മമ്മൂട്ടി വിളിച്ചു; സിസ്റ്റർ ദീപം തെളിച്ചു
Mail This Article
ആലുവ∙ സദസ്സിന്റെ ഇടതു ഭാഗത്ത് ഒതുങ്ങിയിരുന്ന സിസ്റ്റർ ഡോ. ലില്ലിയാൻ തെക്കൂടൻ ഒട്ടും പ്രതീക്ഷിച്ചതല്ല ഇതൊന്നും. ചലച്ചിത്ര താരം മമ്മൂട്ടി വേദിയിലേക്കു ക്ഷണിക്കുക, തന്റെ കൈപിടിച്ചു നിലവിളക്കു കൊളുത്തുക, മടങ്ങുമ്പോൾ അരികിലെത്തി സ്നേഹം പ്രകടിപ്പിക്കുക...ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ സിസ്റ്റർ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മമ്മൂട്ടി അപ്രതീക്ഷിതമായി സിസ്റ്ററെ വേദിയിലേക്കു വിളിച്ചത്.
സമ്മേളനം തുടങ്ങി കുറച്ചു കഴിഞ്ഞാണ് ഉദ്ഘാടകനായ മമ്മൂട്ടി എത്തിയത്. അദ്ദേഹത്തെ സ്വാഗതം ചെയ്ത എസ്ഡിഎഫ്ഐ പ്രസിഡന്റ് സിസ്റ്റർ ഡോ. ബീന മാധവത്ത്, 26 വർഷം മുൻപ് ആരംഭിച്ച സംഘടനയുടെ സ്ഥാപക പ്രസിഡന്റ് സിസ്റ്റർ ഡോ. ലില്ലിയാൻ താഴെ സദസ്സിൽ ഇരിപ്പുണ്ടെന്നു പറഞ്ഞു. അപ്പോൾ സിസ്റ്റർ എഴുന്നേറ്റ് എല്ലാവരെയും വണങ്ങി.
ഇതു ശ്രദ്ധിച്ച മമ്മൂട്ടി വിളക്കു തെളിക്കാൻ സമയമായപ്പോൾ സിസ്റ്ററെ വേദിയിലേക്കു ക്ഷണിക്കുകയായിരുന്നു, തന്നോടൊപ്പം ഉദ്ഘാടനത്തിൽ പങ്കാളിയാകാൻ. തിരിച്ചു പോകുമ്പോൾ സിസ്റ്ററിന്റെ സീറ്റിനടുത്തെത്തി സ്നേഹാന്വേഷണം നടത്താനും മറന്നില്ല.
തന്റെ പ്രാഥമിക വിദ്യാഭ്യാസം ജന്മനാട്ടിൽ കന്യാസ്ത്രീകൾ നടത്തുന്ന എൽപി സ്കൂളിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു വിവേക് നഗറിൽ ഗൈനക്കോളജിസ്റ്റാണ് എൺപത്തൊന്നുകാരിയായ സിസ്റ്റർ ലില്ലിയാൻ. ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശി. ജെഎംജെ സന്യാസിനി സഭാംഗം. ദ് പ്രീസ്റ്റ് എന്ന സിനിമയിൽ കപ്പൂച്ചിൻ വൈദികനായി അഭിനയിക്കുന്ന മമ്മൂട്ടി അതിന്റെ ലൊക്കേഷനിൽ നിന്നാണ് കന്യാസ്ത്രീ ഡോക്ടർമാരുടെ സമ്മേളനത്തിന് എത്തിയത്.