മണിരത്നം വിളിച്ചു: കുതിരപ്പുറത്ത് വാ...; ലാൽ അഭിമുഖം
Mail This Article
മലയാളത്തിലെ തന്റെ അഭിനയക്കസേരയ്ക്ക് ഒരു കുലുക്കവും വരില്ല എന്ന ഉറച്ചവിശ്വാസത്തിലാണ് ലാൽ ചെറിയൊരു അവധിയെടുത്ത് അന്യഭാഷയിലേക്കു മുങ്ങിയത്. സാഹോ പോലുള്ള ബിഗ്ബജറ്റ് ചിത്രങ്ങളിലൂടെ വിവിധ ഭാഷകളിൽ കയ്യടി നേടി ലാൽ വീണ്ടും മലയാളത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നു. ഹെലൻ എന്ന സിനിമയിലെ അച്ഛൻ വേഷം നൽകിയ ആത്മവിശ്വാസത്തിൽ മലയാളത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുമ്പോൾ അതാ തമിഴിൽ നിന്ന് മറ്റൊരു വിളി; കരിയറിൽ ഏറ്റവും കൊതിച്ച വിളി.
ആരുടേതായിരുന്നു ആ ഫോൺ കോൾ?
എന്റെ അഭിനയജീവിതത്തിൽ ഒരേ ഒരാളോടു മാത്രമേ ഞാൻ സിനിമയിൽ അവസരം ചോദിച്ചിട്ടുള്ളു. അത് മണിരത്നം സാറിനോടാണ്. നടി സുഹാസിനിയോടുള്ള പരിചയം വച്ച് വർഷങ്ങൾക്കു മുൻപായിരുന്നു അത്. അതിനുശേഷം കടൽ എന്ന ചിത്രത്തിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. മറ്റു ചില ചിത്രങ്ങളുടെ തിരക്കു കാരണം അതിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ ആ സ്വപ്നം യാഥാർഥ്യമാകുന്നു. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിൽ പ്രായമായ ഒരു യോദ്ധാവിന്റെ വേഷത്തിൽ അഭിനയിക്കാൻ വിളിച്ചിരിക്കുകയാണ്. അതിനുവേണ്ടി കുതിരയോട്ടം പരിശീലിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, കാർത്തി, വിക്രം, ജയം രവി, ഐശ്യര്യ റായി, തൃഷ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.
മലയാളത്തിലെ വലിയ ഇടവേളയ്ക്കു കാരണം?
അഭിനയസാധ്യതയുള്ള ഒട്ടേറെ ചിത്രങ്ങൾ ഇതിനിടയിൽ ഞാൻ മലയാളത്തിൽ ചെയ്തു. ടി.വി.ചന്ദ്രന്റെ പെങ്ങളില, പ്രിയനന്ദന്റെ സൈലൻസർ എന്നിവയിൽ അഭിനയിച്ചു. എന്നാൽ അതിനപ്പുറത്ത് പരിചയത്തിന്റെയും സൗഹൃദത്തിന്റെയും പേരിൽ ഒരുപാട് മോശം സിനിമകൾ ചെയ്യേണ്ടിവന്നു. അഭിനയിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ഇതു തിയറ്ററിൽ ഓടാൻ പോകുന്നില്ലെന്ന്. അത്തരം ചിത്രങ്ങളുടെ എണ്ണം വർധിച്ചപ്പോൾ ചെറിയൊരു മടുപ്പ് മനസ്സിനെ ബാധിച്ചു. അങ്ങനെയാണ് മറ്റു ഭാഷകളിലേക്കു ശ്രദ്ധ തിരിക്കുന്നത്.
തമിഴിൽ ഇപ്പോഴും ഗുണ്ടയാണോ?
തമിഴിലും തെലുങ്കിലും ചെയ്തതിൽ അധികവും വില്ലൻ വേഷങ്ങൾ തന്നെയായിരുന്നു. വെട്ടും കുത്തും 55 ഗുണ്ടകളുമൊക്കെയായി ആദ്യമൊക്കെ രസമായിരുന്നെങ്കിലും പിന്നീട് മടുത്തു. അതിനിടയിലാണ് മലയാളത്തിൽ ഹെലൻ ചെയ്തത്. പക്ഷേ ഇപ്പോൾ വേറിട്ട വേഷങ്ങൾ തമിഴിൽ വരുന്നുണ്ട്. കാർത്തി കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രത്തിൽ ഒരു ഹാസ്യവേഷം ചെയ്തു. നടൻ പ്രഭുവിന്റെ മകൻ നായകനാകുന്ന ചിത്രം, ധനുഷിന്റെ പുതിയ സിനിമ എന്നിവയിൽ പതിവിൽനിന്നു വ്യത്യസ്തമായ വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
മലയാളത്തിലെ പുതിയ പദ്ധതികൾ?
സംവിധാനം ഉടനെയില്ല. ഒരുപാട് സമയവും പിരിമുറുക്കവും അത് ആവശ്യപ്പെടുന്നു. പക്ഷേ, എന്റെ മകൻ ജീൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനു തിരക്കഥ ഞാനാണ് എഴുതുന്നത്.
സിദ്ദിഖും ഒരുമിച്ചൊരു ചിത്രം?
സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമയ്ക്കുള്ള സാധ്യതയില്ല. ഞങ്ങൾ തമ്മിലുള്ള മാനസിക അകലം ഇപ്പോൾ വളരെ വലുതാണ്. സിദ്ദീഖും ഞാനും ദിവസവും കാണുന്ന ആളുകൾ വേറെ, സംസാരിക്കുന്ന വിഷയങ്ങൾ വേറെ. പണ്ട് ഉണ്ടായിരുന്ന ആ കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. ഞങ്ങൾ രണ്ടുപേരും ചേർന്നുള്ള അവസാന ചിത്രം കിങ് ലയർ ചെയ്തപ്പോൾ അതു കൂടുതൽ ബോധ്യമായി. ഇനി രണ്ട് വർഷം ഒന്നിച്ച് ഇരുന്നാൽ പോലും ഗോഡ്ഫാദറോ റാംജിറാവുവോ പോലൊരു സിനിമയൊന്നും ഉണ്ടാക്കാൻ ഞങ്ങൾക്കു പറ്റില്ല. പണ്ട് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല. തേച്ചുമിനുക്കിയ ഭാഷയിലാണ് പരസ്പരം സംസാരിക്കുന്നത്. തമ്മിൽ കാണുന്നതു പോലും ഏതെങ്കിലും വിവാഹച്ചടങ്ങുകളിലോ മറ്റോ ഒക്കെയായി മാറി. അതൊരു വലിയ മാറ്റമാണ്.