ഷെയ്ൻ ഒരുകോടി തരണമെന്ന് നിർമാതാക്കൾ; ചർച്ച പരാജയം
Mail This Article
ഷെയ്ൻ നിഗം വിവാദവുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ സംഘടനയും ‘അമ്മ’യും തമ്മിലുള്ള ചർച്ച പരാജയം. മുടങ്ങിയ സിനിമകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാകൾ രംഗത്തുവന്നതോടെ കാര്യങ്ങൾ കൈവിട്ടു. ഒരുകോടി രൂപയാണ് നിർമാതാക്കൾ ആവശ്യപ്പെടുന്നത്. ഇതൊരു മോശമായ കീഴ്‌വഴക്കമാണെന്നും അതു നൽകാൻ തയ്യാറല്ലെന്നും അമ്മ സംഘടനകൾ അറിയിച്ചു.
ഇടയ്ക്കുവച്ചു മുടങ്ങിപ്പോയ സിനിമകളായ ഖുര്‍ബാനി, വെയിൽ എന്നീ സിനിമകളുടെ നഷ്ടങ്ങള്‍ക്കുള്ള പരിഹാരമായാണ് ഒരുകോടി രൂപ നിർമാതാക്കൾ ആവശ്യപ്പെടുന്നത്. നിർമാതാക്കളെ സംബന്ധിച്ച് ഇതൊരു ചെറിയ തുകയാണെങ്കിൽ അഭിനേതാക്കള്‍ക്ക് ഇതൊരു വലിയ തുകയാണെന്ന് ബാബുരാജ് പറഞ്ഞു.
‘ഷെയ്ൻ നിഗത്തിന് ഇനിയും നിര്‍മാതാക്കളുടെ കൈയ്യിൽ നിന്ന് പൈസ ലഭിക്കാനുണ്ട്. സിനിമ പൂർത്തിയാക്കി കഴിഞ്ഞതിനു ശേഷം മതി മുഴുവൻ പ്രതിഫലം കൊടുക്കുക എന്ന ഉറപ്പുവരെ നിര്‍മാതാക്കൾക്കു കൊടുത്തിരുന്നു. എന്നാൽ അവർ ഇപ്പോൾ പറയുന്നത് നടക്കാത്ത കാര്യമാണ്. വേറെ എത്രയോ സിനിമകൾ നിന്നുപോകുന്നു, ആ സിനിമയിൽ അഭിനയിച്ചവരൊക്കെ അടുത്ത സിനിമകളും ചെയ്യുന്നു. ഷെയ്നിന്റെ കാര്യത്തിൽ മാത്രം എന്താണ് ഇങ്ങനെ. ഇക്കാര്യത്തിൽ ഇനി വീണ്ടും ‘അമ്മ’ സംഘടന ചർച്ച നടത്തും.’–ഇടവേള ബാബു പറഞ്ഞു.