ഐ ലവ് യൂ സൂര്യ: ജ്യോതികയുടെ ഒറ്റ ഡയലോഗിൽ ആർപ്പുവിളിച്ച് ആരാധകർ
Mail This Article
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ട പ്രണയ ജോഡികളാണ് സൂര്യയും ജ്യോതികയും. ഇടവേളയ്ക്കു ശേഷം ജ്യോതിക വീണ്ടും സിനിമയിൽ സജീവമായപ്പോൾ അതിനു ഏറ്റവും വലിയ പിന്തുണ നൽകിയത് സൂര്യയായിരുന്നു. ജ്യോതിക നായികയായെത്തുന്ന ഓരോ സിനിമയുടെയും പ്രചാരണത്തിനായി വേദിയിലെത്തുമ്പോൾ അക്കാര്യം ജ്യോതിക ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ, അത്തരം പതിവുകൾ തെറ്റിച്ചുകൊണ്ടായിരുന്നു പുതിയ ചിത്രമായ തമ്പിയുടെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായി ജ്യോതിക നടത്തിയ പ്രസംഗം.
സൂര്യയുടെ സഹോദരനായ കാർത്തി നിർമ്മിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് തമ്പി. ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ഇതൊരു പൂർണ കുടുംബചിത്രമാണെന്നായിരുന്നു ചിത്രത്തെക്കുറിച്ച് ജ്യോതികയുടെ കമന്റ്. ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ്, ഛായാഗ്രാഹകൻ, സംഗീതസംവിധായകൻ, കോസ്റ്റ്യൂമർ അങ്ങനെ എല്ലാവരെയും കുറിച്ച് ദീർഘമായി സംസാരിച്ച ജ്യോതിക പ്രസംഗത്തിനു ഒടുവിലായാണ് സൂര്യയുടെ പേരു പരാമർശിച്ചത്. അതും ഒറ്റ ഒരു വാചകം– 'ഐ ലവ് യു സൂര്യ'! അതോടെ സദസിൽ കരഘോഷമുയർന്നു.
കാർത്തി, സത്യരാജ്, നിഖില, ആൻസൺ പോൾ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് സത്യരാജിനൊപ്പം ജ്യോതിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. ഇക്കാര്യത്തിൽ തന്റെ മക്കൾക്കായിരുന്നു കൂടുതൽ ആവേശമെന്നും ജ്യോതിക പറഞ്ഞു. "സത്യരാജ് സർ കുട്ടികൾക്കിടയിൽ വലിയ സ്റ്റാറാണ്. ഈ സിനിമയെക്കുറിച്ച് കുട്ടികളോടു പറഞ്ഞപ്പോൾ അവർ പറഞ്ഞത്, അമ്മ നിങ്ങൾ വളരെ ഭാഗ്യവതിയാണല്ലോ! കട്ടപ്പയുടെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചല്ലോ എന്നായിരുന്നു. അവരുടെ ചിറ്റപ്പൻ കാർത്തിയും ഞാനും ഒരുമിച്ച് അഭിനയിക്കുന്നതിൽ ആയിരുന്നില്ല അവർക്കു ത്രിൽ. സത്യരാജ് സാറിനൊപ്പം അഭിനയിക്കുന്ന കാര്യമാണ് അവരെ ആവേശത്തിലാക്കിയത്. അവർക്ക് കട്ടപ്പയാണ് താരം," ജ്യോതിക പറഞ്ഞു.