‘സൈന്യത്തിന്റെ സെറ്റിൽ വച്ചു കണ്ട കെന്നി സാർ’: വിക്രത്തെക്കുറിച്ച് പൃഥ്വിരാജ്
Mail This Article
സൈന്യത്തിന്റെ സെറ്റ് മുതൽ കെന്നി എന്ന വിക്രത്തെ തനിക്ക് അറിയാമെന്നും അദ്ദേഹം കഠിനാധ്വാനിയായ നടനാണെന്നും പൃഥ്വിരാജ്. വിവിധ താരങ്ങളുടെ ആരാധകരുമായി പൃഥ്വി സംവദിച്ച മനോരമ ഒാൺലൈൻ ജെയ്ൻ യൂണിവേഴ്സിറ്റി സൂപ്പർ ഫാൻസ് മീറ്റിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
‘വിക്രം സാറിനെ അടുപ്പമുള്ളവർ കെന്നി എന്നാണ് വിളിക്കുന്നത്. ഞാൻ അദ്ദേഹത്തോടൊപ്പം ഒരു മുഴുവൻ സിനിമ അഭിനയിച്ചതാണ്. പക്ഷേ അതിനു മുമ്പും അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്. അച്ഛൻ നടനായിരുന്നെങ്കിലും ഒരുപാട് സിനിമാ സെറ്റുകളിലൊന്നും ഞാൻ കുട്ടിക്കാലത്ത് പോയിട്ടില്ല. സൈന്യം എന്ന മമ്മൂക്ക സിനിമയുടെ സെറ്റിൽ ഞാൻ പോയിട്ടുണ്ട്. അന്ന് അവിടെ കെന്നിയുണ്ട്. അന്നു മുതൽ അദ്ദേഹത്തെ പരിചയമുണ്ട്.’ പൃഥ്വി പറഞ്ഞു.
‘കെന്നിക്ക് വലിയൊരു അപകടം സംഭവിച്ചയാളാണ്. ഇനിയൊരിക്കലും കെന്നി എഴുന്നേറ്റ് നടക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയാണ്. കെന്നിയുടെ കാലിലെ ആ മുറിപ്പാട് ഒന്നു കാണണം. ജിമ്മിൽ വച്ച് ഒരിക്കൽ അദ്ദേഹം എന്നെ കാണിച്ചിട്ടുണ്ട്. കാണുമ്പോൾ ശരിക്കും നാം അന്തം വിട്ടു പോകും. ഇങ്ങനെയൊരാൾക്ക് കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും ആകുമെന്ന് തോന്നില്ല. ഇങ്ങനെയൊരാളാണ് സിക്സ് പാക്ക് ആക്കലും മറ്റും എളുപ്പത്തിൽ ചെയ്യുന്നത്.’ പൃഥ്വി വാചാലനായി.
‘ഞാൻ രാവണന്റെ ഷൂട്ടിങ്ങിനായി രണ്ടു വർഷത്തോളം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അന്ന് ആ സെറ്റിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനായിരുന്നു. എന്നെ ഒരു സഹോദരനായി അദ്ദേഹം കൂടെ കൊണ്ടു നടന്നു. സക്സസ് ഏറ്റവും വൈകി കിട്ടിയ താരമാണ് അദ്ദേഹം. 18 വർഷത്തോളം അദ്ദേഹം മലയാളത്തിൽ നല്ല അവസരങ്ങൾ തേടി നടന്നു. പിന്നീടാണ് സേതു എന്നൊരു സിനിമ കിട്ടുന്നതും അദ്ദേഹം താരമാകുന്നതും. വലിയ ഇൻസ്പിറേഷനാണ് അദ്ദേഹത്തിന്റെ ജീവിതം.’ പൃഥ്വി കൂട്ടിച്ചേർത്തു.