‘നീതി നടപ്പാക്കി’; തെലങ്കാന പൊലീസിനെ വാഴ്ത്തി സിനിമാലോകം
Mail This Article
ഹൈദരാബാദ്∙ തെലങ്കാനയില്‍ വനിതാ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊന്ന പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ തെലങ്കാന പൊലീസിനെ അഭിനന്ദിച്ച് സിനിമാ ലോകം. പ്രതികൾക്കെതിരെ പ്രതിഷേധവും ജനരോഷവും കത്തിനില്‍ക്കെയാണു പ്രതികള്‍ പൊലീസിന്റെ തോക്കിനിരയായത്. സമൂഹമാധ്യമങ്ങളിലും മറ്റും പൊലീസിനെ പുകഴ്ത്തിയുള്ള പ്രതികരണങ്ങളാണു നിറയുന്നത്. ഇത്തരം കൊടുംക്രൂരത ചെയ്യാന്‍ അറയ്ക്കാത്തവര്‍ ജീവിച്ചിരിക്കുന്നത് സമൂഹത്തിന് ആപത്താണെന്നും പൊലീസ് ചെയ്തതു ശരിയാണെന്നുമാണ് ഭൂരിപക്ഷ പ്രതികരണങ്ങളും.
അല്ലു അർജുൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുദൻ, സമാന്ത, നാഗാർജുന, ജൂനിയർ എൻടിആർ, അജു വർഗീസ്, മാലാ പാർവതി, അമ്മു അഭിരാമി, അനുപം ഖേർ തുടങ്ങി നിരവധി ആളുകൾ പൊലീസിനെ അഭിനന്ദിച്ച് രംഗത്തുവന്നു.
വിഷയത്തിൽ സംവിധായകൻ സജീവൻ അന്തിക്കാടിന്റെ കുറിപ്പ്:
ബലാത്സംഗികളുടെ കൂട്ടക്കൊല
വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും പൊലീസ് വെടിവെച്ചു കൊന്നതായാണ് വാർത്ത. പൊലീസ് എങ്ങിനെയാകും ഇത്തരം കൊലകൾ നടപ്പാക്കുന്നത്? .
പൊലീസിനോട് ഇടഞ്ഞാലും ഇറങ്ങിയോടിയാലും കൊല്ലപ്പെടുമെന്ന് പ്രതികൾക്കറിയാം. അതിനാൽ അവർ അത് ചെയ്യില്ല. പക്ഷേ അവരെ അതിനായി പ്രേരിപ്പിക്കാനാകും.
പക്ഷേ ഒരു പോലീസുകാരനു മാത്രമെ കഴിയൂ.വരുന്നവരുടെയും പോകുന്നവരുടെയും വക ഭീകരമായ ഇടിയും തൊഴിയും കൊണ്ട് ഇടിമുറിക്കുള്ളിൽ നിന്ന് രക്ഷപ്പെടുമെന്ന പ്രതികളുടെ പ്രതീക്ഷ നഷ്ടപ്പെടുന്നിടത്ത് ഒരു പൊലീസുകാരൻ സ്നേഹം അഭിനയിച്ചെത്തും.
അയാളെ തീർച്ചയായും അതിനായി ഒരു ഉന്നതൻ നിയോഗിച്ചതായിരിക്കും. ഇടിമുറിക്കുള്ളിൽ നിന്നും രക്ഷപ്പെട്ടാലും തൂക്കുകയർ കിട്ടുമെന്നും മരണമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നും ആ പോലീസുകാരൻ പ്രതികളെ ബോധ്യപ്പെടുത്തും. രക്ഷപ്പെടൽ മാത്രമാണ് എകവഴി. താൻ ചോദിക്കുന്ന പണം തരികയാണെങ്കിൽ രക്ഷപ്പെടുത്താമെന്നയാൾ ഉറപ്പു നൽകും. പ്രതികൾ സഞ്ചരിക്കുന്ന പൊലീസ് വണ്ടിയിലും ആ പൊലീസുകാരൻ ഉണ്ടാകും. അവർക്ക് രക്ഷപ്പെടാനുള്ള സിഗ്നൽ വരെ കൊടുക്കും.
രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ മറിച്ചൊരു ചിന്തയൊന്നും ഇജ്ജാതി ക്രിമിനലുകളിൽ ഉണ്ടാകില്ല. ഒറ്റ ഓട്ടമാണ്. പൊലീസുകാർക്ക് വെടിവെച്ചിടുകയെ വേണ്ടൂ. ഒന്നു രണ്ട് ആയുധങ്ങൾ വെടിയേറ്റു വീണവരുടെ കൈകളിൽ പിടിപ്പിച്ചാൽ ഏറ്റുമുട്ടലിനു ശേഷം വധിക്കപ്പെട്ടവർ എന്ന വിശേഷം ചേർക്കാം . ബാക്കി പത്രക്കാർ പൊലിപ്പിച്ചു കൊള്ളും.
ഇവിടെ ഉയരുന്ന ചോദ്യം നമ്മുടെ നിയമത്തിൽ പോലീസിനു ശിക്ഷിക്കാനുള്ള വകുപ്പുണ്ടോ എന്നാണ്. തീർച്ചയായും ഇല്ല എന്ന് ജനങ്ങൾക്കറിയാം. എന്നിട്ടും എന്തിന് അവർ ഇത്തരം അപൂർവ്വം കേസുകളിൽ ഇത്തരം അതിക്രമങ്ങളെ അംഗീകരിക്കുന്നു . നിഷ്ഠൂരമായ കൊല നടത്തി കഠിന തടവിന് ശിക്ഷിക്കപ്പെട്ട പലരും ജയിലിൽ കഴിയുന്നില്ല. രാഷ്ട്രീയ സ്വാധീനമുള്ളവർ അധിക ദിവസങ്ങളും പരോളിൽ ഇറങ്ങി സുഖിക്കുന്നതായി ജനം കാണുന്നു. (ഉദാഹരണമായി കേരളത്തിൽ ടി.പി ചന്ദ്രശേഖരൻ കേസ് ) പരോളിൽ പുറത്തിറങ്ങിയ ചില പ്രതികൾ മറ്റ് കൊലകൾ ആസൂത്രണം ചെയ്യുന്നത് കൂടി ജനങ്ങൾ കാണുന്നു.
ജനങ്ങൾക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകുന്നത് ഇങ്ങിനെയാണ്. ഭരണഘടനയും ഇന്ത്യൻ പീനൽ കോഡും എടുത്ത് അട്ടത്ത് വെച്ച് ജനങ്ങളെല്ലാം വാൾട്ടർ തേവാരം , ഇൻസ്പെക്ടർ ബലറാം , ഭരത് ചന്ദ്രൻ ഐപിഎസ് എന്നിവരുടെയൊക്കെ ആരാധകരാകുന്നതിനും ഇതൊക്കെ തന്നെ കാരണം.’–സജീവന്‍ അന്തിക്കാട് കുറിച്ചു.
തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപെടാൻ ശ്രമിച്ചെന്നും ഒടുവിൽ പൊലീസ് നാലുപേരെയും വെടിവെച്ചു കൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണു കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്
ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി വനിതാ വെറ്ററിനറി ഡോക്ടറെ കെണിയിൽപെടുത്തിയ ലോറി ഡ്രൈവറും സംഘവും അവരെ പീഡിപ്പിക്കുന്നതിനു മുൻപു മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ചെന്നു റിപ്പോർട്ട്. ഇരുപത്താറുകാരിയെ പ്രതികൾ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടർന്നു പെട്രോൾ വാങ്ങി വന്ന് പുലർച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.
പ്രതികൾക്കു നിയമസഹായം നൽകില്ലെന്ന് അഭിഭാഷക സംഘടന അറിയിച്ചിരുന്നു. ആരിഫും ശിവയുമാണ് ലോറിയിൽ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാൻ വൈകിയതു കൊണ്ട് അവർ ടോൾ പ്ലാസയിൽ കാത്തുനിൽക്കുമ്പോൾ സുഹൃത്തുക്കളായ മറ്റു പ്രതികൾ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തിൽ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേർന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടർന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടത്.
രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോൾ, സഹായിക്കാമെന്നു പറഞ്ഞ് ഒരാൾ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോൾ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തുടർന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്.