‘ചേട്ടാ ഒരു ഫോട്ടോ എടുക്കാമോ’; സുരാജിനെ പറ്റിച്ച ആരാധകൻ
Mail This Article
എത്ര തിരക്കുകൾക്കിടയിലും ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുന്ന താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. അങ്ങനെയൊരു ആരാധകൻ സുരാജിനെ നന്നായി പറ്റിച്ചിട്ടുമുണ്ട്.
പാലക്കാട് ഒരു ഹോട്ടലില്‍ നടന്‍ താമസിക്കുമ്പോഴാണ് സംഭവം. ‘ദിവസേന എന്നെ കാണാന്‍ ഒട്ടേറെ ആരാധകര്‍ അവിടെ വരുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യും. അങ്ങനെയൊരു ദിവസം എന്റെ കഥാപാത്രത്തിന്റെ ഫോട്ടോയൊക്കെ വരച്ചു ഒരാരാധകൻ റിസപ്ഷനിലേല്‍പ്പിച്ചു. ഷൂട്ട് കഴിഞ്ഞ് ഞാൻ തിരികെ വരുമ്പോൾ കയ്യില്‍ കൊടുക്കണമെന്ന് അവരെ പറഞ്ഞേൽപിച്ചു. വിരോധമില്ലെങ്കില്‍ ഒന്ന് കാണാന്‍ അവസരം തരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.’
‘അങ്ങനെ അയാള്‍ വരച്ച ദശമൂലം ദാമു എന്ന കഥാപാത്രത്തിന്റെ ഫോട്ടോകള്‍ കണ്ട് ഞാനയാളെ വിളിപ്പിച്ചു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം എന്നോടൊരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു. സെൽഫിയെടുക്കാനാവും എന്ന് കരുതി ഫോട്ടോ എടുക്കാനൊരുങ്ങിയ ഞാൻ, അയാൾ പറഞ്ഞതുകേട്ട് സത്യത്തിൽ ഞെട്ടി. എനിക്കൊപ്പം നിന്ന് അയാൾക്ക് ഫോട്ടോ എടുക്കണ്ട, അയാളുടെ ഒരു ഫോട്ടോ ഞാൻ എടുത്തു കൊടുത്താല്‍ മതിയത്രെ.’
‘ഈ ഫോട്ടോ എടുത്തത് സുരാജ് വെഞ്ഞാറമൂടാണ് എന്ന് പറഞ്ഞു സോഷ്യല്‍മീഡിയയില്‍ ഇടുക എന്നതാണ് പുള്ളിയുടെ ആഗ്രഹം. ആഗ്രഹപ്രകാരം ഞാൻ ഫോട്ടോ എടുത്തുകൊടുത്തു.’–സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. സംഭവം ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ആരാധകന്‍ തന്ന രസകരമായ പണി താനേറെ ആസ്വദിച്ചുവെന്നും താരം പറയുന്നു.