വിവാഹമോചനം; അമേരിക്കൻ ജീവിതം; തുറന്നുപറഞ്ഞ് ചെമ്പൻ വിനോദ്
Mail This Article
അവസരങ്ങളുടെ തലപ്പാവ് ലഭിച്ച വർഷമായിരുന്നു ചെമ്പൻ വിനോദ് ജോസിന് 2019. സിനിമാ ജീവിതത്തിന് പത്തുവർഷം പൂർത്തിയാകുമ്പോൾ വേറിട്ട ജീവിതം കഥ കൂടിയാണ് അദ്ദേഹം മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ പങ്കുവച്ചത്. വ്യക്തിജീവിതത്തെ കുറിച്ചും സിനിമാ ജീവിതവും കുറിച്ചും ചെമ്പൻ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. വിവാഹമോചനത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു.
നന്നായി ഭക്ഷണം കഴിക്കുക മദ്യപിക്കുക വ്യായാമം ചെയ്യുക ഇതാണോ ചെമ്പൻ വിനോദിന്റെ ജീവിതശൈലി എന്ന ചോദ്യത്തിന് വളരെ രസകരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ഞാൻ ഇപ്പോൾ വഴിതെറ്റിപ്പോവുകയല്ല. വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് ഞാൻ. ഇൗ പറയുന്ന വഴിതെറ്റുകളെല്ലാം കടന്നാണ് ഇവിടെ നിൽക്കുന്നത്.അതുകൊണ്ട് ഇനി വ്യക്തിപരമായോ ആശയപരമായോ ഒന്നും എന്നെ ബാധിക്കുകയില്ല. പിന്നെ ഭക്ഷണവും മദ്യപാനവും. അങ്കമാലിക്കാരാനായ എനിക്ക് ഭക്ഷണം അത്ര പ്രിയപ്പെട്ടതാണ്. പന്നിയും ബീഫുമൊക്കെ ഞങ്ങടെ സ്നേഹമാണ്. അമ്മ വച്ചുണ്ടാക്കുന്ന ആ സ്നേഹം മതിയാവുവോളം കഴിച്ച് സോഫയിൽ കിടന്നുറങ്ങുന്നതാണ് എനിക്കിഷ്ടം.
പിന്നെ മദ്യപാനം. ഞാൻ സമ്പാദിക്കുന്ന കാശുകൊണ്ട്, സർക്കാരിന് അതിൽ നിന്നും നികുതി കൊടുത്ത്. സർക്കാർ തന്നെ വിൽക്കുന്ന മദ്യം വാങ്ങി ഞാൻ വീട്ടിൽ വച്ചു കഴിക്കുന്നു. അതിലിവിടെ ആർക്കാണ് പരാതി. ഞാൻ എന്റെ വീട്ടിലിരുന്ന് നന്നായി മദ്യപിക്കുന്നതിൽ മറ്റൊരാൾക്ക് എന്തുകാര്യം. പൊതുജനത്തിന് ശല്യമാകുന്നെങ്കിൽ ഓക്കെ. അല്ലാതെ ഇതിൽ ഒളിഞ്ഞുനോട്ടത്തിന്റെ കാര്യമില്ല. ഞാൻ തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണെന്ന് എനിക്ക് തന്നെ അറിയാം. പിന്നെ എന്തിനാണ് ഒളിഞ്ഞുനോക്കുന്നത്. എന്നോട് ചോദിക്ക് ഞാൻ പറഞ്ഞുതരാല്ലോ എന്തും.’ ചിരിയോടെ ചെമ്പൻ പറഞ്ഞു.
‘ഞാൻ ജീവിക്കുന്നത് ഇന്ത്യയിലാണ്. എന്റെ മകൻ അവന്റെ അമ്മയ്ക്കൊപ്പം അമേരിക്കയിലാണ് ജീവിക്കുന്നത്. അവന് ഇപ്പോൾ പത്തുവയസ്സ്. മകൻ എന്റെ കൂടെ ഒന്നിച്ചില്ല എന്നതിന്റെ വിഷമമുണ്ട്. എന്നാൽ അവിടെ സമ്മർ അവധിക്ക് ഞാൻ അങ്ങോട്ടുപോകും. ഇടയ്ക്ക് ഫോണിൽ വിളിക്കും. പിന്നെ എന്റെ സിനിമകളും അവൻ കാണുന്നുണ്ട്. അവനെ എന്നും കാണണമെന്നും പോകണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ഈ തൊഴിൽ വിട്ടിട്ട് എനിക്ക് അവിടേയ്ക്ക് പോകാൻ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകൻ ജീവിക്കുക അല്ലെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാൽ തന്നെയും അവിടെ അവന്റെ സ്പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാൻ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം.’–ചെമ്പൻ പറയുന്നു.