ADVERTISEMENT

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി നിര്‍മാതാക്കള്‍. മാന്യമായി പ്രശ്നം പരിഹരിക്കാനാണ് ഞങ്ങള്‍ ഇതുവരെ ശ്രമിച്ചതെന്നും ഇതുവരെ ഒരുപാട് നിർമാതാക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്നും നിർമാതാക്കള്‍ വാര്‍ത്തസമ്മേളനത്തിനിടെ പറഞ്ഞു. ‘ഉല്ലാസം’ സിനിമയുടെ നിർമാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ന്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും നിർമാതാക്കള്‍ ആരോപിച്ചു.

25 ലക്ഷത്തിന് കരാര്‍; 45 ചോദിച്ച് ഷെയിന്‍; കണക്ക് പുറത്തുവിട്ട് നിര്‍മാതാക്കൾ

‘മാന്യമായി പ്രശ്നം പരിഹരിക്കാനാണ് ഞങ്ങള്‍ ഇതുവരെ ശ്രമിച്ചത്. ഇത് പുളിങ്കുരുവിന്റെ കച്ചവടമല്ല, കോടികളുടെ വിഷയമാണ്. ഒരുപാട് നിര്‍മാതാക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്‍ഡസ്ട്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത നീക്കമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. തികച്ചും അനാവശ്യമായ ഒരു പ്രശ്നത്തിലേക്കാണ് ഷെയ്ന്‍ സിനിമയെ മൊത്തം കൊണ്ടു പോയിരിക്കുന്നത്.’

‘ഷൂട്ടിങ് പൂര്‍ത്തിയായ ഉല്ലാസത്തിന് 25 ലക്ഷം രൂപയാണ് ഷെയ്‌ന് നല്‍കിയത്. ഇതിന്റെ രേഖകള്‍ അസോസിയേഷന്റെ പക്കലുണ്ട്. എന്നാല്‍ 45 ലക്ഷം രൂപ നിർമാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്‌ന്റെ വാദം തെറ്റാണ്.’–നിര്‍മാതാക്കൾ പറഞ്ഞു.

‘ഈട സിനിമയ്ക്കു വേണ്ടി 2017ൽ ഷെയ്ൻ മേടിച്ചത് 15 ലക്ഷം രൂപയാണ്. അതേ കാലയളവിൽ തന്നെ പൈങ്കിളി എന്ന സിനിമയ്ക്കു വേണ്ടി 25 ലക്ഷം രൂപയാണ് മേടിച്ചത്. അത് എന്തുകൊണ്ടെന്ന് നിർമാതാവ് തന്നെ പറഞ്ഞിട്ടുണ്ട്. ഷെയ്നിന്റെ പിതാവ് അബി ജീവിച്ചിരിക്കുമ്പോൾ ഈ കരാറില്‍ ഏർപ്പെടുകയും, മകന്റെ മാർക്കറ്റ് കൂടും എന്നു പറഞ്ഞ് രണ്ട് കക്ഷികളുടെയും താൽപര്യം അനുസരിച്ച് എഴുതി ഒപ്പിട്ട കരാറാണ്. ആ കരാറിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്. അല്ലാതെ ആ കാലയവളിൽ ഷെയ്ൻ അഭിനയിച്ച എല്ലാ സിനിമകൾക്കും മേടിച്ചിരുന്നത് 15 ലക്ഷം രൂപയാണ്. ’

‘അതിനൊരു മാറ്റം വന്നത് വലിയ പെരുന്നാൾ എന്ന സിനിമയിലാണ്. 2018 ല്‍ ഒപ്പിട്ട കരാറിൽ 30 ലക്ഷം മേടിച്ചു. എന്നാല്‍ പിറ്റേമാസം ഒപ്പിട്ട കുമ്പളങ്ങി നൈറ്റ്സിൽ 15 ലക്ഷം രൂപയാണ് ഷെയ്ൻ പ്രതിഫലമായി മേടിച്ചത്. എന്നാല്‍ അതൊരു സൗഹൃദത്തിന്റെ പേരിലാകാം ചെറിയൊരു പ്രതിഫലം വാങ്ങിയത്. എന്നാൽ ആ കാലയളവില്‍ ചെയ്ത ഇഷ്ക് എന്ന സിനിമയ്ക്ക് 25 ലക്ഷം രൂപയാണ് മേടിച്ചത്. പക്ഷേ ഷെയ്ൻ ഇപ്പോൾ ആവശ്യപ്പെടുന്നതും പൊതു സമൂഹത്തോടും പറയുന്നത് 45 ലക്ഷം രൂപ തന്നാൽ മാത്രമേ ഈ സിനിമ ഡബ്ബ് െചയ്യൂ എന്നാണ്. അത് അനീതിയാണ്. 45 ലക്ഷം എന്നു പറയുന്നത്, ഈ വർഷം അദ്ദേഹം ഒപ്പിട്ട കുർബാനി എന്ന സിനിമയുടെ പ്രതിഫലത്തുകയാണ്.

രണ്ട് വർഷം മുമ്പ് കരാർ ഒപ്പിട്ട് ചെയ്ത സിനിമയ്ക്ക് ഇപ്പോള്‍ മേടിക്കുന്ന ശമ്പളം തന്നെ വേണമെന്ന് പറഞ്ഞാൽ അത് അനീതിയാണ്. ഈ വസ്തുത പൊതുസമൂഹത്തിനു മുന്നിൽ അറിയിക്കാൻ േവണ്ടിയാണ് വാർത്താസമ്മേളനം. കരാർ ലംഘനമാണ് ഷെയ്ൻ നടത്തിയത്. ഇതുവരെ ഒരു നടൻപോലും ഇങ്ങനെ ചെയ്തിട്ടില്ല. ഒരു നടന്റെ മാർക്കറ്റ് കുറഞ്ഞുപോയാൽ അവർ പ്രതിഫലം കുറയ്ക്കുമോ, ഇല്ലല്ലോ?. ’

അമ്മയുമായുള്ള ബന്ധത്തില്‍ യാതൊരു പ്രശ്നവുമില്ല. ഞങ്ങളുടെ കൈവശം എല്ലാ രേഖകളുമുണ്ട്. എന്നാല്‍ അത് പുറത്ത് വിടാത്തത് ഈ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ വേണ്ടിയാണെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

അതിനിടെ ഷെയ്ന്‍ വിഷയം പരിഹരിക്കാനായി അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് നടക്കും. ഷെയ്‌ൻ നിഗവും യോഗത്തിൽ പങ്കെടുക്കും.വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം. ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് കൊടുക്കാത്തതിന്റെ കാരണങ്ങള്‍ തുടങ്ങിയവ ചർച്ച ചെയ്യും .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com