ഓവറാക്കി ചളമാക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു: മിയ
Mail This Article
ക്രിസ്മസ് റിലീസായെത്തി ഇപ്പോഴും തിയറ്ററുകൾ നിറഞ്ഞോടുകയാണ് ഡ്രൈവിങ് ലൈസൻസ്. താരത്തിന്റെയും ആരാധകന്റെയും കഥ പറയുന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് മിയ ചെയ്തിരിക്കുന്നത്. ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നൊക്കെ വ്യത്യസ്തമായി അൽപം കോമഡിയും ഇച്ചിരി പൊങ്ങച്ചവുമൊക്കെയുള്ള കഥാപാത്രം. എൽസയായി മലയാളികളെ ചിരിപ്പിച്ചതിനെ കുറിച്ച് മിയ പറയുന്നു.
‘കണ്ണുംപൂട്ടി ജോയിൻ ചെയ്ത പ്രോജക്ടാണ് ഡ്രൈവിങ് ലൈസൻസ്. സിനിമ വരുന്നുണ്ടെന്ന് ആദ്യം കേട്ടിരുന്നുവെങ്കിലും ഞാൻ അതിൽ ഭാഗമാകുമെന്ന് കരുതിയിരുന്നേയില്ല. പക്ഷേ വിളി വന്നപ്പോൾ ഹാപ്പി. എല്ലാവരും എനിക്ക് നേരത്തേ അറിയാവുന്ന ആളുകളായിരുന്നു. സ്ക്രിപ്റ്റ് കയ്യിൽ കിട്ടിയതോടെ ആത്മവിശ്വാസം ഇരട്ടിയായി.’
കുരുവിളയുടെ ഭാര്യ എൽസയെ കുറിച്ചും മിയയ്ക്ക് ചിലതൊക്കെ പറയാനുണ്ട്. 'ഇച്ചിരി പൊങ്ങച്ചവും വീമ്പുമൊക്കെ പറയുന്ന കഥാപാത്രമാണ് എൽസ. ഓവറാണെന്ന് ആരെ കൊണ്ടും പറയിപ്പിക്കാതിരിക്കുക ആയിരുന്നു എന്റെ ശ്രമം. ഓവറാക്കി ചളമാക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ജീൻ ചേട്ടൻ ഇക്കാര്യത്തിൽ കൃത്യമായി ഗൈഡ് ചെയ്തിരുന്നു'. സിനിമ കണ്ടിറങ്ങി ഒരുപാട് പേർ എൽസയെ കുറിച്ച് സംസാരിച്ചുവെന്നും മിയ പറയുന്നു.
‘ഇതുവരെ ചെയ്ത് ശീലമില്ലാത്ത കഥാപാത്രമായിരുന്നു എൽസ. അതുകൊണ്ട് തന്നെ സുരാജേട്ടനോട് എന്നെ ഹെൽപ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അസാധ്യ ടൈമിങും കോമഡി സെൻസുമുള്ള ആളാണ് സുരാജേട്ടൻ. ഓരോ ഷോട്ടിലും അദ്ദേഹത്തിന്റെ സജഷൻ ഉണ്ടായിരുന്നു. ശരിക്കും ഒരു ഗിവ് ആൻഡ് ടേക്ക് ആണ് ഒന്നിച്ചുള്ള സീനുകൾ മനോഹരമാകാൻ കാരണം. പിന്നെ എൽസയുടെ നോട്ടം, ഭാവം എല്ലാത്തിനെയും കുറിച്ച് ജീൻ ചേട്ടന് നല്ല കൃത്യത ഉണ്ടായിരുന്നു. എൽസയെ കുറിച്ച് ഇപ്പോഴും പ്രേക്ഷകർ പറയുന്നുണ്ടെങ്കിൽ അത് അവരുടെ ക്രെഡിറ്റാണ്.’–മിയ പറഞ്ഞു.
അതിഥി വേഷത്തിലാണെങ്കിലും അൽ മല്ലുവാണ് മിയയുടേതായി തിയറ്ററുകളിൽ ഉടനെത്തുന്നത്. ഗുരുസ്ഥാനീയനായ ബോബൻ സാമുവൽ സാർ വിളിച്ചപ്പോൾ പിന്നൊന്നും നോക്കാനില്ലായിരുന്നുവെന്നും മിയ കൂട്ടിച്ചേർക്കുന്നു. പൊലീസ് ഓഫീസറുടെ റോളിലെത്തുന്ന 'കാൺമാനില്ല'യും ഉടൻ തിയറ്ററുകളിലെത്തും