റസിയ ആയാല്‍ മതിയെന്ന് കാവ്യ, പിന്നീട് കരച്ചിൽ: ക്ലാസ്മേറ്റ്സ് അറിയാക്കഥ
Mail This Article
ലാല്‍ജോസിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ക്ലാസ് മേറ്റ്സ്. ക്യാംപസിന്റെ പശ്ചാത്തലത്തില്‍ പ്രണയം, സൗഹൃദം, രാഷ്ട്രീയം തുടങ്ങിയ പ്രമേയമാക്കി ഒരുക്കിയ ചിത്രം വലിയ വിജയമാണ് നേടിയത്. ചിത്രത്തില്‍ കാവ്യ മാധവനും രാധികയുമായിരുന്നു നായികമാരെത്തിയത്. റസിയ എന്ന കഥാപാത്രത്തെ രാധിക മനോഹരമാക്കിയപ്പോള്‍ താര എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിച്ചത്. എന്നാല്‍ റസിയ കഥാപാത്രം അവതരിപ്പിക്കാനായിരുന്നു കാവ്യയ്ക്ക് ഇഷ്ടം. അതിൽ ഇഷ്ടക്കേടുവന്ന കാവ്യ ഒരുപാട് വിഷമിക്കുകയും ചെയ്തിരുന്നു. ലാൽ ജോസ് ആണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘സി.എം.എസ്. കോളജിലെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് കാവ്യ ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് പറഞ്ഞ് എന്റെ അടുത്ത് വന്നു. കഥ പറയാന്‍ ജെയിംസ് ആല്‍ബര്‍ട്ടിനെ ഏല്‍പ്പിച്ചു. കോളജ് ക്യാംപസില്‍ കാവ്യയും നരേനും പൃഥ്വിയും ഇന്ദ്രനും ചേര്‍ന്ന സീനാണ് ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ നേരം കാവ്യയെ കാണാനില്ല. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ കാവ്യയെ തിരക്കിയോടി. അതിനിടിയില്‍ ജെയിംസ് ആല്‍ബര്‍ട്ട് ഓടിയെത്തി, കഥ മുഴുവന്‍ കേട്ടപ്പോള്‍ കാവ്യ കരച്ചില്‍ നിര്‍ത്തുന്നില്ലത്രേ. അങ്ങനെ ഞാന്‍ കാവ്യയുടെ അടുത്ത് ചെന്ന് കാര്യം തിരക്കി.” ഞാനല്ല ഈ സിനിമയിലെ നായിക. എനിക്ക് റസിയ ചെയ്താല്‍ മതി… ”കാവ്യ കരച്ചിലടക്കാതെ പറഞ്ഞു. അത് കേട്ട് എനിക്ക് ദേഷ്യം വന്നു.’
‘കാരണം നേരത്തെ ഒരു ഇമേജുള്ളയാള്‍ റസിയ എന്ന കഥാപാത്രം ചെയ്താൽ ശരിയാകില്ല. അതവള്‍ക്ക് മനസ്സിലായില്ല. ‘റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് ചിത്രത്തിലെ താര എന്ന കഥാപാത്രം ചെയ്യാന്‍ പറ്റില്ലെങ്കില്‍ പോകാം…”ഞാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവളുടെ കരച്ചില്‍ കൂടി. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസില്ലാമനസോടെ അഭിനയിക്കാന്‍ സമ്മതിച്ചു. പിന്നീട് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും കാവ്യ ചിത്രം കണ്ടില്ല. ഒടുവില്‍ ചിത്രം 75ാം ദിവസം കടന്നപ്പോഴാണ് കാവ്യ സിനിമ കാണുന്നത്. സിനിമ കണ്ട് നല്ല രസമുള്ള സിനിമയാണെന്ന് പറഞ്ഞ് അവള്‍ എന്നെ വിളിച്ചു.’– ലാല്‍ ജോസ് പറഞ്ഞു.