മരട് വിഷയം ഇനി സിനിമയിൽ; മരട് 357; സംവിധാനം കണ്ണൻ താമരക്കുളം
Mail This Article
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് വിഷയം സിനിമ ആകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരട് 357 എന്ന് പേരിട്ടു. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്.
മരട് ഫ്ലാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. പട്ടാഭിരാമൻ എന്ന സൂപ്പർ ഹിറ്റു സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം ആണ് മരട് ഫ്റ്റൊഴിപ്പിക്കൽ. കണ്ണൻ താമരക്കുളം ദിനേശ് പള്ളത്ത് കൂട്ടുകെട്ടിൽ പിറന്ന ചിത്രമായ പട്ടാഭിരാമനും ഇതുപോലെ സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെ ആയിരുന്നു. പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
‘ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മരട് ഫ്ലാറ്റിന് എങ്ങനെ നിർമാണാവകാശം കിട്ടി. അതിൽ നടന്ന ചതിയുടെ അറിയാക്കഥ ചിത്രത്തിലൂടെ പറയും. കൂടാതെ ഒന്നുമറിയാതെ ജീവിതം നഷ്ടപ്പെട്ട ഫ്ലാറ്റ് ഉടമകളുടെ ജീവിതം കൂടി ഞങ്ങളിതിലൂടെ പറയാൻ ശ്രമിക്കുന്നു.’–കണ്ണൻ താമരക്കുളം മനോരമ ഓൺലൈനോട് പറഞ്ഞു.
ചിത്രത്തിന്റെ ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവർ ഗാനരചന നിർവഹിക്കുന്നു. സംഗീതം ഫോർ മ്യൂസിക്സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് സാനന്ദ് ജോർജ്, കലാ സംവിധാനം സഹസ് ബാല. പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ, പ്രൊഡക്‌ഷൻ ഡിസൈനർ അമീർ കൊച്ചിൻ, എക്സിക്യൂട്ടീവ് പ്രൊഡൂസർ റ്റി.എം. റഫീഖ്, വാർത്താപ്രചരണം എ.എസ്.ദിനേശ്.