ഇറങ്ങിപ്പോടാ..’; രജനിയെ അപമാനിച്ച് ഇറക്കിവിട്ട സ്റ്റുഡിയോ; അന്നെടുത്ത ശപഥം
Mail This Article
സിനിമാമോഹവുമായി മദിരാശിയിലെത്തി പൈപ്പ് വെള്ളം കുടിച്ച് കിടന്ന കഥകൾ ഒട്ടേറെ താരങ്ങൾ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ സാക്ഷാൽ രജനികാന്തും ഒരിക്കൽ താൻ അപമാനിക്കപ്പെട്ട് കോടമ്പക്കം തെരുവിലൂടെ നടന്ന കഥ പറയുകയാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദർബാർ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് ഇൗ സംഭവം തുറന്നു പറഞ്ഞത്.
‘16 വയതിനിലെ.. എന്ന സിനിമ ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞ സമയം. ആ സിനിമയിലെ വേഷം എനിക്ക് മികച്ച അവസരങ്ങൾ പിന്നീടൊരുക്കി തന്നു എന്നത് സത്യമാണ്. അപ്പോഴാണ് ഒരു നിർമാതാവ് അദ്ദേഹത്തിന്റെ ചിത്രത്തിനായി എന്നെ സമീപിക്കുന്നത്. നായകൻ ആരാണെന്ന് ഞാൻ പറയുന്നില്ല. പ്രാധാന്യമുള്ള വേഷത്തിലേക്കാണ് എന്നെ വിളിച്ചത്. ആറായിരം രൂപയ്ക്ക് ഞാൻ അഭിനയിക്കാം എന്നു സമ്മതിച്ചു. ആയിരം രൂപ അഡ്വാൻസ് ചോദിച്ചു. നാളെ അഡ്വാൻസ് തരാമെന്ന് പറഞ്ഞ് നിർമാതാവ് പോയി. പക്ഷേ പിറ്റേന്ന് എനിക്ക് അഡ്വാൻസ് കിട്ടിയില്ല.
ചോദിച്ചപ്പോൾ പറഞ്ഞു നാളെ എവിഎം സ്റ്റുഡിയിലെ സെറ്റിൽ മേക്കപ്പിടുന്നതിന് മുൻപ് ആയിരം രൂപ കയ്യിൽ തന്നിരിക്കും എന്നു വാക്കുപറഞ്ഞു. അങ്ങനെ രാവിലെ ഷൂട്ടിങിന് പോകാനുള്ള കാർ അവർ അയച്ചുതന്നു. ഞാൻ രാവിലെ തന്നെ എവിഎം സ്റ്റുഡിയോയിെലത്തി. സിനിമയുടെ അണിയറക്കാരിൽ പ്രധാനിയായ ഒരാളോട് ഞാൻ അഡ്വാൻസിന്റെ കാര്യം ചോദിച്ചു. അവരോട് നിർമാതാവ് അതേ പറ്റിയൊന്നും പറഞ്ഞിട്ടില്ല എന്നാണ് എനിക്ക് ലഭിച്ച മറുപടി. ഇതോടെ ഞാൻ ആയിരം രൂപ കിട്ടിയിട്ട് മേക്കപ്പ് ഇടാം എന്ന നിലപാടെടുത്തു.
കുറച്ച് കഴിഞ്ഞ് വെളുത്ത അംബാസിഡർ കാറിൽ സിനിമയുടെ നിർമാതാവ് സെറ്റിലേക്കെത്തി. ഞാൻ മേക്കപ്പ് ഇടാതെ ഇരിക്കുകയാണ്. ആയിരം രൂപ ലഭിക്കണം എന്ന വാശിയിൽ. കാറിൽ നിന്നിറങ്ങിയ നിർമാതാവ് സംഭവമറിഞ്ഞ് എന്റെ നേർക്ക് വന്നു. എന്നിട്ട് ചോദിച്ചു. ‘എന്താടാ..നീ അത്ര വലിയ ഹീറോ ആയിപ്പോയോ? നാലുപടമല്ലേ കഴിഞ്ഞിട്ടുള്ളൂ പണം കിട്ടിയാലെ അഭിനയിക്കൂ എന്ന നിലയിലായോ? നിനക്ക് ഇവിടെ വേഷവുമില്ല പണവുമില്ല. ഇറങ്ങടാ സെറ്റിൽ നിന്നും..’ ഞാൻ ചോദിച്ചു സാർ നിങ്ങൾ അല്ലേ പറഞ്ഞത് ആയിരം രൂപ മേക്കപ്പ് ഇടും മുൻപ് തരാമെന്ന്. അതുമാത്രമാണ് ചോദിച്ചത്. ശരി വേഷമില്ലെങ്കിൽ വേണ്ട. എന്നെ എവിടെ നിന്ന് വിളിച്ചോ അവിടെ കൊണ്ടുവിട്ടേക്കൂ എന്നായി ഞാൻ. കാറിൽ കയറാൻ തുടങ്ങിയ എന്നെ നിർമാതാവ് തടഞ്ഞു.
കാറിന്റെ വാടക ആരു കൊടുക്കും. നിനക്ക് ഇവിടെ നിന്നും കാറുമില്ല ഒന്നുമില്ല. നടന്നു പോടാ.. എന്നു പറഞ്ഞ് എന്നെ പുറത്താക്കി. എന്റെ കയ്യിൽ പണം ഒന്നും എടുത്തിരുന്നില്ല. അപമാനിക്കപ്പെട്ട് ഞാൻ എവിഎം സ്റ്റുഡിയോയുടെ പുറത്തേക്ക് നടന്നു. കോടമ്പക്കത്തെ തെരുവിലൂടെ നടക്കുമ്പോൾ അവിടെയെല്ലാം 16 വയതിനിലെ എന്ന സിനിമയുടെ പോസ്റ്ററും ‘ഇതു എപ്പടിഇറുക്ക്..’ എന്ന എന്റെ ഡയലോഗും ആ പോസ്റ്ററിൽ കാണാം. ബസിൽ പോകുന്നവരെല്ലാം തിരിച്ചറിഞ്ഞു നോക്കുന്നുണ്ട്. പക്ഷേ അപ്പോഴെല്ലാം എന്റെ മനസിൽ മറ്റൊന്നായിരുന്നു ചിന്ത.
‘അപമാനിച്ച് ഇറങ്ങി വിട്ട ഇതേ എവിഎം സ്റ്റുഡിയോയിലേക്ക് വരണം. ഫോറിൻ കാറിൽ, കാലിൻമേൽ കാലുകയറ്റിവച്ച് വരണം. ഇല്ലേ എൻ പേര് രജനികാന്ത് അല്ല..’ ഇതായിരുന്നു ചിന്ത. നാലുവർഷങ്ങൾ കഴിഞ്ഞു. എവിഎം മുതലാളിയായിരുന്ന ചെട്ടിയാറുടെ കയ്യിൽ നിന്നും അദ്ദേഹത്തിന്റെ ഇറ്റാലിയൻ ഫിയറ്റ് കാർ നാലേകാൽ ലക്ഷം രൂപ നൽകി വാങ്ങിച്ചു. ഫോറിൻ കാറായി ഇനി ഒരു ഫോറിൻ ഡ്രൈവർ കൂടി വേണം. അങ്ങനെ ആഗ്ലോ ഇന്ത്യനായ റോബിൻസൺ എന്ന ഡ്രൈവറെ കണ്ടെത്തി. യൂണിഫോം ബെൽറ്റ് തൊപ്പി അടക്കം എല്ലാം അയാൾക്ക് നൽകി. ആദ്യം ദിവസം ഞാൻ കാറിലേക്ക് വരുമ്പോൾ അയാൾ കുനിഞ്ഞ് തൊപ്പി താഴ്ത്തി വണക്കം പറഞ്ഞു. പിന്നിലെ ഡോർ തുറന്നു തരും. ഞാൻ വണ്ടിയിൽ കയറി പറഞ്ഞു. ‘എട്രാ വണ്ടി എവിഎംക്ക്..’
അന്ന് വെള്ള അംബാസിഡർ കാർ നിന്ന അതേ സ്ഥലത്തെ ഞാൻ ഫോറിൻ കാറിൽ വന്നിറങ്ങി. പുറത്തിറങ്ങി 555 സിഗരറ്റ് സ്റ്റൈലായി വലിച്ചു കാറിൽ ചാരി കുറച്ചുനേരം നിന്നു..ഇതൊന്നും എന്റെ വാശി പുറത്തോ കഴിവിന്റെ പുറത്തോ ആയിരുന്നില്ല. സമയം അതാണ് എല്ലാം. ’ രജനി പറഞ്ഞു.