ADVERTISEMENT

ദുൽഖർ സൽമാൻ ഫോണിൽ അനൂപ് സത്യനുമായി സിനിമയെക്കുറിച്ചു കയർത്തു സംസാരിക്കുകയാണ്. ഏറെ നേരമായി ഇതു തുടരുന്നു. രണ്ടു പേരും നല്ല ചൂടിലാണ്. പുറത്തുനിന്നു വീട്ടിലേക്കു വന്ന ഉമ്മ സുൽഫത്ത് കുറച്ചുനേരം കാത്തിരുന്നു. സംസാരം അവസാനിച്ചപ്പോൾ അടുത്തു വന്നു പറഞ്ഞു, ‘അനൂപുമായാണു വഴക്കിട്ടെങ്കിൽ നീ അവനെ കണ്ടു സോറി പറയണം. ’ നടക്കില്ലെന്നു ദുൽഖർ ഉറപ്പിച്ചു പറഞ്ഞു. ഉമ്മ പിരിമുറുക്കത്തോടെ തിരിച്ചുപോയി. അന്നു ദുൽഖർ മനസ്സിലാക്കി വളർന്നാലും കുട്ടികൾ വഴക്കിടുന്നതു ഉമ്മയെ വേദനിപ്പിക്കുന്നുവെന്ന്. കാരണം, അനൂപിന്റെ കുടുംബം മമ്മൂട്ടിക്ക് അത്രയേറെ പ്രിയപ്പെട്ട കുടുംബങ്ങളിലൊന്നാണ്.

 

anoop-dulquer

മമ്മൂട്ടിയും സത്യൻ അന്തിക്കാടും പ്രിയദർശനും. 40 വർഷത്തിനു ശേഷവും ഈ മൂന്നു കുടുംബങ്ങളും വന്ന വഴി മറന്നിട്ടില്ല. ഇന്നും സിനിമയ്ക്കു അപ്പുറത്തുള്ള ലോകത്തിൽ അവർ പരസ്പരം ബഹുമാനിച്ചു സ്നേഹപൂർവം ജീവിക്കുന്നു. ഇളനീർപോലെ തെളിഞ്ഞ മധുരവുമുള്ള ബന്ധം. നിങ്ങളതു ചെയ്യരുതെന്നു പരസ്പരം പറയാൻ കെൽപ്പുള്ള ബന്ധം. അവരുടെ മക്കൾ അപ്രതീക്ഷിതമായി ഒരുമിച്ചൊരു സിനിമയിലെത്തി. മൂന്നുപേരും ചെയ്യുന്ന ജോലി വിട്ടുവന്നു സിനിമയിലേക്കു പോകുന്നുവെന്നു പറഞ്ഞു രക്ഷിതാക്കളെ അമ്പരപ്പിച്ചവർ. മക്കൾ ഒരിക്കലും സിനിമയിലെത്തുമെന്നു പ്രതീക്ഷിക്കാത്ത 3 രക്ഷിതാക്കൾ. ഒന്നും പരസ്പരം പ്രതീക്ഷിക്കാതെ നല്ലതുമാത്രം പങ്കിട്ടു ജീവിച്ചവരുടെ കുട്ടികൾ 60 ദിവസത്തെ ഷൂട്ടിൽ തിരിച്ചറിഞ്ഞു, നമ്മൾ കൂടേണ്ടവർതന്നെയാണെന്ന്. അവരുടെ രക്തത്തിലും അവർപോലുമറിയാതെ ആ സ്നേഹം കലർന്നിട്ടുണ്ടായിരുന്നു.

 

anoop-kalyani-priyadarshan

അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ നിർമിച്ചുകൊണ്ടു ദുൽഖർ നിർമാതാവുകയാണ്.കല്യാണിയുടെ ആദ്യ മലയാള സിനിമ. ഷൂട്ടിങ്ങിനു ശേഷം മൂന്നു കുട്ടികളും ഒരുമിച്ചിരുന്ന കുറച്ചു സമയത്തിൽനിന്ന്.

 

ദുൽഖർ∙ കല്യാണിയെ ഞാൻ പരിചയപ്പെടുന്നത് ഈ സിനിമയുടെ സെറ്റിലാണ്. ഇതെങ്ങിനെ ഇത്ര വൈകി എന്നെനിക്കറിയില്ല. അപ്പുവിനെയും മായയെയും(മോഹൻലാലിന്റെ മക്കൾ) എല്ലാം എനിക്കു നന്നായി അറിയാം. പ്രിയനങ്കിളുമായും നല്ല ബന്ധമുണ്ടായിരുന്നു. പക്ഷേ കല്യാണിയെ എവിടെയോ വച്ചു ഞാൻ വിട്ടുപോയി. ഞങ്ങൾ രണ്ടുപേരും വീട്ടുകാർക്കൊപ്പം പങ്കെടുത്ത എത്രയോ ചടങ്ങുകളുണ്ടായിരുന്നു. അവിടെയൊന്നും കല്യാണിയെ പരിചയപ്പെട്ടില്ല. ചിലപ്പോൾ പരസ്പരം കണ്ടു കാണും.

dulquer-anoop-s

 

കല്യാണി∙ വലിയ നടനായ ശേഷം എവിടെയെങ്കിലും വച്ചു കണ്ടതുപോലും എനിക്കോർമ്മയില്ല. അതിനു മുൻപു കല്യാണത്തിനോ മറ്റോ കണ്ടിട്ടുണ്ടായിരുന്നു. ‘അവസാനം നമ്മൾ കണ്ടു’ എന്നു പറഞ്ഞു ദുൽഖർ സെറ്റിൽവച്ചു അടുത്തു വന്നപ്പോഴാണു ഞാനാദ്യം അടുത്തു കാണുന്നത്. ദുൽഖറിന്റെ സിനിമകൾ ഞാൻ എല്ലാം കണ്ടിട്ടുണ്ട്. എനിക്കു നല്ല ഇഷ്ടമുള്ള നടനാണ്.

 

ദുൽഖർ∙ താങ്ക്‌യൂ, താങ്ക്‌യൂ......എന്റെ ഭാര്യയെ കല്യാണിക്കറിയാം. ധാരാളം പൊതു സുഹൃത്തുക്കളുണ്ട്. അവർ പരസ്പരം സംസാരിക്കാറുണ്ട്. എന്നാൽ കല്യാണിമാത്രം ഒളിച്ചുനിന്നതുപോലെയായി. കുട്ടികൾ അങ്ങിനെ ഒളിച്ചു കളിക്കാറുണ്ടല്ലോ. കല്യാണി എന്നു വിളിക്കുന്നതുപോലും എന്തോപോലെ. അമ്മു എന്നാണു പറഞ്ഞു ശീലിച്ചത്.

 

kalyani-priyadarshan-anoop

കല്യാണി∙ ദുൽഖറും അനൂപും ഉള്ളതുകൊണ്ടാണ് എനിക്കു സിനിമ മനസമാധാനത്തോടെ തീർ‌ക്കാൻ പറ്റിയത്. അവരെന്നെ നന്നായി സഹായിച്ചു. അവരെപ്പോലെ സഹായിക്കാനാളില്ലായിരുന്നുവെങ്കിൽ ഞാൻ ടെൻഷനടിച്ചു ഓടിപ്പോയെനെ. ഞാൻ അഭിനയിച്ച തെലുങ്കു സിനിമയുടെ നേരെ ഓപ്പോസിറ്റായിരുന്നു ഇവിടെ.

 

ദുൽഖർ∙ ആദ്യം അഭിനയിക്കുന്ന ആർക്കും തോന്നും ഞാനൊഴികെ എല്ലാവരും നന്നായി ചെയ്യുന്നുവെന്ന്. അതു വല്ലാത്തൊരു ടെൻഷനാണ്.ആദ്യ രണ്ടോ മൂന്നോ ദിവസം കല്യാണിയുടെ മുഖത്തതു ഞാൻ കണ്ടു. ‘സാരമില്ലെടോ, താൻ നന്നായി ചെയ്യുന്നുണ്ട്’ എന്നു പറയുക മാത്രമാണു ചെയ്തത്. സത്യത്തിൽ അതുപോലും വലിയ ധൈര്യം തരും. കല്യാണി ഈ സിനിമയിൽ നന്നായി അഭിനയിച്ചിട്ടുണ്ട്. ഇതു ഈ പെൺകുട്ടിയുടെ കഥാപാത്രത്തിൽനിന്നുണ്ടായ സിനിമയാണ്.

 

anoop-kalyani

അനൂപ്∙ കല്യാണി വന്നതു അദ്ഭുതംപോലെയാണ്. നസ്റിയ ചെയ്യേണ്ട കഥാപാത്രമായിരുന്നു. എന്നാൽ അവസാന നിമിഷം ചെറിയൊരു കൺഫ്യൂഷൻ വന്നു. കല്യാണിയെക്കുറിച്ചാലോചിക്കുന്നതു തിങ്കളാഴ്ചയാണ്. ബുധനാഴ്ച രാവിലെ കല്യാണിയെ തീരുമാനിച്ചു. തെലുങ്കിലെ വലിയ നടിയായ കല്യാണി വരുമെന്നു വലിയ പ്രതീക്ഷ ഇല്ലായിരുന്നു.

 

കല്യാണി∙ ഇത് എന്നെത്തേടിവന്ന കഥാപാത്രമാണ്. അവസാന നിമിഷം അനു എന്നെത്തേടി വരികയായിരുന്നു. കഥ പറഞ്ഞു പകുതിയായപ്പോഴെ ഞാൻ മനസ്സുകൊണ്ടു ഇതു ചെയ്യാൻ തീരുമാനിച്ചു. കഥ കേൾക്കുമ്പോഴെ കണ്ണു നിറഞ്ഞുവെന്നു തോന്നുന്നു. എവിടെയൊക്കെയോ ഞാൻ കടന്നുവന്ന വഴിപോലെ തോന്നി.

suresh-gopi-anoop-shoot

 

varane-avashyamund-still

ദുൽഖർ∙ എന്നെയും തേടി വന്ന കഥാപാത്രമാണിത്.. അല്ലെങ്കിൽ ഞാൻ തേടി പിടിച്ച കഥാപാത്രം. വിക്രമാദിത്യനിൽ ഞാൻ അഭിനയിക്കുമ്പോൾ ലാൽ ജോസിന്റെ സഹ സംവിധായകനാണ് അനു. അന്നുതന്നെ നമുക്ക് അവന്റെയൊരു സ്പാർക്ക് ഫീൽ ചെയ്യുമായിരുന്നു. സ്വന്തം സിനിമ ആലോചിക്കുമ്പോൾ എന്നോടു കൂടി കഥ പറയണമെന്നു അന്നുതന്നെ ഞാൻ പറയാറുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ആലോചിക്കുകയും ചെയ്തു. പക്ഷേ അത് എവിടെയുമെത്തിയില്ല. പിന്നെയാണ് അനു ഈ കഥ കണ്ടെത്തിയത്. എന്നോടു കഥ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു ഞാനിതു നിർമിക്കട്ടെ എന്ന്. ഈ കഥാപാത്രവും എനിക്കിഷ്ടമായി. അതു ഞാൻ ചെയ്യട്ടെ എന്നും ചോദിച്ചു. പിന്നെയാണ് ആ കഥാപാത്രം വലുതായത്. വലുതായില്ലെങ്കിലും ഞാനതു ചെയ്യാൻ തീരുമാനിച്ചതാണ്. വല്ലാത്ത അടുപ്പംതോന്നിയ കഥാപാത്രമാണത്.

 

അനൂപ്∙ വിക്രമാദിത്യനിൽ ക്ളാപ് ബോയ് ഇല്ലാത്തതിനാൽ ഞാനായിരുന്നു ക്ളാപ് ബോയ്. ആരുടെ മകനാണന്നു ഞാൻ പറഞ്ഞിരുന്നില്ല. ഒരിക്കൽ എന്തോ സജഷൻ പറഞ്ഞപ്പോൾ ദുൽഖറിന് ഇഷ്ടമായി. പിന്നീടു ഇടയ്ക്കിടെ സീനും മറ്റും ചോദിക്കും. മനസ്സുകൊണ്ടൊരു അടുപ്പമായി. രണ്ടാഴ്ച കഴിഞ്ഞ് നേരെ എന്റെ അടുത്തുവന്നു ചോദിച്ചു, ‘നീ സത്യനങ്കിളിന്റെ മകനാണല്ലെ. എന്താടോ അതു പറയാത്തത്’. അതു പറയുമ്പോൾ കിട്ടിയൊരു അടുപ്പും വലുതായിരുന്നു.

 

കല്യാണി∙ എനിക്കും എന്റെ കഥാപാത്രവുമായി അടുപ്പം തോന്നിയിട്ടുണ്ട്. അമ്മയും മകളും തമ്മിലുള്ള പിണക്കവും സ്നേഹവുമാണ് പറയുന്നത്. ഞാനും അമ്മയും തമ്മിലുള്ള സംസാരത്തിലെ അതേ വാക്കുകൾപോലും അനു എഴുതിയിരിക്കുന്നു. ഇതെങ്ങനെ അനു അറിഞ്ഞു എന്നു നമുക്കു തോന്നും.

 

ദുൽഖർ∙   പല സീനുകളും നമ്മുടെ വീട്ടിലെ സീനല്ലെ എന്നു തോന്നും. സിനിമയ്ക്കിടയിൽ ഞാനും അനുവും തമ്മിൽ പല തവണ ഉടക്കി. ചില സമയത്തു സംസാരിക്കാതിരുന്നു. വീട്ടിൽവച്ചു ഫോണിൽ അനുവുമായി ഉടക്കി ചീത്ത പറയുമ്പോൾ ഉമ്മച്ചി ചോദിച്ചു, എന്താണ് പ്രശ്നമെന്ന്. തമ്മിൽതല്ലാതെ  പോയി അനുവിനോടു  സോറി പറയടാ എന്നു പറഞ്ഞു. അതിനു എന്നെക്കിട്ടില്ലെന്നു ഞാനും പറഞ്ഞു. അനുവുമായി ഉടക്കുമ്പോൾ ഉമ്മച്ചിക്കു വല്ലാത്ത പ്രയാസമായിരുന്നു. 

 

ഉടക്കുന്നതു സംവിധായകനുമായല്ല, വളരെ വേണ്ടപ്പെട്ട ഒരു വീട്ടിലെ കുട്ടിയുമായാണ്. അവർക്കെല്ലാം പരസ്പരം അത്രയേറെ ഇഷ്ടമാണ്. വീട്ടിൽ വരുമ്പോൾ എന്റെ മോൾ മറിയത്തിനു അവൻ അവിടെ കിട്ടിയ കടലാസിൽ വരച്ച ഒരു പൂച്ചയുടെ ചിത്രമോ മറ്റോ സമ്മാനമായി നൽകും. മറിയം അത് എടുത്തുവച്ചിട്ടുണ്ട്.   നമുക്ക് വല്ലാത്തൊരു കംഫർട്ട് തോന്നും. നമ്മുടെ വീട്ടിൽ പോകുന്നതുപോലെ സന്തോഷമായാണു സെറ്റിലേക്ക് ഓരോ ദിവസവും പോകുക.

 

കല്യാണി∙ അച്ഛന്റെ (സംവിധായകൻ പ്രിയദർശൻ) ഏറ്റവും വലിയ ആഗ്രഹം ഞാൻ സത്യൻ അങ്കിളിന്റെ സിനിമയിലൂടെ മലയാളത്തിലേക്കു വരണം എന്നായിരുന്നു. സത്യൻ അങ്കിൾ നല്ല ഗുരുവായിരിക്കുമെന്നു അച്ഛൻ പറയുമായിരുന്നു.അച്ഛൻ ഇതുപോലെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഒരാളെക്കുറിച്ചും സംസാരിക്കാറില്ല. അവസാനം സത്യൻ അങ്കിളിന്റെ മകൻ എന്നെ അന്വേഷിച്ചു വന്നപ്പോൾ അച്ഛൻ പറഞ്ഞു ഇതാണ് ദൈവനിശ്ചയമെന്ന്. സത്യനങ്കിളിന്റെ മകനെന്നു കേട്ടപ്പോൾ അമ്മയ്ക്കും സന്തോഷമായി. ഞങ്ങളുടെ വീട്ടിലെ സിനിമ എന്ന നിലയിലാണ് അമ്മ ഇതിനെ കണ്ടത്.

 

ദുൽഖർ∙ എവിടെയോ കണക്റ്റഡ് ആയ ചിലർ ഒരുമിച്ച സിനിമായി തോന്നി. അതിന്റെ സുഖം സിനിമയിലും കാണാം.

 

അനൂപ്∙ ശരിയാണ്. ദുൽഖറിനുവേണ്ടി ഞാൻ ഒന്നര വർഷത്തോളം കഥ അന്വേഷിച്ചു. അവസാനം ദുൽഖർ ഇല്ലാത്ത സിനിമ ചെയ്യാൻ തീരുമാനിച്ചു. കഥ കേട്ട ശേഷം ദുൽഖർ എന്നെ വിളിച്ചു ഈ വേഷം ചെയ്യണമെന്നു ആഗ്രഹം പ്രകടിപ്പിച്ചു. സത്യത്തിൽ അത് അപ്രതീക്ഷിതമായിരുന്നു. ദുൽഖറും ഞാനും തമ്മിൽ നല്ല ബന്ധമുണ്ടെങ്കിലും ദുൽഖർ സ്റ്റാറാണ്. അതെല്ലാം മാറ്റിവച്ചു സ്റ്റാറല്ലാത്ത വെറും അഭിനേതാവുമാത്രമായ ദുൽഖറാണ് ഈ സിനിമയിലേക്കു വന്നത്. അതാണു സത്യത്തിൽ ഈ സിനിമയുടെ ആദ്യ മാജിക് മൊമന്റ്. ഇതൊരു നല്ല സിനിമയാണെന്നു ഒരാൾ തിരിച്ചറിഞ്ഞ നിമിഷം.

 

കല്യാണി∙ കണക്റ്റിവിറ്റി എനിക്കും തോന്നിയിട്ടുണ്ട്. ലളിതാന്റിയെപ്പോലെ ഒരാളുടെ കൂടെ അഭിനയിക്കുമ്പോൾ പേടിച്ചു പോകും. അത്രയും നാച്വറലായാണ് ചെയ്യുന്നത്. നമ്മൾ എന്തു ചെയ്താലും അവർക്കു മുന്നിൽ പിടിച്ചു നിൽക്കാനാകില്ല. ഒരു ദിവസം ഞാൻ വീട്ടിൽപ്പോയി പറഞ്ഞു, അച്ഛാ എനിക്കു ശോഭന മാമിനെ ചില സമയത്തു സ്വന്തം അമ്മയായി തോന്നി എന്ന്. എന്റെ അമ്മ തരുന്ന അതേ കരുതലാണ് അവർ എനിക്കു കഥാപാത്രമായും സെറ്റിലും തന്നത്. എത്രയോ സമയത്തു ഞാൻ അറിയാതെ മകളായിപ്പോയി.

 

അമ്മ കൂടെ നിൽക്കുന്നതുപോലെ. സിനിമയാണെന്നുപോലും മറന്നുപോയി. അത്രയും നാച്വറലാണ് ശോഭന മാം. ഇത്തരം ബന്ധമുള്ളവരുടെ കൂടെ അഭിനിയിച്ചുകൊണ്ടു മലയാളത്തിലേക്കു വരാനായതു എന്റെ ഭാഗ്യമാണ്.ശോഭന മാം എന്നെ ചേർത്തു നിർത്തുമ്പോൾ എനിക്കുതോന്നി ശരിക്കുള്ള അമ്മയ്ക്കു മാത്രമെ ഇതുപോലെ ചേർത്തു നിർത്താനാകൂ എന്ന്. എന്റെ അമ്മ എനിക്കുതന്ന അതേ നല്ല നിമിഷങ്ങൾ. അപ്പോൾ നമ്മളും അറിയാതെ നന്നായി അഭിനയിച്ചുപോകും.

 

അനൂപ്∙ ഇതിൽ ദുൽഖറും കല്യാണിയും മാത്രമായി രാത്രി ടെറസിലുള്ള ഒരു സീനുണ്ട്. അതു ഷൂട്ടു ചെയ്ത ശേഷം ക്യാമറാമാൻ കണ്ണീരുവീണു നനഞ്ഞ കണ്ണട തുടയ്ക്കുന്നതു ഞാൻ കണ്ടു. ഇതുവരെ കാണാത്ത ദുൽഖറിനെയാണു ആ നിമിഷം ഞാൻ കണ്ടത്. സൗണ്ട് ലൈവായി അതേ സമയത്തു പിടിച്ചെടുക്കാത്തതിൽ എനിക്കു സങ്കടം തോന്നി. അത്രയേറെ അദ്ഭുതമായിരുന്നു ദുൽഖർ കാണിച്ചുതന്നത്.

 

ദുൽഖർ∙ അടുപ്പമുള്ളവർ പറഞ്ഞുതരുമ്പോൾ മനസ്സിലതു നിറഞ്ഞുനിൽക്കും.

 

അനൂപ്∙ ഷൂട്ട് ചെയ്തു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ദുൽഖർ പറഞ്ഞു ഈ സിനിമയിലുള്ളതുപോലുള്ള ഫ്ളാറ്റിൽ വന്നു താമസിക്കാൻ തോന്നുവെന്നുവെന്ന്. അത്രയേറെ സ്നേഹമുള്ള എന്തോ മാജിക്ക് ഞങ്ങൾക്കെല്ലാം ഇടയിലുണ്ടായി എന്നുറപ്പാണ്. കൂടെ അഭിനയിച്ച ശോഭന, സുരേഷ് ഗോപി എന്നിവർക്കെല്ലാം അതിൽ പങ്കുണ്ട്. ഇത്ര വലിയ മനുഷ്യർ ഇതുപോലെ അലിഞ്ഞില്ലാതാകുന്നതുപോലെ പെരുമാറുമോ എന്നു തോന്നിപ്പോകും. സുരേഷ് ചേട്ടൻ പോകുമ്പോൾ കെട്ടിപ്പിടിച്ചു പുറത്തു പതുക്കെ തട്ടിയപ്പോൾ മനസ്സിൽ എവിടെയോ എന്തോ കൊളുത്തിയതുപോലെ തോന്നി.

 

ചെന്നൈയിൽ മഴ പെയ്യുകയാണ്. ചുവന്ന നിറമുള്ള വലിയൊരു കുടയിലേക്കു മൂന്നു പേരും കയറി നിന്നു. തോളോടു തോൾ ചേർന്ന്. കുട്ടികൾ വലുതായിരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com