അച്ഛന്റെയും അമ്മയുടെയും വേർപിരിയൽ ഷോക്ക് ആയിരുന്നു: കല്യാണി പ്രിയദർശൻ
Mail This Article
പ്രിയദർശന്റെയും ലിസിയുടെയും വിവാഹമോചനം ഒരു ഷോക്ക് ആയിരുന്നുവെന്ന് മകളും നടിയുമായ കല്യാണി പ്രിയദർശൻ. എന്നാൽ ഞങ്ങളെല്ലാവരും സന്തോഷത്തിലാണെന്നും മാതാപിതാക്കളുമായുള്ള ബന്ധം കൂടുതൽ ശക്തമാണെന്നും കല്യാണി അഭിമുഖത്തിൽ പറഞ്ഞു.
‘ഞങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. വൈകാരികമായ നിരവധി പ്രശ്നനങ്ങളിലൂടെ അവർ കടന്നു പോയിട്ടും, അത് വീടിനെ ബാധിക്കില്ലെന്ന് അവർ ഉറപ്പുവരുത്തി. തീർച്ചയായും അവരുടെ വേർ പിരിയൽ ഒരു ഷോക്കായിരുന്നു, എന്നാൽ ഇന്ന് ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്. ഞങ്ങൾ സമാധാനത്തിലാണ്, മാതാപിതാക്കളുമായുള്ള എന്റെ ബന്ധം ഇപ്പോൾ കൂടുതൽ ശക്തമാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.’–കല്യാണി പറയുന്നു.
‘ഞാന്‍ ജനിച്ചത് ഒരു സിനിമ കുടുംബത്തിലായിരുന്നു. ബാല്യകാലത്തുള്ള അവധിക്കാലം മുഴുവന്‍ ചിലവിട്ടത് സിനിമാ ലൊക്കേഷനുകളിലായിരുന്നു. ഇതൊക്കെയാണ് അവസാനം അഭിനയത്തിലേക്ക് എത്താനുള്ള കാരണം. എന്നാല്‍ കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടയില്‍ ഒരു മാറ്റം സംഭവിക്കുന്നതായി ഞാന്‍ ശ്രദ്ധിച്ച് തുടങ്ങി. പ്രത്യേകിച്ചും നസ്രിയ നസീം സിനിമയിലേക്ക് എത്തിയതിന് ശേഷം. അപ്പോഴാണ് ആളുകള്‍ എന്നെ സ്വീകരിക്കുമെന്ന ആത്മവിശ്വാസം എനിക്ക് ലഭിച്ചത്.’–കല്യാണി പറഞ്ഞു.
‘സ്‌ക്രീനില്‍ എത്ര സമയം എന്ന് നോക്കാതെ കിട്ടുന്ന നല്ല സിനിമകളുടെ ഭാഗമാവണമെന്നാണ് അച്ഛന്‍ ഉപദേശിച്ച് തന്നിട്ടുള്ളത്. അതിനാല്‍ സംവിധായകര്‍ അടുത്ത് വന്ന് റോള്‍ വിവരിക്കണോ എന്ന് ചോദിക്കുമ്പോള്‍ വേണ്ട, കഥ മുഴുവന്‍ അറിയാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. അതെനിക്ക് മികച്ചൊരു ആശയമായി തോന്നി. ജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നോക്കുമ്പോള്‍ എത്ര സമയം ഞാന്‍ സ്‌ക്രീനിന് മുന്നില്‍ ഉണ്ടായിരുന്നു എന്നത് ആരും ഓര്‍മ്മിക്കാന്‍ പോവുന്നില്ല. കഥയ്ക്ക് ഒരു പ്രധാന്യമവുമില്ലാത്ത സിനിമയില്‍ ഇരുപത് മിനുറ്റോളം അഭിനയിക്കുന്നതിനെക്കാള്‍ നല്ലത് രണ്ട് മിനിറ്റുള്ള നല്ല കഥയില്‍ അഭിനയിക്കുന്നതാണ്.’–കല്യാണി പറഞ്ഞു.
തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം. അഖില്‍ അക്കിനേനി നായകനായി അഭിനയിച്ച ഹലോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരപുത്രി അരങ്ങേറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും സൈമ അവാര്‍ഡും കല്യാണിക്ക് ലഭിച്ചിരുന്നു. കല്യാണി അഭിനയിച്ച ആദ്യ മൂന്ന് സിനിമകളും തെലുങ്കിലായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മലയാളത്തിലെ ആദ്യ ചിത്രം. അനൂപ് സത്യൻ ഒരുക്കുന്ന ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്.