പഴയ തലമുറയ്ക്കും ഈ പ്രശ്നമുണ്ടെന്ന് തോന്നുന്നു: ശ്രീകുമാർ മേനോൻ
Mail This Article
നടി മഞ്ജു വാരിയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനെ അറസ്റ്റു ചെയ്തു. നടിയുടെ പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടു പേരുടെ ജാമ്യത്തിൽ ശ്രീകുമാർ മേനോനെ പിന്നീട് വിട്ടയച്ചു. നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്ന് ശ്രീകുമാർ മേനോൻ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘അന്വേഷണത്തിന് പൂർണമായും സഹകരിക്കും. ഇതിന്റെ ഭാഗമായി അവർക്ക് അറിയാനുള്ള കാര്യങ്ങൾ കുറേ ഉണ്ട്. അതിന്റെ ഭാഗമായാണ് എന്നെ വിളിപ്പിച്ചത്. എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊടുത്തു. നന്മയോടെ കരുതലോടെ സ്നേഹത്തോടെ പറഞ്ഞിരുന്ന കുറേ കാര്യങ്ങൾ കുറേ കാലം നന്മയ്ക്കാണെന്ന് തോന്നും, അത് കഴിയുമ്പോൾ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നു തോന്നും. ഇത് പുതുതലമുറയുടെ മാത്രം പ്രശ്നമാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ പഴയ തലമുറയ്ക്കും ഈ പ്രശ്നമുണ്ടെന്ന് തോന്നുന്നു. അല്ലാതെന്തു പറയാൻ.’–ശ്രീകുമാർ മേനോൻ പറഞ്ഞു.
ശ്രീകുമാർ മേനോനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തൃശൂർ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്തത്. തന്റെ പേരിലുള്ള ഫൗണ്ടേഷന്റെ താൻ ഒപ്പിട്ട ലെറ്റർഹെഡ്, ചെക്ക് ലീഫ് ഉൾപ്പെടെയുള്ള രേഖകൾ ശ്രീകുമാറിന്റെ കൈവശമുണ്ടെന്നും ഇതു ദുരുപയോഗം ചെയ്യുമോയെന്നു ഭയമുണ്ടെന്നും കാട്ടി മഞ്ജു ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്കു പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. രണ്ടു വർഷമായി തന്റെ അഭിനയ ജീവിതത്തെയും സ്ത്രീത്വത്തെയും ശ്രീകുമാർ മേനോൻ നിരന്തരം അപമാനിക്കുകയാണെന്നു മഞ്ജു വാരിയരുടെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
‘ഒടിയൻ’ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നിരന്തരം തേജോവധം ചെയ്തു. ശ്രീകുമാർ മേനോന്റെ ‘പുഷ്’ എന്ന പേരിലുള്ള പരസ്യ നിർമാണക്കമ്പനി വഴി 2013ൽ മഞ്ജു വാരിയർ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ കരാറിലേർപ്പെട്ടിരുന്നു. മഞ്ജു വാരിയരുടെ പേരിലുള്ള ഫൗണ്ടേഷന്റെ സന്നദ്ധ സഹായ പ്രവർത്തനങ്ങൾക്കു മേനോനു മേൽനോട്ട ചുമതല നൽകുകയും ചെയ്തു. 2017ൽ കരാർ റദ്ദാക്കിയതിന്റെ വിദ്വേഷത്തിൽ ഇയാൾ മാനഹാനി ഉണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു പരാതിയിൽ പറയുന്നു.
മഞ്ജു പരാതിയിൽ പറയുന്ന ലെറ്റർ ഹെഡ് കണ്ടെത്താൻ കൂടിയായിരുന്നു പൊലീസ് അന്വേഷണം. മഞ്ജു വാരിയരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകുമാർ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഫ്ലാറ്റിലും ഓഫിസിലും പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി സി.ഡി. ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തുക (ഐപിസി 509), ഗൂഢോദ്ദേശ്യത്തോടെ സ്ത്രീയെ പിൻതുടരുക (354 ഡി), സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണു ശ്രീകുമാറിനെതിരെ ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. തൃശൂർ ഈസ്റ്റ് പൊലീസാണ് ശ്രീകുമാർ മേനോനെതിരെ ഈ വകുപ്പുകൾ ചുമത്തി കേസെടുത്തത്. അന്വേഷണത്തോടു സഹകരിക്കുമെന്നും മഞ്ജുവിന് ഉപകാരസ്മരണ ഇല്ലെന്നും ഫെയ്സ്ബുക്കിലൂടെ ശ്രീകുമാർ മേനോൻ നേരത്തെ മറുപടി നൽകിയിരുന്നു
സംവിധായകൻ അപകടത്തിൽപെടുത്തുമെന്നു ഭയപ്പെടുന്നതായും മഞ്ജു വാരിയർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതി വ്യക്തമാക്കിയിരുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയായിരുന്നു നടി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജു വാരിയരുടെ രഹസ്യമൊഴി നവംബറിൽ രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തിയാണ് മഞ്ജു രഹസ്യമൊഴി നൽകിയത്.
സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാരിയരുടെ പരാതിയിൽ നിർമാതാവ് ആന്റണി പെരുമ്പാവൂർ, പ്രൊഡക്‌ഷൻ കൺട്രോളർ സജി സി. ജോസഫ് എന്നിവരിൽനിന്നു ക്രൈം ബ്രാഞ്ച് നേരത്തെ മൊഴിയെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ശ്രീകുമാർ മേനോൻ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് മൊഴിയെടുത്തത്. ആന്റണി പെരുമ്പാവൂർ അടക്കം 5 പേരെ സംഭവത്തിൽ സാക്ഷികളായി ചേർത്തിരുന്നു.
ഡിജിപിക്കു പരാതി നൽകിയതിനു പിന്നാലെ മഞ്ജു സിനിമാ സംഘടനകളായ അമ്മയ്ക്കും ഫെഫ്കയ്ക്കും കത്തു നൽകിയെങ്കിലും ഇതിൽ ഇടപെടാൻ പരിമിതിയുണ്ടെന്നായിരുന്നു സംഘടനകളുടെ നിലപാട്. മഞ്ജു വാരിയരെ തൊഴിൽപരമായി പിന്തുണയ്ക്കുമെന്നും എന്നാൽ പൊലീസിൽ നൽകിയ പരാതിയിൽ ഇടപെടാൻ സംഘടനയ്ക്കു പരിമിതികളുണ്ടെന്നുമാണ് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചത്. ക്രിമിനൽ കേസ് ആയതിനാൽ ഫെഫ്കയ്ക്ക് ഇടപെടാനാകില്ലെന്നു ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനും വ്യക്തമാക്കി. ശ്രീകുമാർ മേനോൻ സംഘടനയിൽ അംഗമല്ലാത്തതിനാലാണ് ഇടപെടാനാകാത്തതെന്നാണ് ഫെഫ്ക വിശദീകരിച്ചത്.