ADVERTISEMENT

കൊച്ചി∙ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണയായതായി അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. ഷൂട്ടിങ് പൂർത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയ്ൻ ഉടൻ ചെയ്യും. മുടങ്ങിയ സിനിമകളായ വെയിൽ, കുർബാനി എന്നിവയും പൂർത്തിയാക്കും. പ്രശ്നങ്ങളെല്ലാം തീർന്നുവെന്നും അമ്മയുടെ നിർവാഹക സമിതി യോഗത്തിലുണ്ടായ ധാരണകൾ സംബന്ധിച്ച് അടുത്ത ദിവസം നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തുമെന്നും മോഹൻലാൽ വ്യക്തമാക്കി.

AMMA Executive Meeting

 

Mohanlal About Shane Nigam Ban | Shane Nigam Issue

‘‘അമ്മ’ സംഘടന എന്തു നിര്‍ദേശിക്കുന്നോ അത് അനുസരിക്കാമെന്ന് ഷെയ്ൻ നിഗം ഉറപ്പുനൽകിയിട്ടുണ്ട്. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ സൗകര്യം നോക്കി ഇക്കാര്യം വീണ്ടും അവരുമായും ചർച്ച നടത്തും. ആര് ജയിക്കുന്നു ആര് തോൽക്കുന്നു എന്നതല്ല, ഇരുവർക്കും രമ്യമായ രീതിയിൽ ചർച്ച ചെയ്ത് പ്രശ്നം തീർക്കും. വിലക്കൊന്നും ഉണ്ടാകില്ല. മുടങ്ങിപ്പോയ മൂന്ന് സിനിമകളും തീർക്കും. അവനൊരു കൊച്ചുകുട്ടിയാണ്, നല്ല ഭാവിയുള്ള നടനും, ഉപേക്ഷിക്കാൻ കഴിയില്ല.’–ഇടവേള ബാബു പറഞ്ഞു.

 

ഇന്നലെ അമ്മ നിർവാഹക സമിതി യോഗത്തിൽ ഷെയ്ൻ നിഗത്തെയും വിളിച്ചു വരുത്തിയിരുന്നു. ഉല്ലാസത്തിന്റെ ഡബ്ബിങ് ഷെയ്ൻ എത്രയും വേഗം പൂർത്തിയാക്കണമെന്ന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യം അമ്മ നേതൃത്വവും ആവർത്തിച്ചു. 25 ലക്ഷം രൂപ കരാർ ഉറപ്പിച്ച് ആരംഭിച്ച ഉല്ലാസം ഡബ്ബ് ചെയ്യാനായി 20 ലക്ഷം രൂപ കൂടി ഷെയ്ൻ അധികം ആവശ്യപ്പെട്ടതാണു വിവാദമായത്.

 

15 ദിവസത്തിനുള്ളിൽ ഈ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അന്ത്യശാസനം നൽകിയെങ്കിലും ഷെയ്ൻ അതു തള്ളുകയായിരുന്നു. അമ്മ യോഗത്തിലെ തീരുമാനം അനുസരിച്ച് ചെയ്യാമെന്നായിരുന്നു നിലപാട്. അമ്മയും ഡബ്ബ് ചെയ്യാൻ നിർദേശിച്ചതോടെ ഷെയ്ൻ വഴങ്ങുമെങ്കിലും അധിക പ്രതിഫലത്തിന്റെ കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നതു വ്യക്തമല്ല. ഇന്നലെ യോഗ ശേഷം ഷെയ്ൻ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. ഉപേക്ഷിച്ച വെയിൽ സിനിമയുടെ നിർമാതാവ് ജോബി ജോർജും യോഗം നടക്കുന്ന ഹോട്ടലിൽ എത്തിയിരുന്നു.

 

‘ഷെയ്ൻ നിഗം വിഷയത്തിൽ ഒരു ഒത്തുതീർപ്പും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മോഹൻലാൽ പറഞ്ഞതിനെക്കുറിച്ച് അറിയില്ല. അമ്മ യോഗ ശേഷം ഞങ്ങളുമായി ഈ വിഷയം ആരും ചർച്ച ചെയ്തിട്ടില്ല. കരാർ അനുസരിച്ച് ഷെയ്ൻ ആദ്യം ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കട്ടെ. അതിനു േശഷമേ അമ്മയുമായും ചർച്ചയ്ക്കുള്ളൂ.’–എം.രഞ്ജിത്ത്, പ്രസിഡന്റ്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com