ശോഭന മാമിനെ ചില സമയത്തു സ്വന്തം അമ്മയായി തോന്നി: കല്യാണി പ്രിയദർശൻ
Mail This Article
ശോഭനയെ ചില സമയത്തു സ്വന്തം അമ്മയായി തോന്നിയിട്ടുണ്ടെന്ന് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഈ അപൂർവ നിമിഷങ്ങൾ സംഭവിച്ചതെന്നു നടി പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിശേഷങ്ങളുമായി മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്യാണി.
കല്യാണി∙ കണക്റ്റിവിറ്റി എനിക്കും തോന്നിയിട്ടുണ്ട്. ലളിതാന്റിയെപ്പോലെ ഒരാളുടെ കൂടെ അഭിനയിക്കുമ്പോൾ പേടിച്ചു പോകും. അത്രയും നാച്വറലായാണ് ചെയ്യുന്നത്. നമ്മൾ എന്തു ചെയ്താലും അവർക്കു മുന്നിൽ പിടിച്ചു നിൽക്കാനാകില്ല. ഒരു ദിവസം ഞാൻ വീട്ടിൽപ്പോയി പറഞ്ഞു, അച്ഛാ എനിക്കു ശോഭന മാമിനെ ചില സമയത്തു സ്വന്തം അമ്മയായി തോന്നി എന്ന്. എന്റെ അമ്മ തരുന്ന അതേ കരുതലാണ് അവർ എനിക്കു കഥാപാത്രമായും സെറ്റിലും തന്നത്. എത്രയോ സമയത്തു ഞാൻ അറിയാതെ മകളായിപ്പോയി.
അമ്മ കൂടെ നിൽക്കുന്നതുപോലെ. സിനിമയാണെന്നുപോലും മറന്നുപോയി. അത്രയും നാച്വറലാണ് ശോഭന മാം. ഇത്തരം ബന്ധമുള്ളവരുടെ കൂടെ അഭിനിയിച്ചുകൊണ്ടു മലയാളത്തിലേക്കു വരാനായതു എന്റെ ഭാഗ്യമാണ്.ശോഭന മാം എന്നെ ചേർത്തു നിർത്തുമ്പോൾ എനിക്കുതോന്നി ശരിക്കുള്ള അമ്മയ്ക്കു മാത്രമെ ഇതുപോലെ ചേർത്തു നിർത്താനാകൂ എന്ന്. എന്റെ അമ്മ എനിക്കുതന്ന അതേ നല്ല നിമിഷങ്ങൾ. അപ്പോൾ നമ്മളും അറിയാതെ നന്നായി അഭിനയിച്ചുപോകും.
അച്ഛന്റെ (സംവിധായകൻ പ്രിയദർശൻ) ഏറ്റവും വലിയ ആഗ്രഹം ഞാൻ സത്യൻ അങ്കിളിന്റെ സിനിമയിലൂടെ മലയാളത്തിലേക്കു വരണം എന്നായിരുന്നു. സത്യൻ അങ്കിൾ നല്ല ഗുരുവായിരിക്കുമെന്നു അച്ഛൻ പറയുമായിരുന്നു.അച്ഛൻ ഇതുപോലെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഒരാളെക്കുറിച്ചും സംസാരിക്കാറില്ല. അവസാനം സത്യൻ അങ്കിളിന്റെ മകൻ എന്നെ അന്വേഷിച്ചു വന്നപ്പോൾ അച്ഛൻ പറഞ്ഞു ഇതാണ് ദൈവനിശ്ചയമെന്ന്. സത്യനങ്കിളിന്റെ മകനെന്നു കേട്ടപ്പോൾ അമ്മയ്ക്കും സന്തോഷമായി. ഞങ്ങളുടെ വീട്ടിലെ സിനിമ എന്ന നിലയിലാണ് അമ്മ ഇതിനെ കണ്ടത്.’–കല്യാണി പറഞ്ഞു.