ഞാൻ മുസ്‍ലിം, ഭാര്യ ഹിന്ദു, മക്കൾ ഹിന്ദുസ്ഥാന്‍: കയ്യടി നേടി ഷാരൂഖ്
Mail This Article
മതത്തെക്കുറിച്ച് തങ്ങളുടെ കുടുംബത്തിൽ ചർച്ചകൾ നടക്കാറില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഒരു ഡാൻസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഷാരൂഖ്.
''ഹിന്ദു– മുസ്‍ലിം വ്യത്യാസങ്ങൾ ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. ഞാൻ ഒരു മുസ്‍ലിമാണ്. എന്റെ ഭാര്യ ഹിന്ദുവാണ്. ഞങ്ങളുടെ മക്കൾ ഹിന്ദുസ്ഥാനാണ്. സ്കൂളില്‍ അവർക്ക് മതകോളം പൂരിപ്പിക്കേണ്ടതുണ്ട്. അവിടെ എന്താണ് എഴുതേണ്ടത് എന്ന് എന്റെ മകൾ എന്നോട് ചോദിച്ചു. ഞാൻ ആ കോളത്തിൽ, ഞങ്ങൾക്ക് മതമില്ലെന്നും ഞങ്ങൾ ഇന്ത്യക്കാരാണെന്നും എഴുതി'', ഷാരൂഖ് പറഞ്ഞു.
തങ്ങൾ എല്ലാ മതങ്ങളുടെയും ആഘോഷങ്ങള്‍ നടത്താറുണ്ടെന്നും മക്കളുടെ പേരുകൾ പോലും മതം നോക്കി നൽകിയതല്ലെന്നും ഷാരൂഖ് മുൻപ് പറഞ്ഞിരുന്നു.
തന്റെ സിനിമാ ജീവിതത്തിന്റെ ആദ്യകാലാനുഭവങ്ങളും ഷാരൂഖ് ഓർത്തെടുത്തു. ആദ്യ ശമ്പളം 50 രൂപയായിരുന്നുവെന്ന് ഡാന്‍സ് റിയാലിറ്റി ഷോയുടെ പുതിയ എപ്പിസോഡില്‍ അദ്ദേഹം വെളിപ്പെടുത്തി.
‘ആദ്യ ശമ്പളം 50 രൂപയായിരുന്നു. ഇതുമായി നേരെ താജ്മഹലിലേക്ക് തിരിച്ചു. ട്രെയിന്‍ ടിക്കറ്റ് എടുത്ത ശേഷം ‘പിങ്ക് ലസ്സി’ വാങ്ങാനുള്ള പൈസയേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ലസ്സിയില്‍ തേനീച്ച വീണു. എന്നിട്ടും കളയാന്‍ തോന്നിയില്ല. മുഴുവന്‍ കുടിച്ചുതീര്‍ത്തു. താജ്മഹലില്‍ നിന്നുള്ള മടക്കയാത്രയില്‍ മുഴുവന്‍ ഛര്‍ദിക്കുകയായിരുന്നു’- ഷാറൂഖ് ഖാന്‍ പറഞ്ഞു.