് ഡയറക്ടർ ബാവയുടെ അസിസ്റ്റന്റായിട്ടാണ് ഞാൻ സിനിമയിൽ വരുന്നത്. അദ്ദേഹത്തോടൊപ്പം 5 വർഷത്തോളം ജോലി ചെയ്തു. ഇപ്പോൾ മുംബൈയിൽ പ്രൊഡക്ഷൻ ഡിസൈനറാണ്.
കുടുംബം?
ഭാര്യ ദിവ്യ വിശ്വനാഥ്. സ്ത്രീധനം സീരിയലിൽ ദിവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചയാൾ എന്ന നിലയിൽ മലയാളികൾക്ക് പരിചിതയാണ്. കഴിഞ്ഞ ഒക്ടോബർ 24നു ഞങ്ങൾക്കൊരു മോൾ ജനിച്ചു. പേരിട്ടിട്ടില്ല. നാട് കണ്ണൂരിനടുത്തുള്ള പയ്യന്നൂരാണ്.
അടുത്ത സിനിമ ?
ചില കഥകൾ മനസിലുണ്ട്. അവ തിരക്കഥയാക്കാൻ നല്ല ഹോംവർക്ക് ആവശ്യമുണ്ട്. ചർച്ചകൾ നടക്കുന്നു.