ADVERTISEMENT

ലേറ്റായാണെങ്കിലും സ്റ്റൈൽ മന്നൻ ലേറ്റസ്റ്റായി തന്നെ അവതരിച്ചു.28 വർഷത്തിനു ശേഷം രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന ദർബാർ ചിത്രത്തിനു തമിഴകത്തു ആഘോഷ വരവേൽപ്പ്. ഇന്നു പുലർച്ചെ തുടങ്ങിയ ഷോകൾക്കായി ഇന്നലെ രാത്രി മുതൽ ആരാധകർ കാത്തു നിന്നു. സ്പെഷൽ ഷോകൾ നാലു ദിവസം തുടരും. ചെന്നൈയിൽ 600 ഉൾപ്പെടെ ഇന്ത്യയിൽ ആകെ 4000 സ്ക്രീനുകളിലാണു ദർബാർ ഇന്നു  റിലീസായത്. 

 

ലോകത്തിലാകെ 7000 സ്ക്രീനുകളിൽ. 1992-ൽ പാണ്ഡ്യൻ എന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലെത്തിയ ശേഷം ആദ്യമായാണു രജനീകാന്ത് സ്ക്രീനിൽ കാക്കിയണിയുന്നത്. എ.ആർ.മുരുഗദോസിന്റെ സിനിമിൽ ആദിത്യ അരുണാചലം എന്ന മുംബൈ പൊലീസുകാരനെയാണു രജനി അവതരിപ്പിക്കുന്നത്. തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണു നായിക. മലയാളി നിവേദ തോമസ് ശ്രദ്ധേയ വേഷത്തിലെത്തുന്നു. 

 

ഫ്ലക്സുകൾക്കു കർശന നിയന്ത്രണമുള്ളതിനാൽ തീയറ്ററുകൾക്കു മുന്നിൽ കൂറ്റൻ ഫ്ലക്സുകളുയർന്നില്ല. ഫ്ലക്സുകളിലെ പാലഭിഷേകവുമുണ്ടായില്ല. പകരം, സൂപ്പർ താരത്തിന്റെ ചിത്രം പതിച്ച ടീ ഷർട്ടുകളണിഞ്ഞും തീയറ്ററിനു മുന്നിൽ കേക്കു മുറിച്ചുമാണു ആരാധകർ ചിത്രത്തെ വരവേറ്റത്. തമിഴകത്തെങ്ങും പല ക്ഷേത്രങ്ങളിലും രജനി ആരാധകർ പ്രത്യേക പ്രാർഥനകൾ നടത്തി.

 

∙തലയുയർത്തി നിൽക്കുമോ ‘തലൈവർ’?

 

വർഷങ്ങളായി തമിഴ് സിനിമയ്ക്കു ഒറ്റ തലൈവരേയുള്ളൂ?. സൂപ്പർ സ്റ്റാർ രജനീകാന്ത്. തമിഴ് തിരയിൽ രജനി നക്ഷത്രമായി ഉദിച്ചുയർന്നതു മുതൽ അദ്ദേഹത്തിന്റെ ചിത്രം റിലീസിനുണ്ടെങ്കിൽ ആ വർഷത്തെ പണം വാരിപ്പടം അതാകുകയാണു പതിവ്. എന്നാൽ, കഴിഞ്ഞ പൊങ്കലിനു ഈ പതിവു തെറ്റിയെന്നു തമിഴ് സിനിമാവൃത്തങ്ങൾ പറയുന്നു. തമിഴ് ആരാധകരുടെ തല അജിത്തിന്റെ വിശ്വാസവും രജനിയുടെ പേട്ടയുമാണു കഴിഞ്ഞ പൊങ്കലിനു തിരയിലെത്തിയത്.തമിഴ്നാട്ടിലെ മാത്രം കണക്കെടുത്താൽ ഏറ്റവും കൂടുതൽ പണം വാരിയതു വിശ്വാസമാണെന്നു കണക്കുകൾ പറയുന്നു. ഇളയ ദളപതി വിജയിയുടെ ബിഗിലും പേട്ടയെ കടത്തിവെട്ടുന്ന ഹിറ്റായി. സ്പെഷൽ ഷോകൾക്കുള്ള മുൻകൂർ ബുക്കിങ്ങിലും പേട്ടയേക്കാൾ മുന്നിലായിരുന്നു ബിഗിൽ. 

 

അജിത്തിന്റെയും വിജയ്‌യുടെയും ചിത്രങ്ങൾ രജനി ചിത്രങ്ങൾക്കു മേൽ വളർന്നു തുടങ്ങുന്ന സിനിമാ കാലാവസ്ഥയിലേക്കാണു ദർബാർ എത്തുന്നത്. ഇത്തവണ തമിഴിൽ പക്ഷേ, ദർബാറിനു പൊങ്കൽ വെല്ലുവിളികളൊന്നുമില്ല. അടുത്തയാഴ്ച റിലീസാകുന്ന ധനുഷ് ചിത്രം പട്ടാസാണു ഇനി വരാനിരിക്കുന്ന വൻ ചിത്രങ്ങളിലൊന്ന്. മൂൻട്രു മുഖം, കൊടി പറക്കുത് തുടങ്ങി രജനി പൊലീസ് വേഷത്തിലെത്തിയ എല്ലാ ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായിരുന്നു. ദർബാറിലൂടെ സ്റ്റൈൽ മന്നൻ തന്റെ അപ്രമാദിത്വം തിരിച്ചുപിടിക്കുമോയെന്നാണു തമിഴ് സിനിമാ ലോകത്തിന്റെ ചോദ്യം. 

 

തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണു ചിത്രമെത്തുന്നത്. ആകെ ചെലവ് 200 കോടിയാണെന്നാണു സിനിമാ വൃത്തങ്ങളിലെ സംസാരം. ഡിജിറ്റൽ റൈറ്റ്സ് ഉൾപ്പെടെ റിലീസിനു മുൻപേ മുടക്കു മുതൽ തിരിച്ചുപിടിച്ചതായും ചിത്രത്തിന്റെ അണിയറയിലുള്ളവർ പറയുന്നു. ഈ വർഷം രാഷ്ട്രീയ പാർട്ടി കൂടി പ്രഖ്യാപിക്കാനിരിക്കെ, ദർബാറിന്റെ മഹാവിജയം രജനിക്കും ആരാധകർക്കും നിർണായകം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com