എങ്ങുമെത്താതെ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്: മധു വാര്യരെക്കുറിച്ച് മഞ്ജു
Mail This Article
മലയാളികളുടെ പ്രിയനടിയാണ് മഞ്ജു വാര്യർ. സല്ലാപത്തിൽ തുടങ്ങി പ്രതി പൂവൻകോഴിയിലെത്തി നിൽക്കുമ്പോഴും ആ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. മഞ്ജുവിനെ പോലെ തന്നെ മലയാളികൾക്ക് പരിചിതനാണ് സഹോദരൻ മധു വാര്യരും. എന്നാൽ മഞ്ജുവിനു കിട്ടിയ സ്വീകാര്യത മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ സഹോദരന് കഴിഞ്ഞില്ല. അഭിനയരംഗത്തു നിന്നും സംവിധായകന്റെ കുപ്പായമിട്ട് പുതിയ ചുവടുകൾ ഉറപ്പിക്കുന്ന സഹോദരന്റെ കഠിന പ്രയത്നങ്ങളെക്കുറിച്ചും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും തുറന്ന് പറയുകയാണ് മഞ്ജു.
ചേട്ടൻ ഒരുപാട് വർഷമായി സിനിമയുടെ പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്‌ടവും പാഷനുമാണ്. എന്നാൽ എങ്ങുമെത്താതെ സ്ട്രഗിൾ ചെയ്യുന്ന ചേട്ടനെ താൻ നേരിട്ടു കണ്ടിട്ടുണ്ടെന്നും ചേട്ടന്റെ പല പ്രോജക്‌ടും അവസാന ഘട്ടത്തിൽ എത്തിയ ശേഷം നഷ്‌ടപ്പെടുന്നതും കണേണ്ടി വന്നു. ഇപ്പോൾ എല്ലാം ഒത്തുവന്നതിൽ സന്തോഷമുണ്ടെന്നും ചേട്ടൻ നന്നായി ചെയ്യണമേയെന്ന ആഗ്രഹമാണ് മനസിലുള്ളതെന്നും താരം പറഞ്ഞു.
ബിജു മേനോനും മഞ്ജു വാരിയരുമാണ് മധുവിന്റെ ആദ്യ ചിത്രത്തിൽ നായിക നായകൻമാരാകുന്നത്. ‘ചേട്ടന്റെ സിനിമയിൽ ഞാനും ഭാഗമാണെന്നത് സന്തോഷം തരുന്നു. ബിജുവേട്ടനുമൊക്കെ കഥ കേട്ടശേഷമാണ് ചേട്ടൻ എന്നോടു പറയുന്നതെന്നു തോന്നുന്നു. ആ സിനിമയുടെ പല ഘട്ടങ്ങളും കഴിഞ്ഞ ശേഷമാണ് ഞാൻ കഥ കേൾക്കുന്നത്.’ മഞ്ജു വെളിപ്പെടുത്തി.